രാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുല്‍! ഇടയ്ക്കിടെ മുറിവില്‍ കുത്തുന്ന ശൈലിയുമായി സിപിഎം കോണ്‍ഗ്രസിനെ ശല്യപ്പെടുത്തും; നിയമസഭയിലും പുറത്തും രാഹുല്‍ വീര്യം തകര്‍ന്നടിഞ്ഞതില്‍ ഇടതു കേന്ദ്രങ്ങളില്‍ ആഹ്ലാദം; പാര്‍ട്ടിയില്‍ നിന്നുള്ള സസ്‌പെന്‍ഷനോടെ നിയമസഭയില്‍ ഇനി രാഹുല്‍ ഉരിയാടില്ല; ഉയര്‍ച്ചയില്‍ നിന്നും ആഴത്തിലുള്ള വീഴ്ച്ചയെ യുവ നേതാവ് അതിജീവിക്കുമോ?
രാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുല്‍!
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത് തല്‍ക്കാലം മുഖം രക്ഷിച്ച കോണ്‍ഗ്രസിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. രാഹുല്‍ വിഷയം കോണ്‍ഗ്രസിന്റെ സമരാവേശങ്ങളെ ശരിക്കും കെടുത്തിയിട്ടുണ്ടെന്നതാണ് വസ്തുത. മറുവശത്ത് രാഹുലിന്റെ വീഴ്ച്ചയില്‍ സിപിഎം വളരെ സന്തോഷതതിലാണ്. എംഎല്‍എ സ്ഥാനം രാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുലിനെയാണ്. കാരണം ഈവിഷയം നിയമസഭാ തിരഞ്ഞെടുപ്പു വരെ ഇടയ്ക്കിടെ കത്തിച്ചു നിര്‍ത്താന്‍ സിപിഎം ശ്രമിക്കും. ഇതിനുള്ള മരുന്നുകള്‍ രാഹുല്‍ തന്നെ ഉണ്ടാക്കി കൊടുത്തിട്ടുണ്ടാകുമെന്നാണ് നിഗമനം. ഇപ്പോഴത്തെ സംഭവങ്ങളുടെ ബാക്കിപത്രമായി ശബ്ദരേഖകള്‍ അടക്കം ഇനിയും പുറത്തുവന്നാല്‍ അത്ഭുതപ്പെടാനില്ല. അതുകൊണ്ട് തന്നെ രാഹുല്‍ രാജിവെക്കാത്തതില്‍ സിപിഎമ്മും ഉള്ളില്‍ ചിരിക്കുകയാണ്. രാഹുല്‍ വിഷയം ഉയര്‍ത്തി കോണ്‍ഗ്രസിനെ മൊത്തത്തില്‍ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്.
അതേസമയം മറുവശത്ത് രാഹുലിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് നില്‍ക്കുന്നത്. ഇതുവരെ പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളില്‍ അവന്തികയുടെ വിഷയത്തില്‍ മാത്രമാണ് മാങ്കൂട്ടം പ്രതികരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിന്റെ മുന്നില്‍ വിഷയം ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചാണ് രാഹുലിന്റ ടീം ശ്രമം നടത്തുന്നത്. നിയമസഭയില്‍ അടക്കം വലിയ വെല്ലുവിളികളാണ് രാഹുലിന് മുന്നില്‍.
നിയമസഭയ്ക്ക് ശേഷിക്കുന്ന എട്ടുമാസത്തിനുള്ളില്‍ ചേരാന്‍സാധ്യയുള്ളത് രണ്ടു സമ്മേളനങ്ങളാണ്. പരമാവധി 25-30 ദിവസങ്ങള്‍. കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെ ഫലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാകും. ആരോപണങ്ങളുടെ തീവ്രത ഇതേപടി നിലനിന്നാല്‍ സഭാസമ്മേളനം നടക്കുന്ന കാലത്ത് അദേഹം അവധിയെടുത്തേക്കാം. അല്ലെങ്കില്‍ പേരിനുവന്ന് ഒപ്പിട്ട് മടങ്ങാം. നിയമസഭാകക്ഷിയോഗത്തിന് ക്ഷണിക്കില്ല. ആരോപണങ്ങള്‍ വ്യാജമാണെന്നോ, ഗൂഢാലോചനയുടെ ഫലമാണെന്നോ രാഹുലിന് തെളിയിക്കാനായാലേ രാഷ്ട്രീയമായി അദ്ദേഹത്തിന് ഒരു തിരിച്ചുവരവിന് സാധ്യതയുള്ളൂ.
പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഷനോ, പുറത്താക്കലോ നേരിട്ടാലും മറ്റംഗങ്ങള്‍ക്കെന്നപോലെത്തന്നെ എല്ലാ അവകാശങ്ങളും സാങ്കേതികമായി ഒരു എംഎല്‍എക്കുണ്ടാകും. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ചകളില്‍ പ്രസംഗിക്കാന്‍ ഓരോ പാര്‍ട്ടിക്കും അംഗബലമനുസരിച്ച് ആനുപാതികമായാണ് സമയം അനുവദിക്കുക. പാര്‍ട്ടിയാണ് സമയം വിഭജിച്ച് നല്‍കുക. ഒറ്റയംഗങ്ങള്‍ക്കുള്ള പരിഗണനയില്‍ രാഹുല്‍ ഏതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചാലും അത് സ്പീക്കറുടെ വിവേചനാധികാരമാണ്.
പൊതുകാര്യങ്ങള്‍ ഉന്നയിക്കാന്‍ സബ്മിഷന്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയാലും അനുവദിക്കുന്നത് സ്പീക്കറാണ്. എന്നാല്‍, ചോദ്യംചോദിച്ച് രേഖാമൂലമുള്ള മറുപടി വാങ്ങുന്നതിന് തടസ്സമുണ്ടാകില്ല. പാര്‍ട്ടി അച്ചടക്കലംഘനത്തിന് സിപിഎമ്മില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഒട്ടേറെപ്പേര്‍ എംഎല്‍എമാരായിരിക്കെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഷന്‍ നേരിട്ടിട്ടുണ്ട്. അതൊന്നും ധാര്‍മികതലത്തില്‍ ചോദ്യംചെയ്യപ്പെടുന്നതായിരുന്നില്ല. പാലക്കാട് മണ്ഡലത്തിലും എംഎല്‍എ എന്നനിലയ്ക്ക് രാഹുലിന് പ്രവര്‍ത്തിക്കുന്നത് ദുഷ്‌കരമാകും. സിപിഎമ്മും ബിജെപിയും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭപാതയിലാണ്. പാര്‍ട്ടിയുടെ സംരക്ഷണംകൂടി ഇല്ലാതാകുമ്പോള്‍ പ്രതിരോധിക്കുക അസാധ്യമാകും.
നിയമസഭാംഗങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള പ്രിവിലേജ് കമ്മിറ്റിക്ക് സമാനമായി അവരുടെ ഭാഗത്തുനിന്നുള്ള അധാര്‍മിക പെരുമാറ്റങ്ങള്‍ പരിശോധിക്കാന്‍ എത്തിക്‌സ് കമ്മിറ്റിയുണ്ട്. കമ്മിറ്റിക്ക് മുന്‍പാകെ എംഎല്‍എതന്നെ പരാതിപ്പെടണമെന്നില്ല. ആര്‍ക്കും പരാതി നല്‍കാം. നേരത്തെ ഗൗരിയമ്മയ്ക്കെതിരേയും കന്യാസ്ത്രീകള്‍ക്കെതിരേയും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് പി.സി ജോര്‍ജിനെ സമിതി രണ്ടുപ്രാവശ്യം താക്കീത് ചെയ്തിട്ടുണ്ട്.
സമീപകാലത്തു കോണ്‍ഗ്രസില്‍ മറ്റാര്‍ക്കുമുണ്ടാകാത്ത പതനമാണു രാഹുല്‍ മാങ്കൂട്ടത്തിലിന്റേത്. ഉയര്‍ച്ചയുടെ വേഗം കൂടിയപ്പോള്‍ പതനത്തിന്റെ ആഴവും കൂടി. സാങ്കേതികത്വം പറഞ്ഞ് എംഎല്‍എയായി തുടരുന്നുണ്ടെങ്കിലും സസ്‌പെന്‍ഷന്‍ നേരിട്ടതോടെ പാര്‍ട്ടിയുടെ സംരക്ഷണമില്ലാത്ത എംഎല്‍എയായി രാഹുല്‍ മാറും. കെഎസ്‌യു പ്രവര്‍ത്തനം തുടങ്ങി 17ാം വര്‍ഷമാണു രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായത്. സംസ്ഥാനത്തെ പാര്‍ട്ടിയാകെ പ്രചാരണരംഗത്തിറങ്ങി എംഎല്‍എയാക്കി. 2006 ല്‍ കെഎസ്‌യുവില്‍ അംഗമായ രാഹുല്‍ ആദ്യം ഐ ഗ്രൂപ്പിലായിരുന്നു. പത്തനംതിട്ടയിലെ സംഘടനാ തര്‍ക്കങ്ങളുടെ പേരില്‍ എ ഗ്രൂപ്പിലെത്തി.
2011 ല്‍ ഒറ്റദിവസത്തേക്കു കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായെങ്കിലും ആ പുനഃസംഘടന അന്നു തന്നെ മരവിപ്പിച്ചതിനാല്‍ ചുമതലയേല്‍ക്കാനായില്ല. ഈ ഘട്ടത്തിലാണു ഷാഫി പറമ്പിലുമായി അടുക്കുന്നത്. 2020 ല്‍ ഷാഫിയുടെ കമ്മിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി. പിന്നാലെ സംസ്ഥാന പ്രസിഡന്റ്, കെപിസിസി അംഗം.ചാനല്‍ ചര്‍ച്ചകളിലൂടെയാണു രാഹുല്‍ സുപരിചിതനായത്. ഇത്തരം ചര്‍ച്ചകളില്‍ പതിവുള്ള ബഹളത്തിനു നില്‍ക്കാതെ, മികവോടെ കാര്യങ്ങളവതരിപ്പിക്കുന്ന രാഹുലിന്റെ വാക്ചാതുരിക്ക് ആരാധകരെ ലഭിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കു കഴിയാത്തിടത്തു പറഞ്ഞു ജയിക്കാന്‍ രാഹുലിനു കഴിഞ്ഞതോടെ അവര്‍ക്കും അംഗീകരിക്കേണ്ടിവന്നു.
ബിജെപിയിലെത്തിയതിന്റെ പേരില്‍ പത്മജ വേണുഗോപാലിനെ രാഷ്ട്രീയ പിതൃത്വം പരാമര്‍ശിച്ചു പരിഹസിച്ചതു വിവാദമായി. യൂത്ത് കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങണമെന്ന് ഉപദേശിച്ച പി.ജെ.കുര്യനെതിരെയുള്ള പരാമര്‍ശവും വിവാദമായി. പ്രതിപക്ഷ നേതാവിന്റെ വിലക്കു മറികടന്നു പി.വി.അന്‍വറിന്റെ വീട്ടിലേക്ക് അര്‍ധരാത്രിയില്‍ അനുരഞ്ജനവുമായെത്തിയതും ചര്‍ച്ചകളില്‍ വന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ വ്യാജ വോട്ടു ചേര്‍ത്തു ജയിച്ചെന്ന പ്രചാരണവും അന്വേഷണവുമുണ്ടായി. കേസ് ആവിയായതോടെ വീണ്ടും കരുത്തനായി. ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ പകരക്കാരന്‍ എന്ന നിലയ്ക്കു ഷാഫി തന്നെ രാഹുലിനെ ഉയര്‍ത്തിക്കാട്ടി.
ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ ഒരിടത്തും ഔദ്യോഗിക പരാതിയില്ല. ഇരകളാക്കപ്പെട്ടവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുമില്ല. ഇതു ചൂണ്ടിക്കാട്ടിയാണു താന്‍ നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്ന നിലപാട് രാഹുല്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍, രാഹുലിന്റേതെന്ന നിലയില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ സ്ത്രീകളെ അദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തതിന്റെയും ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതിന്റെയും വ്യക്തമായ സൂചനകളുണ്ട്. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണു പരാതിയില്ലെങ്കിലും കടുത്ത നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.
സമൂഹമാധ്യമങ്ങളില്‍ രാഹുലിനെ കേന്ദ്രീകരിച്ച് ഏതാനും നാളുകളായി വ്യക്തിപരമായ ആക്ഷേപങ്ങള്‍ സജീവമായിരുന്നെങ്കിലും ദുരനുഭവമുണ്ടായെന്ന് യുവനടി റിനി ആന്‍ ജോര്‍ജ് കഴിഞ്ഞയാഴ്ച നടത്തിയ വെളിപ്പെടുത്തലാണ് അദ്ദേഹത്തിനു മേല്‍ കുരുക്കുമുറുക്കിയത്. രാഹുലിന്റെ പേരു പറയാതെയായിരുന്നു റിനിയുടെ ആരോപണം. പിന്നാലെ, മറ്റൊരു യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. രാഹുല്‍ തനിക്കു മോശം സന്ദേശങ്ങളയച്ചെന്ന ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന രണ്ടാമത്തെ ശബ്ദസന്ദേശം ശനിയാഴ്ച ഉച്ചയ്ക്കു വന്നതിനു പിന്നാലെ രാഹുലിനെതിരെ കര്‍ശന നടപടി വേണമെന്നും രാജിവയ്ക്കണമെന്നും കോണ്‍ഗ്രസിനുള്ളില്‍നിന്നു തന്നെ മുറവിളി ഉയര്‍ന്നു.
രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിയോട് ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയ രാഹുല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിച്ചെന്നു കാട്ടി എറണാകുളം സ്വദേശി ഷിന്റോ സെബാസ്റ്റ്യന്‍ നല്‍കിയ പരാതിയാണു കമ്മിഷന്‍ ഡിജിപിക്കു കൈമാറിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ ഇടപെട്ടിട്ടുണ്ട്. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷനിലെ ഡയറക്ടറെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.