അണ്ണാദുരൈയ്ക്ക് തുണയായ കരുണാനിധി; എംഎല്‍എയായ ശേഷം ദ്രാവിഡ പാര്യമ്പര്യത്തില്‍ മുഖ്യമന്ത്രിയായ എംജിആര്‍; ഫാന്‍സിന്റെ ബലത്തില്‍ രാഷ്ട്രീയ കരുത്ത് കാട്ടാനാകില്ലെന്ന തിരിച്ചറിവില്‍ പിന്മാറിയ രജനികാന്ത്; രാഷ്ട്രീയ അടിത്തറ ഇല്ലാത്ത ഇളയ ദളപതി ഉണ്ടാക്കിയത് കരൂരിലെ രാഷ്ട്രീയ ദുരന്തം; ബൗണ്‍സര്‍മാരുമായി വോട്ടു പിടിക്കാന്‍ ഇറങ്ങിയതിന്റെ ബാക്കി പത്രം; തമിഴ്നാട് രാഷ്ട്രീയവും സിനിമയും ഇനി അകലുമോ?
ചെന്നൈ: സിനിമാക്കാരയ എംജിആറും കരുണാനിധിയും ജെ ജയലളിതയും ഭരിച്ച മണ്ണാണ് തമിഴകത്തേത്. ഈ വിഴിയിലാണ് വിജയും രാഷ്ട്രീയ മോഹങ്ങള്‍ കരുപിടിപ്പിച്ചത്. കുറച്ചു കാലം മുമ്പ് സൂപ്പര്‍ താരം രജനികാന്തും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചു. പക്ഷേ പാര്‍ട്ടി പ്രഖ്യാപനത്തില്‍ എത്തുമുമ്പേ ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് സ്റ്റൈല്‍ മന്നന്‍ പിന്മാറി. ഈ വിടവ് നികത്താനാണ് ഇളയ ദളപതി വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. പക്ഷേ രാഷ്ട്രീയത്തിലെ അടിസ്ഥാനം വിജയ് മറന്നു. ഫാന്‍സുകാരെ മാത്രം വച്ച് രാഷ്ട്രീയ മോഹങ്ങള്‍ പടുത്തതാണ് ഇതിന് കാരണം. എംജിആറും ജയലളിതയും കരുണാനിധിയും രാഷ്ട്രീയ അടിവേരുകള്‍ ഉണ്ടാക്കിയ ശേഷമായിരുന്നു വന്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഇറങ്ങിയത്. രജനികാന്തിന്റെ പിന്മാറലും ഫാന്‍സിനെ കൊണ്ടു മാത്രം രാഷ്ട്രീയം മുമ്പോട്ട് കൊണ്ടു പോകില്ലെന്ന തിരിച്ചറിവായിരുന്നു. ഈ ബോധം വിജയ് വച്ചു പുലര്‍ത്തിയില്ല. രാഷ്ട്രീയത്തില്‍ വേണ്ട 'പക്വത' കരൂരിലും വിജയ് കാട്ടിയില്ല. ദുരന്തമുണ്ടായതും വിമാനത്തില്‍ കയറി സുരക്ഷിത സ്ഥലത്ത് എത്തിയ വിജയ് ഇന്ന് പ്രതിസന്ധിയിലാണ്.
എംജിആറിനും കരുണാധിയ്ക്കും ജയലളിതയ്ക്കും ശേഷം മുഖ്യമന്ത്രിയാകുന്ന സിനിമാക്കാരനായി വിജയ് ഇനി മാറുമോ എന്നത് തീര്‍ത്തും സംശയമാണ്. കരൂരിലെ ദുരന്തത്തിലെ മുറിപ്പാട് അത്രമേല്‍ വലുതാണ്. തമിഴ്നാട് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധം വേര്‍പെടുത്താനാകാത്തതാണ്. ദ്രാവിഡ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്ത് ആഴത്തില്‍ വേരുറപ്പിക്കുമ്പോള്‍ സി.എന്‍.അണ്ണാദുരൈയ്ക്ക് തുണയായി കൂടെ നിന്നത് കരുണാനിധി എന്ന ശക്തനായ എഴുത്തുകാരന്റെ തൂലികയിലൂടെ വന്ന തിരക്കഥകളും എം.ജി.രാമചന്ദ്രന്‍ എന്ന ഏറ്റവും ജനകീയനായ നടന്റെ കഥാപാത്രങ്ങളും ആയിരുന്നു. അണ്ണാദുരൈ തന്നെ പലപ്പോഴും ഇക്കാര്യം സമ്മതിച്ചിട്ടുള്ളതുമാണ്. കരുണാനിധിയുടെ വരികളും എം.ജി.ആറിന്റെ മുഖവും ഡി.എം.കെക്ക് കരുത്ത് പകര്‍ന്ന് മുന്നേറുമ്പോള്‍ അവിടെ തകര്‍ന്നടിഞ്ഞത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനവും ആയിരുന്നു.
കെ.കാമരാജിന് തമിഴ്നാട്ടിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകേണ്ടി വന്നതിനും ഇതൊരു നിമിത്തമായി മാറിയിരുന്നു. എം.ജി.രാമചന്ദ്രന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് തന്നെ അദ്ദേഹം ഡി.എം.കെയുടെ ശക്തനായ നേതാവുമായി മാറിയിരുന്നു. ഒരു പ്രാവശ്യം എം.എല്‍.എ ആയിരുന്നതിന് ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. അണ്ണാദുരൈയുടെ നിര്യാണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയായ കരുണാനിധി എം.ജി.ആറിനെ മന്ത്രിസഭയില്‍ അംഗമാക്കാന്‍ തയ്യാറാകാത്തത് മുതല്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന നിരവധി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് എം.ജി.ആര്‍ ഡി.എം.കെ വിട്ട് എ.ഐ.എം.ഡി.എം.കെ രൂപീകരിക്കുന്നത്. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒപ്പം വി.ആര്‍.നെടുഞ്ചേഴിയന്‍, ആര്‍.എം.വീരപ്പന്‍,നാഞ്ചില്‍ മനോഹരന്‍ തുടങ്ങി ഡി.എം.കെയിലെ തലപ്പൊക്കമുണ്ടായിരുന്ന ഒരു സംഘം നേതാക്കളും ഉണ്ടായിരുന്നു.
1977 ല്‍ എം.ജി.ആര്‍ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി ആകുമ്പോള്‍ പരിചയ സമ്പന്നരായ ഇവരെല്ലാം മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നത് ഭരണകാര്യങ്ങളിലും പാര്‍ട്ടി കാര്യങ്ങളിലും എം.ജി.ആറിന് ഏറെ തുണയായി മാറിയിരുന്നു. എന്നാല്‍ വിജയ് സ്വന്തമായി ടി.വി.കെ എന്ന പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അതിന്റെ നേതൃതനിരയില്‍ രാഷ്ട്രീയ പാരമ്പര്യം ഉണ്ടായിരുന്ന നേതാക്കളുടെ എണ്ണം തീരെ കുറവായിരുന്നു എന്നതാണ് സത്യം. രാഷ്ട്രീയ പാര്‍ട്ടികളുടെ അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ചവര്‍ക്ക് പകരം കോര്‍പ്പറേറ്റ് ശൈലിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് ഇവര്‍ ശ്രമിച്ചതും.
മധുരയില്‍ നടന്ന പാര്‍ട്ടിയുടെ സമ്മേളനത്തില്‍ വിജയിന്റെ അടുത്തേക്ക് എത്താന്‍ ശ്രമിച്ച പ്രവര്‍ത്തകനെ ബൗണ്‍സര്‍മാര്‍ സ്റ്റേജില്‍ നിന്ന് തൂക്കിയെടുത്ത് താഴേക്ക് എറിയുമ്പോള്‍ വിജയും കൂടെയുളള നേതാക്കളും സ്ററേജില്‍ ഇക്കാര്യം കണ്ടതായി പോലും ഭാവിക്കുന്നില്ലായിരുന്നു. ഇത് തന്നെയായിരിക്കാം ഇന്നലെ കരൂരിലും സംഭവിച്ചത്. ദുരന്തം നടന്നതിന് തൊട്ടു പിന്നാലെ സ്വന്തം സുരക്ഷ നോക്കി ചെന്നൈയിലേക്ക് സ്ഥലം വിട്ട വിജയിനോട് ഈ പ്രവൃത്തി രാഷ്ട്രീയപരമായി അബദ്ധമാണെന്ന് പറഞ്ഞ്, മനസിലാക്കി കൊടുക്കാന്‍ പോലും രാഷ്ട്രീയ പാരമ്പര്യമുള്ള ആരും നേതൃനിരയില്‍ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. സ്വന്തം അണികളെ പടക്കളത്തില്‍ ഉപേക്ഷിച്ച് പടത്തലവന്‍ രക്ഷപ്പെടുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായത്.
ഈ സന്ദര്‍ഭം കൃത്യമായി മുതലെടുക്കാന്‍ ഡി.എം.കെ സര്‍ക്കാരിന് കഴിയുകയും ചെയ്തു. മുഖ്യമന്ത്രി എം.കെ.സ്ററാലിനും സഹമന്ത്രിമാരും സംഭവ സ്ഥലത്ത് പാഞ്ഞെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ മുന്‍കൈയെടുത്തത് രാഷ്ട്രീയപരമായി അവര്‍ക്ക് വലിയ നേട്ടമായി മാറും എന്നത് ഉറപ്പാണ്. നേരത്തേ മറ്റൊരു തമിഴ് താരമായ വിജയകാന്ത്് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയിട്ടും അദ്ദേഹത്തിന് വേണ്ടത്ര തിളങ്ങാന്‍ കഴിയാതെ പോയതും രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു സംഘം നേതാക്കള്‍ കൂടെയില്ലാത്തത് കൊണ്ട് തന്നെയാണ്. കമല്‍ഹാസനെ പോലെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിളക്കമുള്ള താരം പാര്‍ട്ടി ഉണ്ടാക്കിയിട്ടും അദ്ദേഹത്തിനും ക്ലച്ച് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ശിവാജി ഗണേശന്‍ കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടും ഒടുവില്‍ പിണങ്ങി മാറുകയായിരുന്നു. എം.ജി.ആറിന്റെ പിന്തുടര്‍ച്ചക്കാരിയാകാന്‍ ജയലളിതക്ക് അന്ന്കഴിഞ്ഞതും പരിചയസമ്പന്നരായ സഹപ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്. എം.ജി.ആര്‍ ജീവിച്ചിരുന്ന കാലത്ത് തന്നെ എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറി എന്ന നിലയിലും അവര്‍ക്ക് താഴേത്തട്ടിലുള്ള അണികളുടേയും നേതാക്കളുടേയും പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിരുന്നു. കരുണാനിധി സിനിമാ നടന്‍ അല്ലായിരുന്നു എങ്കിലും തൂലിക പടവാളാക്കി തമിഴ് മക്കളുടെ ദ്രാവിഡ വികാരം ജ്വലിപ്പിച്ച് നിര്‍ത്താന്‍ എന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇതൊന്നും അല്ലാതെ സിനിമാ നടന്‍ മാത്രമെന്ന ഇമേജുമായി രാഷ്ട്രീയത്തില്‍ ഇറങ്ങിയ വിജയിന് ഇനിയും ഏറെ കാര്യം പഠിക്കാനുണ്ട് എന്നത് തന്നെയാണ് കരൂര്‍ ദുരന്തം വ്യക്തമാക്കുന്നത്.