കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന ഉപരാഷ്ട്രപതിയാകും സിപി എന്ന് വീമ്പു പറഞ്ഞ കോണ്‍ഗ്രസ്; ഷെഖാവത്തിന്റെ 149 വോട്ടിന്റെ മുന്‍തൂക്കം കണക്കുകളും 2025ല്‍ നല്‍കിയില്ല; അന്തിമ ഫല പ്രഖ്യാപനത്തില്‍ നിറയുന്നത് 'വോട്ട് ചോരി'! ജയറാം രമേശിന്റെ അവകാശ വാദങ്ങളെല്ലാം തെറ്റി; ആംആദ്മിയും ശിവസേനയും ചതിച്ചുവോ? മോദിയും ഷായും ചിരിക്കുമ്പോള്‍

Update: 2025-09-10 02:51 GMT

ന്യൂഡല്‍ഹി: പതിനേഴാമത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷം ഉയരുന്നതും 'വോട്ട് ചോരി' ചര്‍ച്ച. 2002ല്‍ ഭൈറോണ്‍സിങ് ഷെഖാവത്തിന് ശേഷം കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന ഉപരാഷ്ട്രപതിയാകും സിപി രാധാകൃഷ്ണന്‍ എന്നാണ് കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷം പറഞ്ഞത്. ഷെഖാവത്തിന്റെ ഭൂരിപക്ഷം 149 ആയിരുന്നു. എല്ലാ കണക്കും കൂട്ടിയാണ് രാധാകൃഷ്ണന്റെ ഭൂരിപക്ഷം കുറയ്ക്കുമെന്ന് വീരവാദം പറഞ്ഞത്. അത് നടന്നില്ല. ലോക്‌സഭാ രാജ്യസഭാ എംപിമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ട്രല്‍ കോളേജ് അംഗങ്ങള്‍. 782 ആണ് നിലവിലെ ഇലക്ട്രല്‍ കോളേജ് സംഖ്യ. ജയിക്കാന്‍ 392 വോട്ട്. ബിജെപിക്ക് 341 എംപിമാരുണ്ട്. എന്‍ഡിഎയില്‍ 426 പേരും. ഇതിനൊപ്പം ഒരു വോട്ട് കൂടി അവര്‍ ഉറപ്പിച്ചിരുന്നു. വൈഎസ്ആര്‍സിപിയുടെ 11 എംപിമാരുടെ വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ചിരിക്കും. അങ്ങനെയങ്കില്‍ സി.പി. രാധാകൃഷ്ണന് കിട്ടേണ്ട വോട്ടുകളുടെ എണ്ണം 436 ആണ്. ഇതില്‍നിന്ന് ഒന്ന് കുറയുന്നതുപോലും ബിജെപിക്ക് തലവേദനയായി മാറുമായിരുന്നു. അത്രയും വോട്ടാണ് ബിജെപി ഉറപ്പിച്ചത്. പക്ഷേ അതുക്കും മേലെ കണക്ക് പോയി. രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി. രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സരിച്ച സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. സദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയാണ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. അതായത് ഭൂരിപക്ഷം 152. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നു. സിപി രാധാകൃഷ്ണന്റെ ഭൂരിപക്ഷം 150 കടക്കണമെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും സന്തോഷം നല്‍കുന്നതാണ് രാധാകൃഷ്ണന്റെ 152 വോട്ടിന്റെ വിജയം.

315 എംപിമാര്‍ പ്രതിപക്ഷത്ത് നിന്നും വോട്ടു ചെയ്തുവെന്ന് ജയറാം രമേശ് സോഷ്യല്‍ മീഡിയയില്‍ വിശദീകരിച്ചിരുന്നു. പെട്ടി പൊട്ടിച്ചപ്പോള്‍ അത്രയും വോട്ട് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടിയില്ല. രാധാകൃഷ്ണന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും കൂടുകയും ചെയ്തു. ഉപരാഷ്ട്രപതി തിരഞ്ഞെടപ്പില്‍ വിപ്പ് നല്‍കാന്‍ പാര്‍ട്ടികള്‍ക്ക് ആകില്ല. ആര്‍ക്കു വേണമെങ്കിലും ആര്‍ക്കും വോട്ട് ചെയ്യാം. ഇതിന് രഹസ്യ സ്വഭാവവും ഉണ്ടാകും. ഈ സാഹചര്യത്തില്‍ എംപിമാര്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യും. ബിജെപിയിലും പ്രതിപക്ഷത്തും അവരുടെ പക്ഷവുമായി തെറ്റി നില്‍ക്കുന്ന ചില എംപിമാരുണ്ട്. ഇവരുടെ വോട്ട് മാറി മറിഞ്ഞു. അന്തിമ കണക്കൂകളില്‍ 15 വോട്ട് രാധാകൃഷ്ണന് അനുകൂലമായി ക്രോസ് വോട്ടായി. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയായി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റത്. 300 സീറ്റുകളിലധികംനേടി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു 2024-ല്‍ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വിജയിക്കാനായത് 240 സീറ്റുകളില്‍ മാത്രമായിരുന്നു. അവകാശവാദം യാഥാര്‍ഥ്യമാക്കാന്‍ ബിജെപിക്ക് കഴിയാതെ പോയതിനെ ഇന്ത്യാമുന്നണി അവരുടെ രാഷ്ട്രീയനേട്ടമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയവും ഭൂരിപക്ഷവും ബിജെപിക്ക് ഏറെ നിര്‍ണായകമായിരുന്നു. ആംആദ്മിക്കാരും ശിവസേനയിലെ ചിലരും ചതിച്ചുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വോട്ടടക്കം കൂറുമാറിയെന്ന് ഇന്ത്യാ സഖ്യത്തിലുള്ളവര്‍ തിരിച്ചറിയുന്നുണ്ട്.

ആര്‍എസ്എസിലൂടെ വളര്‍ന്നുവന്ന വ്യക്തിയാണ് ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി.പി. രാധാകൃഷ്ണന്‍. 2003 മുതല്‍ 2006 വരെ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു. കോയമ്പത്തൂരില്‍നിന്ന് മുന്‍പ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 ഫെബ്രുവരി 18 മുതല്‍ 2024 ജൂലായ് 30 വരെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. പിന്നീട് കുറഞ്ഞ ദിവസങ്ങളില്‍ തെലങ്കാന ഗവര്‍ണറും പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണറുമായി സേവനം ചെയ്തു. 1957 ഒക്ടോബര്‍ 20-ന് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ജനനം. 427 എംപിമാരുടെ പിന്തുണയോടെ രാധാകൃഷ്ണന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ലോക്സഭയില്‍ അദ്ദേഹത്തിന് 293 വോട്ടുകളും രാജ്യസഭയില്‍ 134 എംപിമാരുടെ പിന്തുണയും ലഭിക്കുമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടിയിരുന്നത്. ബിജു ജനതാദളില്‍ (ബിജെഡി) നിന്ന് ഏഴ് പേരും, ഭാരത് രാഷ്ട്ര സമിതിയില്‍ (ബിആര്‍എസ്) നിന്ന് നാല് പേരും, ശിരോമണി അകാലിദളില്‍ (എസ്എഡി) നിന്ന് ഒരാളും, ഒരു സ്വതന്ത്ര എംപിയും ഉള്‍പ്പെടെ ആകെ 13 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തങ്ങളുടെ 315 പാര്‍ലമെന്റ് അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു പ്രതിപക്ഷ സഖ്യം അവകാശപ്പെട്ടിരുന്നത്. ഫലപ്രഖ്യാപനം വന്നതോടെ പ്രതിപക്ഷത്തുനിന്നും രാധാകൃഷ്ണന് വോട്ട് ലഭിച്ചുവെന്ന് വ്യക്തമായി. ജയസാധ്യതയില്ലായിരുന്നെങ്കിലും 324 വോട്ട് നേടും എന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ കണക്കുകൂട്ടല്‍. ഇന്ന് വൈകിട്ടും 315 വോട്ടുകള്‍ നേടും എന്നാണ് നേതാക്കള്‍ പറഞ്ഞത്. പ്രതിപക്ഷത്തെ 315 എംപിമാര്‍ വോട്ടു ചെയ്തതായി കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയറാം രമേശ് എക്‌സില്‍ കുറിക്കുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ നേടിയത് ആകെ 300 വോട്ട്. 15 വോട്ടുകള്‍ ചോര്‍ന്നതിനെപ്പറ്റിയുള്ള ചര്‍ച്ച വരുംദിവസങ്ങളിലും തുടരും. ഇന്ത്യ സഖ്യത്തില്‍ നിന്നും വോട്ട് ലഭിക്കുമെന്ന് നേരത്തെ ബിജെപി ക്യാംപ് അവകാശപ്പെട്ടിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റേത് ഉള്‍പ്പെടെ 439 വോട്ട് മാത്രമായിരുന്നു എന്‍ഡിഎ പ്രതീക്ഷിച്ചിരുന്നത്. ആംആദ്മി പാര്‍ട്ടിയുടെ പിന്തുണയടക്കം ആണ് ഇന്ത്യാസഖ്യം പരമാവധി 324 വോട്ട് പ്രതീക്ഷിച്ചത്.

ഉപരാഷ്ട്രപതിമാരും ഭൂരിപക്ഷവും

1952 ഡോ. എസ്.രാധാകൃഷ്ണന്‍ (എതിരില്ല)

1957 ഡോ. എസ്.രാധാകൃഷ്ണന്‍ (എതിരില്ല)

1962 ഡോ. സക്കീര്‍ ഹുസൈന്‍ (554)

1967 വി.വി.ഗിരി (290)

1969 ജി.എസ്.പാഥക് (231)

1974 ബി.ഡി. ജട്ടി (380)

1979 മുഹമ്മദ് ഹിദായത്തുല്ല (എതിരില്ല)

1984 ആര്‍.വെങ്കിട്ടരാമന്‍ (301)

1987 ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ (എതിരില്ല)

1992 കെ.ആര്‍.നാരായണന്‍ (699)

1997 കൃഷ്ണകാന്ത് (168)

2002 ഭൈറോണ്‍ സിങ് ശെഖാവത്ത് (149)

2007 മുഹമ്മദ് ഹമീദ് അന്‍സാരി (233)

2012 മുഹമ്മദ് ഹമീദ് അന്‍സാരി (252)

2017 എം. വെങ്കയ്യ നായിഡു (272)

2022 ജഗ്ദീപ് ധന്‍കര്‍ (346)

2025 സി.പി. രാധാകൃഷ്ണന്‍ (152)

Similar News