കേരളത്തില്‍ മാറ്റത്തിനും ജനങ്ങള്‍ക്കും വേണ്ടി യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കെ.സി. വേണുഗോപാല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് മുസ്ലിം ലീഗ്! കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചിത്രം വ്യക്തതയിലേക്ക്; പാണക്കാട് തങ്ങളും കൂട്ടരും ഒടുവില്‍ ആ നിലപാട് എടുത്തു; വിഡിയും ആര്‍സിയും ഔട്ട്! കെസിയ്ക്ക് അപ്പര്‍ ഹാന്‍ഡ്

Update: 2025-08-26 09:11 GMT

ന്യൂഡല്‍ഹി: കെസിയോട് കൂടുതല്‍ അടുത്ത് മുസ്ലീം ലീഗ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ കെസി വേണുഗോപാലിനെ ലീഗ് എല്ലാ ആര്‍ത്ഥത്തിലും പിന്തുണയ്ക്കും. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ കരുത്തിന് ബാറ്റണ്‍ നല്‍കുകയാണ് ലീഗ്. ശശി തരൂര്‍ അടക്കമുള്ളവരെ നേരത്തെ ലീഗ് പലതരത്തില്‍ പിന്തുണച്ചിരുന്നു. എന്നാല്‍ അതെല്ലാം പലവിധ കാരണങ്ങളാല്‍ പാളി. അങ്ങനെ രാഹുല്‍ ഗാന്ധിയുടെ അതിവിശ്വസ്തനെ കേരളത്തിലേക്ക് ക്ഷണിക്കുകയാണ് ലീഗ്. കേരളത്തില്‍ സമൂലമാറ്റം അനിവാര്യമാണെന്നും ഈ മാറ്റത്തിനും ജനങ്ങള്‍ക്കും വേണ്ടി യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കെ.സി. വേണുഗോപാല്‍ നേതൃത്വം ഏറ്റെടുക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറയുകയാണ്. രാജ്യതലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗിന്റെ കേന്ദ്ര ഓഫീസ് ഖായിദെ മില്ലത്ത് സെന്ററില്‍ നടന്ന ആദ്യപരിപാടിയില്‍ കെ.സി. വേണുഗോപാലിന് പ്രഥമ രാഷ്ട്രനന്മ പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. വലിയ ട്വിസ്റ്റാണ് ഈ പുരസ്‌കാരം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കേരളത്തിലെ പ്രധാനി കെസിയാണെന്ന് കൂടി വിശദീകരിക്കുകയാണ് ലീഗ്. ലീഗുമായി അങ്ങനെ കെസി ഊഷ്മള ബന്ധത്തില്‍ എത്തുകയാണ്. ഇതോടെ യുഡിഎഫിന് അധികാരം കിട്ടിയാല്‍ കെസി മുഖ്യമന്ത്രിയാകണമെന്ന് പറയാതെ പറയുകാണ് ലീഗ് നേതൃത്വം.

യുഡിഎഫിനെ അധികാരത്തിലേറ്റി ലീഗ് നല്‍കിയ പുരസ്‌കാരം ജനങ്ങള്‍ക്ക് നല്‍കണമെന്നും തങ്ങള്‍, പറഞ്ഞു. ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവായതിനാലാണ് കെ.സി. വേണുഗോപാലിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഇ. അഹമ്മദ് ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരായ വെല്ലുവിളികളെ ഇന്ത്യ അതിജീവിക്കുമെന്നും ജനാധിപത്യത്തിന്റെ ശക്തി അതാണെന്നും വേണുഗോപാല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ ഇരുട്ടിനപ്പുറം ഒരു വലിയ വെളിച്ചത്തിലേക്കുള്ള യാത്ര നമ്മളെ കാത്തിരിക്കുന്നുണ്ടെന്നും ധൈര്യമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കെസിയും ലീഗിനെ പുകഴ്ത്തി ബിജെപിയെ രാഷ്ട്രീയ കടന്നാക്രമിക്കുകയായിരുന്നു. ഇ. അഹമ്മദുമായുള്ള ഊഷ്മള ബന്ധവും വേണുഗോപാല്‍ അനുസ്മരിച്ചു. ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. പ്രൊഫ. ഖാദര്‍ മൊയ്തീന്‍, അബ്ദുറഹ്‌മാന്‍ കല്ലായി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസ്സമദ് സമദാനി, പി.എം.എ. സലാം, സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, എം.കെ. മുനീര്‍, കെ. നവാസ് കനി, ഹാരിസ് ബീരാന്‍, അബ്ദുള്‍ കരീം ചേലേരി, കെ.ടി. സഹദുള്ള തുടങ്ങിയവരും ചടങ്ങിനെത്തി. അതായത് ലീഗ് നേതൃത്വം മുഴുവന്‍ അണിനിരന്നാണ് കെസിയെ നേതാവായി പ്രഖ്യാപിക്കുന്നത്.

ഒന്നിലധികം മുഖ്യമന്ത്രി മോഹികള്‍ കോണ്‍ഗ്രസിലുണ്ട്. വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ് പ്രധാനികള്‍. ഇതിനൊപ്പം ആരും മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തയ്യാര്‍. അധികാരമെത്തുമ്പോള്‍ മുസ്ലീം ലീഗ് നിലപാടാണ് ഇതില്‍ നിര്‍ണ്ണായകമാകുക. ഈ സാഹചര്യത്തിലാണ് കെസിയെ ഉയര്‍ത്തികാട്ടുന്ന മുസ്ലീം ലീഗ് പരിപാടിയുടെ പ്രസക്തി കൂടുന്നത്. ഇന്ത്യയില്‍ മറ്റേതൊരു മതേതര പാര്‍ട്ടിയേക്കാളും മതേതരമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന് ഐ.സി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കെ. സി വേണുഗോപാല്‍ പറയുന്നതും അതിന്റെ നന്ദിയാണ്. ചെറുപ്പം തൊട്ട് മുസ്ലിം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ജീവിച്ച തനിക്കിത് മറ്റാരെക്കാളും നന്നായി അറിയുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗിനെ അംഗീകരിക്കാനുള്ള കെസിയുടെ മനസ്സാണ് ഇതില്‍ തെളിയുന്നത്. കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തിയാല്‍ ഹൈക്കമാണ്ട് പിന്തുണയില്‍ കേരളം പിടിക്കാന്‍ കെസിയെത്തുമെന്ന വിലയിരുത്തല്‍ പൊതുവേ സജീവമാണ്. അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയാണെന്നും വേണുഗോപാല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ജനങ്ങള്‍ക്കെതിരായിട്ടുള്ള, ഒരു സമൂഹത്തിനെ ലക്ഷ്യംവെച്ചുള്ള നിയമനിര്‍മാണങ്ങള്‍ നടക്കുന്ന വേദിയായി ഇന്ത്യന്‍ പാര്‍ലമെന്റ് മാറിയെന്ന് കെസി പറഞ്ഞു. വഖഫ് ബില്ലിനു ശേഷം മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും 30 ദിവസം ജയിലിലിട്ടാല്‍ അവരെ പുറത്താക്കാനുള്ള ബില്‍ ഭരണഘടനാഭേദഗതിയിലൂടെ കൊണ്ടുവരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനത്തെ രണ്ടു ദിവസമാണ് ബിസിനസ് അഡൈ്വസറി കമ്മിറ്റിയിലടക്കം ചര്‍ച്ച ചെയ്യാതെ ഈ ബില്ലുകള്‍ വന്നത്. ജമ്മു-കശ്മീരിന് സംസ്ഥാന പദവി കൊണ്ടുവരുന്ന ബില്ലാവുമെന്നാണ് കരുതിയത്, കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്തെ സംസ്ഥാനമാക്കുന്നത് കണ്ടിട്ടുണ്ട്. എന്നാലൊരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കുന്നത് ആദ്യമായി കശ്മീരിലാണ്. കശ്മീരിന് സംസ്ഥാന പദവിക്കായി കോണ്‍ഗ്രസ് അവിടെ ശക്തമായ പ്രതിഷേധത്തിലാണ്. പ്രധാനമന്ത്രി തന്നെ സംസ്ഥാന പദവിനല്‍കുമെന്ന് പറഞ്ഞു. എന്നാല്‍ കൊണ്ടുവന്നത് കശ്മിരിലെ മുഖ്യമന്ത്രിയും 30 ദിവസം ജയിലില്‍ക്കിടന്നാല്‍ അധികാരം പോകുമെന്നുള്ളതാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബില്ലാണിത്, അദ്ദേഹം പറഞ്ഞു.

ഇഡി എടുക്കുന്ന കേസുകളില്‍ ഒരു ശതമാനമാണ് ശിക്ഷിക്കപ്പെടുന്നത്. 99 കേസുകളും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇഡി കേസുകളില്‍ 95 ശതമാനവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയുള്ളതാണ്. അശോക് ചവാനെതിരേ കേസെടുത്തു. ഇപ്പോള്‍ കേസില്ല. ബിജെപിയിലേക്ക് ആരെങ്കിലും കാലുമാറിയാല്‍ അപ്പോള്‍ വാഷിങ് മെഷീന്‍ പ്രവര്‍ത്തിക്കും. അവര്‍ ശുദ്ധരാവും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമാക്കി. അഴിമതിക്കെതിരേ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനുള്ള ബില്ലല്ലേ പിന്നെന്തിനാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്നാണ് ചോദ്യം. അഴിമതി നടത്തിയ ഏതെങ്കിലും ബിജെപി നേതാക്കള്‍ക്കെതിരേ ഇഡി കേസെടുത്തിട്ടുണ്ടോയെന്ന് വേണുഗോപാല്‍ ചോദിച്ചു. 29 തവണ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയ്ക്കുവേണ്ടി സംസാരിച്ച മുന്‍ വിദേശ സഹമന്ത്രി ഇ. അഹമ്മദിനോട് അദ്ദേഹത്തിന്റെ മരണവേളയില്‍ ചെയ്തത് ഒരിക്കലും പൊറുക്കാന്‍ കഴിയുന്നതല്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. ഫലസ്തീനികള്‍ക്കും യാസര്‍ അറഫാത്തിന് ഒപ്പം നിലകൊണ്ട നേതാവായിരുന്നു ഇ. അഹമ്മദ് എന്നും വേണുഗോപാല്‍ അനുസ്മരിച്ചു.

Tags:    

Similar News