അഞ്ചാം മന്ത്രിക്ക് ഒപ്പം ഇത്തവണ ലീഗിന്റെ ഉപമുഖ്യമന്ത്രി പദവികൂടിയുണ്ടാവുമോ? അതിന് ലീഗിന് യോഗ്യതയുണ്ടെന്ന് അബ്ദുറബ്ബ്; സാമുദായി ധ്രുവീകരണം ഒഴിവാക്കാന്‍ പരസ്യമായ നിലപാട് പറയില്ല; എല്ലാം ജയിച്ചതിനു ശേഷം മാത്രം; കേരളം ഭരിക്കാനായി ലീഗില്‍ നിശബ്ദ പടയൊരുക്കം!
കോഴിക്കോട്: യുഡിഎഫ് അധികാരത്തില്‍വന്നാല്‍ മുസ്ലീം ലീഗിന്റെ ഭരണമാവും ഉണ്ടാവുക എന്ന്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശനെപ്പോലുള്ളവര്‍ ആവര്‍ത്തിക്കുന്നതിനിടെ, അഞ്ചാംമന്ത്രി സ്ഥാനാമോ ഉപമുഖ്യമന്ത്രി സ്ഥാനമോ നേടിയെടുക്കാന്‍ മുസ്ലീം ലീഗില്‍ നിശബ്ദ പടയൊരുക്കം. യുഡിഎഫിന്റെ തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനുശേഷം പാര്‍ട്ടിയില്‍ ഈ ചര്‍ച്ച നടക്കുന്നുണ്ട്.
മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി എം എ സലാം അടക്കമുള്ളവര്‍ കൂടുതല്‍ എംഎല്‍എ സ്ഥാനവും മന്ത്രിസ്ഥാനവും അവകാശപ്പെടാനുള്ള അര്‍ഹത ലീഗിനുണ്ടെന്ന് പരസ്യമായി പറയുന്നവരാണ്. മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയാവട്ടെ ഒരു പടികൂടി കടന്ന്, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മുസ്ലീം സമുദായത്തിന് നഷ്ടപ്പെട്ട മുഴുവന്‍ ആനുകൂല്യങ്ങളും ഇനി ഭരണം കിട്ടിയാല്‍ തിരിച്ചുപിടിക്കണമെന്നും പരസ്യമായി പറഞ്ഞു കഴിഞ്ഞു. അതിനിടയിലാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ വരുന്നത്.
ലീഗിന്റെ ഉപമുഖ്യമന്ത്രിയുണ്ടാവുമോ?
മുമ്പ് സി എച്ച് മുഹമ്മദ് കോയയും, അവുക്കാദര്‍കുട്ടി നഹയുമൊക്കെ കേരളത്തിന്റെ ഉപമുഖ്യമന്ത്രിമാര്‍ അയിരുന്നു. മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് കൈയാളുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് കൊടുത്തിരുന്നു. ലീഗിന് ഇപ്പോഴും ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹയുണ്ടെന്നാണ് മുതിര്‍ന്ന നേതാവും, മൂന്‍ വിദ്യാഭ്യാസ മന്ത്രിയും, അവുക്കാദര്‍ കുട്ടിനഹയുടെ മകനുമായ പി കെ അബ്ദുറബ് പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അബ്ദുറബ്ബ് ഇങ്ങനെ പറയുന്നു-''അത് ( ഉപമുഖ്യമന്ത്രി സ്ഥാനം) ഒരോ സാഹചര്യത്തിലുള്ള മുന്നണികളുടെ സീറ്റുകളും അതില്‍ വരുന്ന മുന്നണികളുടെ ഒന്നാം കക്ഷി, രണ്ടാം കക്ഷി തുടങ്ങി അതിന്റെ ഭാഗമായിട്ടൊക്കെ വരുന്നതാണ്. ആദ്യം വന്നത് ആര്‍. ശങ്കര്‍ ഉള്ളപ്പോഴാണ്.പിന്നീട് സി.എച്ച് മുഹമ്മദ് കോയ ആയി. കരുണാകരനും സി.എച്ചും മുഖ്യമന്ത്രി ആയിരുന്ന ആളുകളാണ്. ഇതില്‍ സി.എച്ച് മരിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് പിതാവിന് വരേണ്ടി വന്നതാണ്. പാര്‍ട്ടിയുടെ ശക്തിയും പിന്നെ മുന്നണിയുടെ ഒരു നയത്തിന്റെ ഒക്കെ ഭാഗമായിട്ടാണല്ലോ അങ്ങനെ ഒരു സ്ഥാനം വരേണ്ടത്. ഒരു രണ്ടാം പാര്‍ട്ടി എന്ന നിലയിലും മുന്നണിയിലെ പ്രബല ശക്തി എന്ന നിലയിലും തീര്‍ച്ചയായും ഉപമുഖ്യമന്ത്രി സ്ഥാനം എന്നത് ലീഗ് അര്‍ഹിക്കുന്ന സ്ഥാനമാണ്''- അബ്ദുറബ്ബ് പറയുന്നു.
ഇത് അബ്ദുറബ്ബിന്റെ ഒറ്റപ്പെട്ട അഭിപ്രായമല്ല. മുസ്ലീംലീഗിന്റെ സഹായമില്ലെങ്കില്‍ കോണ്‍ഗ്രസിന് നിലം തൊടാന്‍ ആവില്ലെന്നും, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിനേക്കാള്‍ വളര്‍ന്നത് ലീഗ് ആണെന്നും അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇത്തവണ 5 എംഎല്‍എ സീറ്റുകളെങ്കിലും കൂടുതല്‍ ചോദിക്കണമെന്നും, 2 എണ്ണമെങ്കിലും നിര്‍ബന്ധമായി വാങ്ങിയെടുക്കണമെന്നും ലീഗിനുള്ളില്‍ തന്നെ അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍ ലീഗിന്റെ ഭരണമാണ് വരാന്‍പോകുന്നത് എന്ന കാമ്പയിന്‍ എതിര്‍ഭാഗത്തുള്ളതുകൊണ്ട്, ഏതാനും സീറ്റുകള്‍ വെച്ചുമാറാമെന്ന നിലയിലേക്കാണ് ലീഗ് എത്തിയത്.
ലീഗിന്റെ സമ്മര്‍ദം ഉണ്ട് എന്ന് വാര്‍ത്തകള്‍ വന്നാല്‍ മറുഭാഗത്ത് ഹിന്ദു- ക്രിസ്ത്യന്‍ കണ്‍സോളിഡേഷന്‍ യുഡിഎഫിന് എതിരായി ഉണ്ടാവുമെന്ന് പാര്‍ട്ടി ഭയക്കുന്നുണ്ട്. അതുകൊണ്ട് വിജയിച്ചുകഴിഞ്ഞാല്‍, ഉപമുഖ്യമന്ത്രിസ്ഥാനമോ, അഞ്ചാംമന്ത്രി സ്ഥാനമോ നേടിയെടുക്കുക എന്നതായിരിക്കും ലീഗിന്റെ തന്ത്രം. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍, വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ പ്രധാന വകുപ്പുകളൊക്കെ സിപിഎമ്മിന്റെ കൈയിലാണ് ഉണ്ടാവുക. എന്നാല്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ ഈ പ്രധാന വകുപ്പുകളൊക്കെ ലീഗിനാണ് കിട്ടുക. അതോടെപ്പം ഇപ്പോള്‍ സിപിഐയുടെ കൈയിലുള്ള റവന്യൂവും ലീഗിനാണ്. ഇതുകൊണ്ടാണ് യുഡിഎഫ് വന്നാല്‍ ഫലത്തില്‍ ലീഗിന്‍ൈറ ഭരണമാണെന്ന് പ്രചാരണം വരുന്നത്. ഈ വകുപ്പുകളിലൊക്കെ വലിയ രീതിയിലുള്ള അഴിമതിയും സ്വജനപക്ഷപാതിത്വവുമാണ് നടക്കാറുമുള്ളത്.
കൈ പൊള്ളിയ അഞ്ചാം മന്ത്രി
എന്നാലും ഒരു അടവു നയം എന്ന രീതിയില്‍ കൂടുതല്‍ മന്ത്രിസ്ഥാനത്തിന്റെയും ഉപമുഖ്യമന്ത്രിസ്ഥാനത്തിന്റെയും കാര്യം ചര്‍ച്ചയാക്കേണ്ട എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളുടെ നിലപാട്. മുമ്പ് മഞ്ഞാളംകുഴി അലിയെ അഞ്ചാമന്ത്രിയാക്കാനായുള്ള വിവാദങ്ങള്‍ ഫലത്തില്‍ ഹിന്ദുവോട്ടുകള്‍ യുഡിഎഫില്‍നിന്ന് നഷ്ടപ്പെടുന്നതിലേക്കാണ് എത്തിച്ചത് എന്ന് ഇപ്പോള്‍ ലീഗ് വിലയിരുത്തുന്നുണ്ട്.
2011-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുസ്ലീം ലീഗിന് നാല് മന്ത്രിസ്ഥാനങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ അഞ്ചാമതൊരു മന്ത്രിസ്ഥാനം കൂടി വേണമെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചുനിന്നു. ലീഗിന്റെ ഈ സമ്മര്‍ദ്ദത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഴങ്ങിയതോടെയാണ് വിവാദം രൂക്ഷമായത്.മുസ്ലീം ലീഗ് നേതാവായ മഞ്ഞളാംകുഴി അലി ആയിരുന്നു ആ അഞ്ചാംമന്ത്രി. 2012 ഏപ്രില്‍ 12-നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം കീഴടങ്ങിയെന്നും ഇത് സമുദായിക സന്തുലിതാവസ്ഥ തെറ്റിച്ചുവെന്നും ആക്ഷേപമുയര്‍ന്നു.
എന്‍.എസ്.എസ് എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകള്‍ ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. 'അഞ്ചാംമന്ത്രി' വിവാദത്തിന് പിന്നാലെയാണ് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി 'താക്കോല്‍സ്ഥാനം' നല്‍കണമെന്ന എന്‍.എസ്.എസ്സിന്റെ ആവശ്യവും ഉയര്‍ന്നുവന്നത്.ഈ വിവാദം യു.ഡി.എഫിനുള്ളിലും കോണ്‍ഗ്രസിനുള്ളിലും വലിയ ഭിന്നതകള്‍ക്ക് വഴിവെച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഈ വിഷയം വലിയ ചര്‍ച്ചയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ ബിജെപി വോട്ടുകള്‍ കുത്തനെ ഉയരുന്നതിനും അഞ്ചാമന്ത്രി ഇടയാക്കി. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയമായി തോല്‍ക്കയാണ് ഉണ്ടായത്. ഈ അനുഭവംവെച്ചാണ് ഒന്നും പരസ്യമാക്കായെ രഹസ്യ ഓപ്പറേഷന് ലീഗ് ശ്രമിക്കുന്നത്.
