കരൂര്‍ അപകടത്തിന് പിന്നില്‍ 'ഗൂഢാലോചനാ തിയറി' ഉയര്‍ത്തി ഡിഎംകെയെ നേരിടാന്‍ വിജയിന്റെ തന്ത്രം; വൈകാരിക വീഡിയോ എന്‍ട്രി കൃത്യമായ രാഷ്ട്രീയ തിരക്കഥയോടെ; ഇളയദളപതിയെ പ്രതിയാക്കി കേസെടുത്താല്‍ തമിഴക രാഷ്ട്രീയത്തില്‍ കോളിളക്കമാകും; വിജയ് കടന്നാക്രമണം തുടങ്ങിയതോടെ അവഗണിക്കല്‍ തന്ത്രം തുടരുമോ സ്റ്റാലിന്‍? കരൂര്‍ ദുരന്തം തമിഴ് രാഷ്ട്രീയത്തിലെ ടേണിംഗ് പോയിന്റായി മാറുന്നോ?

കരൂര്‍ അപകടത്തിന് പിന്നില്‍ 'ഗൂഢാലോചനാ തിയറി' ഉയര്‍ത്തി ഡിഎംകെയെ നേരിടാന്‍ വിജയിന്റെ തന്ത്രം?

Update: 2025-09-30 11:43 GMT

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം അതിവൈകാരികത നിറഞ്ഞ സന്ദര്‍ഭങ്ങളാല്‍ സമ്പന്നമായതാണ്. സിനിമാക്കാര്‍ ഭരണം നയിച്ച സംസ്ഥാനമായതിനാല്‍ തമിഴ്‌നാട്ടില്‍ താരങ്ങങ്ങള്‍ക്കെല്ലാം നിര്‍ണായക സ്വാധീനം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. എംജിആറും ജയലളിതയും കരുണാനിധിയുമെല്ലാം സിനിമയില്‍ നിന്നുമാണ് രാഷ്ട്രീയമായി വളര്‍ന്നതും. എന്നാല്‍, സമീപകാലത്ത് ആ താരരാഷ്ട്രീയത്തിന് അല്‍പ്പം കോട്ടം തട്ടിയിട്ടുണ്ട്. കമല്‍ഹാസനും സാക്ഷാല്‍ രജനീകാന്തിനും രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഇളയദളപതി വിജയ് രാഷ്ട്രീയത്തില്‍ സജീവമായി രംഗത്തിറങ്ങുന്നത്.

ഡിഎംകെ അതിന്റെ ശക്തി വര്‍ധിപ്പിച്ചു സംസ്ഥാനം ഭരിക്കുമ്പോഴാണ് വിജയുടെ രാഷ്ട്രീയ പ്രവേശനവും. അതുകൊണ്ട് തന്നെ ഈ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും. ജയലളിതയുടെ മരണത്തോടെ ഛിഹ്നഭിന്നമായി പോയ എഐഎഡിഎംകെയും തമിഴ്മണ്ണില്‍ ശക്തമായ രാഷ്ട്രീയം പയറ്റാന്‍ ബിജെപിയും സജീവമായിരിക്കവേയാണ് വിജയിയുടെ തമിഴക വെട്രി കഴകം ഉദയം ചെയ്തത്. പാര്‍ട്ടി രൂപീകരണത്തിന് ശേഷം വിജയിയെ വളര്‍ത്താന്‍ അവസരം കൊടുക്കാതെ അവഗണിക്കുന്ന സമീപനമാണ് ഇതുവരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സ്വീകരിച്ചത്. എന്നാല്‍, 41 ജീവന്‍ പൊലിഞ്ഞ കരൂര്‍ ദുരന്തവും തമിഴക രാഷ്ട്രീയത്തിലെ പോരിന് പുതുമാനം നല്‍കുകയാണ്.

വിജയ് പങ്കെടുത്ത റാലിയില്‍ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ ദാരുണമരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം വിജയ് കടുത്ത പ്രതിരോധത്തിലായിരുന്നു. വിജയ് ഉടന്‍ വീട്ടിലേക്ക് മടങ്ങി ചെന്നൈയിലെ വീട്ടില്‍ കഴിഞ്ഞത് അടക്കം വിമര്‍ശന വിധേയമായി. ഇതിനിടെയും വിജയിനെ പ്രതി ചേര്‍ക്കാതെ കരുതലോടെയാണ് സ്റ്റാലിന്‍ വിഷയം കൈകാര്യം ചെയ്തതും. എന്നാല്‍, ഇപ്പോള്‍ അപകടത്തിന് പിന്നില്‍ ഗൂഡാലോചന ആരോപിച്ചു വിജയ് രംഗത്തുവന്നതോടെ വരും ദിവസങ്ങളില്‍ കരൂര്‍ ദുരന്തം തമിഴ്‌നാട് രാഷ്ട്രീയത്തിലെ ടേണിംഗ് പോയിന്റായി മാറുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

കരൂര്‍ അപകടത്തിന് പിന്നില്‍ 'ഗൂഢാലോചനാ തിയറി' ഉയര്‍ത്തി ഡിഎംകെയെ നേരിടാനാണ് വിജയിന്റെ തന്ത്രം. വൈകാരികമായി പ്രതികരിച്ചു കൊണ്ടും സ്റ്റാലിനെ കടന്നാക്രമിച്ചു കൊണ്ടുമുള്ള എന്‍ട്രി കൃത്യമായ രാഷ്ട്രീയ തിരക്കഥയോടെയാണ്. ഇത് എം കെ സ്റ്റാലിനും കൃത്യമായ ബോധ്യമുണ്ട്. ഇതോടെ വിജയിനെ നേരിടാന്‍ സ്റ്റാലിന്‍ തീരുമാനിക്കുമോ അതോ പ്രതികരിച്ചു മൈലേജ് ഉണ്ടാക്കി കൊടുക്കാതിരിക്കാനാകുമോ ശ്രമിക്കുക എന്നാണ് അറിയേണ്ടത്.

ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്രയധികം വേദന അനുഭവിച്ചിട്ടില്ലെന്നാണ് വികാരാധീനനായിക്കൊണ്ട് വിജയ് വിഡിയോ സന്ദേശത്തില്‍ പറഞ്ഞത്. ഇത് തമിഴ് ജനതയെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടാണ്. ദുരന്തം നടന്ന് മൂന്നാം ദിവസത്തിലാണ് വിജയ് വിഡിയോ സന്ദേശം പുറത്തുവിട്ടത്. ദുരന്തം മണിക്കൂറുകള്‍ക്ക് ശേഷം ഒരു എക്‌സ് സന്ദേശം പുറത്തുവിട്ടതല്ലാതെ മറ്റൊരു രീതിയിലും വിജയ് പ്രതികരിച്ചിരുന്നില്ല. ഇത്ര വലിയ അപകടമുണ്ടായിട്ടും കരൂരില്‍ തുടരാതിരുന്നതിന്റെ കാരണം കൂടി വിജയ് സൂചിപ്പിച്ചു. പൊതു സുരക്ഷയ്ക്കാണ് താന്‍ മുന്‍ഗണന നല്‍കിയത്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാനാണ് പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശ പ്രകാരം ദുരന്തസ്ഥലത്ത് നിന്ന് മാറിയതെന്നും വിജയ് പറഞ്ഞു. താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കില്ലെന്നും വിജയ് ഉറപ്പിച്ചു പറയുന്നുണ്ട്.

നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ആളുകള്‍ വന്നത് തന്നോടുള്ള സ്‌നേഹം മൂലമാണെന്ന് പറഞ്ഞ കരൂരില്‍ നടന്ന സംഭവങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും സൂചിപ്പിച്ചു. സത്യം ഉടന്‍ പുറത്തുവരുമെന്നും വിജയ് പറഞ്ഞു. അഞ്ച് ജില്ലകളില്‍ റാലി നടത്തിയിട്ടും ഇല്ലാതിരുന്ന പ്രശ്‌നം കരൂരില്‍ മാത്രം എങ്ങനെ സംഭവിച്ചു എന്നും വിജയ് ചോദിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും വിഡിയോ സന്ദേശത്തിനിടെ വിജയ് പ്രത്യേകം പരാമര്‍ശിച്ചു. മുഖ്യമന്ത്രി സാറിന് എന്നോട് എന്നോട് പകരം വീട്ടണമെങ്കില്‍ അത് ചെയ്യാം. എന്നാല്‍ എന്റെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മേല്‍ കൈവെക്കരുതെന്നുമായിരുന്നു സ്റ്റാലിനോട് വിജയ് യുടെ അഭ്യര്‍ഥന.

''എന്റെ ജീവിതത്തില്‍ ഇതുപോലൊരു വേദനാജനകമായ സാഹചര്യം ഞാന്‍ നേരിട്ടിട്ടില്ല. എന്റെ ഹൃദയം വേദനിക്കുന്നു. എന്റെ ഹൃദയത്തില്‍ വേദന മാത്രമാണുള്ളത്. പ്രചാരണത്തില്‍ ആളുകള്‍ എന്നെ കാണാന്‍ വന്നു. ആളുകള്‍ എന്നോടുള്ള സ്‌നേഹത്തിനും വാത്സല്യത്തിനും ഞാന്‍ എപ്പോഴും നന്ദിയുള്ളവനാണ്. ജനങ്ങളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് ഉറപ്പാക്കാന്‍, ഞാന്‍ രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങള്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലംതിരഞ്ഞെടുത്തത്. പക്ഷേ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. ഞാനും ഒരു മനുഷ്യനാണ്. ഇത്രയധികം പേര്‍ ദുരന്തത്തില്‍ പെട്ടപ്പോള്‍, എനിക്ക് എങ്ങനെ അവരെ ഉപേക്ഷിച്ച് തിരിച്ചുവരാന്‍ കഴിയും?

മുഖ്യമന്ത്രി സര്‍, താങ്കള്‍ക്ക് പ്രതികാരം ചെയ്യണമെങ്കില്‍ എന്നോടാകാം, പക്ഷേ എന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ തൊടരുത്.''-എന്നാണ് വിജയ് സന്ദേശത്തില്‍ പറഞ്ഞത്. ''ഞങ്ങള്‍ അഞ്ച് ജില്ലകളില്‍ പ്രചാരണം നടത്തി, പിന്നെ എന്തുകൊണ്ടാണ് കരൂരില്‍ ഇത് സംഭവിച്ചത്? ഇതെങ്ങനെ സംഭവിച്ചു? ആളുകള്‍ക്ക് സത്യം അറിയാം, അവര്‍ എല്ലാം നിരീക്ഷിക്കുന്നുണ്ട്.' കരൂരിലെ ജനങ്ങള്‍ സത്യം പറഞ്ഞപ്പോള്‍, ദൈവം എന്റെ അടുക്കല്‍ വന്ന് അത് വെളിപ്പെടുത്തിയതുപോലെയാണ് എനിക്ക് തോന്നിയത്. താമസിയാതെ, എല്ലാ സത്യങ്ങളും വെളിപ്പെടും. ഞങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് നിന്നാണ് ഞങ്ങള്‍ സംസാരിച്ചത്. എന്റെ അനുയായികള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും പാര്‍ട്ടി നേതാക്കള്‍, സുഹൃത്തുക്കള്‍, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എന്നിവരുടെ പേരുകള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.'-വിജയ് പറഞ്ഞു. പ്രതികാരം തീര്‍ക്കണമെങ്കില്‍ തന്നോട് മതിയെന്നും പ്രവര്‍ത്തകരരെ വെറുതെ വിടണമെന്നും താന്‍ തന്റെ വീട്ടിലോ ഓഫിസിലോ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയോട് വിജയ് പറയുന്നുമുണ്ട്.

കരൂര്‍ കേന്ദ്രീകരിച്ച് കുറച്ചുകാലം കൂടി തമിഴ്‌നാട് രാഷ്ട്രീയം ചുറ്റിക്കങ്ങുമെന്നാണ് വിജയിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. വിജയ് ഉന്നയിക്കാന്ന ഗൂഢാലോചനാ തിയറി ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികളും ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഇതോടെ സ്റ്റാലിനെ നേരിടാന്‍ വിജയ് എന്ന സിദ്ധാന്തം രൂപം കൊണ്ടു കഴിഞ്ഞു. വിജയുടെ നീക്കങ്ങള്‍ തമിഴകത്തിലെ മുന്നണി രാഷ്ട്രീയത്തിലും ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്.

Tags:    

Similar News