അമ്പും വില്ലും മറന്ന് ഉയര്‍ത്തി കാട്ടിയത് ഗദ! ഗുസ്തി അനിഷ്ടം ബജരംഗബലിയെ മുന്നില്‍ നിര്‍ത്തി തകര്‍ത്ത പരിവാര്‍ ബുദ്ധി; ഹരിയാനയില്‍ ബിജെപി പയറ്റിയത് ഡല്‍ഹിയിലെ കെജ്രിവാള്‍ മോഡല്‍ ഹനുമാന്‍ ഭക്തി; ജാട്ട് വിരോധത്തെ സൈനി മറികടന്നത് 'കരുക്ഷേത്ര യുദ്ധ' തന്ത്രത്തില്‍
ഹരിയാനയിലെ ആദ്യ ട്രെന്‍ഡില്‍ മുന്‍തൂക്കം ലഭിച്ചതോടെ നടത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ ആഘോഷം കൈവിട്ട കളിയായി
ന്യൂഡല്‍ഹി: ഹരിയാനയിലെ ജനവിധിയില്‍ നിര്‍ണായകമുന്നത് ജാതി സമവാക്യമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഓരോ പാര്‍ട്ടിയുടെയും മുന്‍പിലെ പ്രധാന കടമ്പ. അത് കടക്കുന്നവര്‍ ജയിക്കുമെന്നതാണ് പൊതു സമവാക്യം. എന്നാല്‍ അതിന് വേണ്ടിയൊന്നും ബിജെപി ജയിച്ചില്ല. എന്നിട്ടും ബിജെപി ജയിക്കുകയാണ്. ആര്‍ എസ് എസ് വോട്ടുകളെ മുഴുവനായി സ്വാധീനിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. പരിവാര്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കാത്ത രാഷ്ട്രീയ സമവാക്യം ബിജെപി സ്വീകരിച്ചു. ലോക്‌സഭയിലെ ഭൂരിപക്ഷക്കുറവിലെ തിരിച്ചടിക്ക് പിന്നിലെ കാരണം ആര്‍ എസ് എസ് എന്ന തിരിച്ചറിവ് ബിജെപിക്ക് ഹരിയാനയില്‍ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രീരാമനായിരുന്നു ബിജെപിയുടെ പ്രചരണങ്ങളില്‍ നിറഞ്ഞ അദൃശ്യ സാന്നിധ്യം. അയോധ്യാ ക്ഷേത്രത്തെ അവര്‍ ചര്‍ച്ചയാക്കി. എന്നാല്‍ ഹരിയാനയിലെ തിരഞ്ഞെടുപ്പില്‍ ഹനുമാനായിരുന്നു ബിജെപിയ്ക്ക് പിന്നില്‍ നിന്ന സാന്നിധ്യം. ബിജെപിയുടെ റാലികളില്‍ പ്രധാനമന്ത്രി ഉയര്‍ത്തിയതും ഗദയായിരുന്നു. മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും തന്റെ ഹനുമാന്‍ ഭക്തിയാണ് ചര്‍ച്ചയാക്കിയത്. ഗുസ്തി രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍ ജയ് ബജരംഗബലിയെന്ന ചിന്ത ബിജെപി വോട്ടര്‍മാര്‍ക്കിടയില്‍ ചൂടു പിടിപ്പിച്ചു. ഹനുമാന്‍ ഭക്തി ചര്‍ച്ചയാക്കി ഡല്‍ഹിയില്‍ ചുവടുറപ്പിച്ച ആംആദ്മിയുടേയും അരവിന്ദ് കെജ്രിവാളിന്റേയും ഹിന്ദുത്വ രാഷ്ട്രീയം ബിജെപി ഹരിയാനയില്‍ പരീക്ഷിച്ചു. ഹനുമാനെ മുന്നില്‍ നിര്‍ത്തുകയായിരുന്നു ബിജെപി അവിടെ ചെയ്തത്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷവും പാര്‍ട്ടിയുടെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി രാവിലെ ബ്രഹ്‌മ സരോവറിലെ ദക്ഷിണ്‍മുഖി ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. ഇവിടെ നടന്ന ഭജനയിലും ഭക്തര്‍ക്കൊപ്പം അദ്ദേഹം പങ്കുചേര്‍ന്നു. കുരുക്ഷേത്രയിലെ സെയ്നി സമാജ് ധര്‍മ്മശാലയിലും സന്ദര്‍ശനം നടത്തി. അങ്ങനെ ഹനുമാന്‍ ഭക്തിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയം വോട്ടണ്ണല്‍ ദിനവും ഹരിയാന മുഖ്യമന്ത്രി നിറച്ചു. കുരുക്ഷേത്രയിലെ ലദ്വ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് സെയ്നി ജനവിധി തേടിയിരുന്നത്. ഇവിടെ സാമാന്യം നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാനും മുഖ്യമന്ത്രിക്കായി. ഹനുമാന്‍ ഭക്തിയില്‍ മുഖ്യമന്ത്രി കസേരയില്‍ സൈനി തുടരുമോ എന്നതാണ് ഉയരുന്ന ചോദ്യം. ആര്‍ എസ് എസുമായുള്ള നല്ല ബന്ധം സൈനിയെ അതിന് തുണയ്ക്കുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ ഏറ്റവും വലിയ വിഭാഗമാണ് ജാട്ട് സമുദായം,മൊത്തം ജനസംഖ്യയുടെ 27 ശതമാനം. 37 സീറ്റുകളില്‍ ജാട്ട് വോട്ടുകള്‍ നിര്‍ണായക ഘടകമാകും. അഗ്‌നിപഥ് പദ്ധതി, കര്‍ഷകരുടെ പ്രതിഷേധം, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയവയില്‍ ജാട്ട് വിഭാഗം ബിജെപിക്കെതിരെ കടുത്ത അതൃപ്തിയിലായിരുന്നു. മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റിയപ്പോള്‍ ജാട്ട് വിഭാഗത്തില്‍ നിന്നൊരു മുഖ്യമന്ത്രിയെ ബിജെപി കൊണ്ട് വരാത്തതും ജാട്ട് വിഭാഗത്തിന്റെ അതൃപ്തി ആക്കം കൂട്ടിയെന്ന വിലയിരുത്തലുണ്ടായിരുന്നു. ജാട്ട് വിഭാഗത്തിന്റെ പ്രതിഷേധങ്ങള്‍ തുടര്‍ന്ന സാഹചര്യത്തില്‍ ജാട്ട് വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ എണ്ണത്തിലും ബിജെപി ഗണ്യമായ കുറവ് വരുത്തി. 2019 ല്‍ ജാട്ട് വിഭാഗത്തില്‍ നിന്ന് 19 സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബിജെപി ഇത്തവണ 16 സ്ഥാനാര്‍ഥികളെ മാത്രമാണ് മത്സരിപ്പിച്ചത്. അതേസമയം ജാട്ട് വിഭാഗങ്ങള്‍ക്കൊപ്പം മുസ്‌ലിം വോട്ടുകളും തങ്ങളുടെ പാളയത്തില്‍ എത്തിച്ച് വിജയം ഉറപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. ആ ഫോര്‍മുല വിജയം കണ്ടില്ലെന്നതാണ് അന്തിമ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.
2019ലെ തിരഞ്ഞെടുപ്പില്‍നിന്ന് 2024ലേക്ക് വരുമ്പോള്‍ മുന്നണി സമവാക്യങ്ങള്‍ ആകെ മാറിമറിയുകയും പുത്തന്‍ മുന്നണികള്‍ ഗോദയിലിറങ്ങുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം കോണ്‍ഗ്രസിന് തുണയാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സംഭവിച്ചത് മറിച്ചു. 2014ലെ നരേന്ദ്ര മോദി തരംഗത്തില്‍ 47 സീറ്റുകളുമായാണ് ബിജെപി ഹരിയാനയില്‍ അധികാരത്തില്‍ വന്നത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 46 സീറ്റുകളാണ്. 2019ല്‍ ബിജെപിക്ക് 40 സീറ്റുകളായി കുറഞ്ഞു. എങ്കിലും ജെജെപിയേയും (10) ഏഴ് സ്വതന്ത്രരെയും കൂട്ടുപിടിച്ച് ബിജെപി സഖ്യം അധികാരം പിടിച്ചു. അന്ന് ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ 19 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 15ല്‍ ഒതുങ്ങി. എന്നാല്‍ ചെറുപാര്‍ട്ടികളെല്ലാം 2024ല്‍ അപ്രസക്തം. ബിജെപി ജയിച്ചു കയറുകയും ചെയ്തു. അതും 2014ലെ സീറ്റ് നേട്ടം മറികടന്നുള്ള വിജയം.
പഴയ ജാട്ട് ഫോര്‍മുല വീണ്ടും രംഗത്തിറക്കിയാണ് പക്ഷേ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2000ല്‍ 47 സീറ്റുമായി അധികാരത്തിലേറിയ ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക് ദളിനെ 2005ല്‍ 67 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് മറിച്ചിട്ടത്. ജാട്ട് നേതാവായ ഭൂപീന്ദര്‍ ഹൂഡയെ മുന്നില്‍ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് ഹരിയാന തിരിച്ചുപിടിച്ചത്. ഇത്തവണയും ഭൂപീന്ദര്‍ ഹൂഡയായിരുന്നു കോണ്‍ഗ്രസിന്റെ ജാട്ട് മുഖം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ നേടിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ ലോക്‌സഭയിലേക്കുള്ള തേരോട്ടം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഹരിയാനയില്‍ നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്ഭുതം അവര്‍ പ്രതീക്ഷിച്ചു.
പ്രചരണം ചൂടേറിയതോടെ ഗുസ്തി താരങ്ങളടക്കം കോണ്‍ഗ്രസിലെത്തി. വിനേഷ് ഫോഗട്ട് സ്ഥാനാര്‍ത്ഥിയുമായി. ഇതോടെ ഗുസ്തിയെ സ്‌നേഹിക്കുന്ന ഹരിയാനക്കാര്‍ തങ്ങള്‍ക്കൊപ്പമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചു. പക്ഷേ ഹരിയനാനയില്‍ കോണ്‍ഗ്രസിനുള്ള ഗ്രൂപ്പിസം ശക്തമായിരുന്നു. കുമാരി ഷെല്‍ജെ മൂലയ്ക്കിരുത്തിയ കോണ്‍ഗ്രസ് ഹൈക്കമാണ്ട് തീരുമാനവും ഫലത്തെ സ്വാധീനിച്ചുവെ്ന്നതാണ് വസ്തുത. ബിജെപി തോല്‍ക്കുമെന്ന് കരുതിയാണ് ഷെല്‍ജ പാര്‍ട്ടി വിടാത്തതെന്ന് പോലും അഭ്യൂഹമെത്തിയിരുന്നു. അങ്ങനെ കോണ്‍ഗ്രസിനേയും അതിന്റെ വിമത മുഖമായിരുന്ന ഷെല്‍ജയെ പോലും ഹരിയാനയിലെ വോട്ടര്‍മാര്‍ ഞെട്ടിച്ചു.
കഴിഞ്ഞ തവണ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായത് ജെജെപിയുടെയും അവരുടെ നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെയും നിലപാടായിരുന്നു. ഉപമുഖ്യമന്ത്രിപദം സ്വീകരിച്ച് ബിജെപിയെ തുണച്ച ദുഷ്യന്തിന് ഇക്കുറി ശുഭസൂചനകളില്ല. ഐഎന്‍എല്‍ഡിയിലെ അഭയ് സിങ് ചൗട്ടാല മാത്രമാണ് ജയിച്ചത്. ഇതോടെ ഹരിയാനയിലെ പ്രാദേശിക കക്ഷികള്‍ തളരുന്നുവെന്ന സൂചനകള്‍ സജീവമാകുകയാണ്. ഈ കക്ഷികളുടെ തളര്‍ച്ച തുണച്ചത് ബിജെപിയെയാണെന്നതാണ് വസ്തുത.
ഹരിയാനയിലെ ആദ്യ ട്രെന്‍ഡില്‍ മുന്‍തൂക്കം ലഭിച്ചതോടെ നടത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ ആഘോഷം കൈവിട്ട കളിയായി. ഫലം അനുകൂലമായി തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ആസ്ഥാനത്തും പാര്‍ട്ടിയുടെ റോഹ്തക്കിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രവര്‍ത്തകരും നേതാക്കളും ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ ട്രെന്‍ഡ് മാറി ഫലം ബിജെപിക്ക് അനുകൂലമായതോടെ പാര്‍ട്ടി ഓഫീസുകളില്‍ ആഘോഷം നിലച്ചു.