ആരോപണ ശരങ്ങളേറ്റ് വലഞ്ഞ സര്‍ക്കാര്‍ നിയമസഭയിലെത്തുന്നത് മുന്‍പുള്ള ചോദ്യങ്ങള്‍ക്കു പോലും മറുപടി നല്‍കാതെ; 400ലധികം ചോദ്യങ്ങള്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരമില്ല; സ്പീക്കറുടെ റൂളിങിന് അവഗണന; പോലീസിന്റെ നരനായാട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ ആഭ്യന്തര വകുപ്പ് വിയര്‍ക്കും; പിണറായിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം
ആരോപണ ശരങ്ങളേറ്റ് വലഞ്ഞ സര്‍ക്കാര്‍ നിയമസഭയിലെത്തുന്നത് മുന്‍പുള്ള ചോദ്യങ്ങള്‍ക്കു പോലും മറുപടി നല്‍കാതെ
തിരുവനന്തപുരം: വിവാദ വിഷയങ്ങളില്‍ യാതൊരു മറുപടിയുമില്ലാതെ ഒളിച്ചോടിക്കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ തിങ്കളാഴ്ച നിയമസഭയിലെത്തുന്നത് കഴിഞ്ഞ സമ്മേളനത്തിലെ 400 ലധികം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന നിയമസഭാ സ്പീക്കറുടെ റൂളിങ് പാലിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. ആഭ്യന്തര വകുപ്പിന്‍െ്റ വീഴ്ചയും പോലീസിന്‍െ്റ നരനായാട്ടും സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ എങ്ങനെയാണ് പ്രതിരോധം തീര്‍ക്കുന്നതെന്ന ആശങ്കയില്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം.
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം 15 മുതല്‍ ഒക്ടോബര്‍ പത്തുവരെയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പു സംബന്ധിച്ച വിജ്ഞാപനം ഒക്ടോബറില്‍ വരികയാണെങ്കില്‍ സമ്മേളനം ചുരുക്കേണ്ടിവരും. ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ സംസ്ഥാനത്തുടനീളം ഉയരുന്ന ആരോപണങ്ങള്‍ നിയമസഭയില്‍ ചോദ്യങ്ങളായി ഉയരും. എല്ലാ ചോദ്യങ്ങള്‍ക്കും ആഭ്യന്തര വകുപ്പ് നോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും ഉത്തരം പറയേണ്ടി വരിക. എന്നാല്‍, കഴിഞ്ഞ നിരവധി സമ്മേളനങ്ങളില്‍ സഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഇപ്പോഴും ഉത്തരം പറയാനുണ്ട്. ഇത്തവണയും 'വിവരം ശേഖരിച്ചു വരുന്നു' എന്ന പതിവ് ഉത്തരം തന്നെയാകും കൂടുതല്‍ ചോദ്യങ്ങള്‍ക്കും മറുപടിയായി ലഭിക്കുക.
എംഎല്‍എമാര്‍ ചോദ്യം നിയമസഭാ സെക്രട്ടറിക്ക് എഴുതി നല്‍കിക്കഴിഞ്ഞാല്‍ എട്ടു ദിവസമാണു മന്ത്രിമാര്‍ക്ക് ഉത്തരം തയാറാക്കാനായി ലഭിക്കുന്നത്. മുന്‍പു ചോദ്യം അച്ചടിച്ച് എത്താനായി കാത്തിരിക്കണമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇ-മെയില്‍ വഴി രണ്ടു ദിവസം നേരത്തേതന്നെ ചോദ്യങ്ങള്‍ മന്ത്രിമാരുടെ ഓഫിസില്‍ എത്തും. പഴ്സനല്‍ സ്റ്റാഫ് അവ പരിശോധിച്ചു ഡയറക്ടറേറ്റുകളിലേക്കും മറ്റും കൈമാറും. ഉത്തരം ശേഖരിച്ചു സമര്‍പ്പിക്കുകയെന്നത് ഉദ്യോഗസ്ഥരുടെ ജോലിയാണ്. മുന്‍പു ശേഖരിച്ച കണക്കുകളാണെങ്കില്‍ ഉടന്‍തന്നെ മറുപടി നല്‍കാം. എല്ലാ നിയമസഭാ സമ്മേളനങ്ങളിലും വരുന്ന പതിവു ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മുന്‍കൂട്ടി തയാറാക്കിവയ്ക്കുകയാണു പതിവ്.
വിവരാവകാശ നിയമപ്രകാരം 10 രൂപ ഫീസ് നല്‍കിയാല്‍ 30 ദിവസത്തിനുള്ളില്‍ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി കിട്ടുന്ന നമ്മുടെ നാട്ടിലാണ് വര്‍ഷങ്ങളോളം ഉത്തരത്തിനായി എംഎല്‍എമാരും ജനങ്ങളും കാത്തിരിക്കേണ്ടിവരുന്നത്. നിയമസഭയില്‍ എംഎല്‍എമാര്‍ ചോദ്യം ഉന്നയിക്കുന്നത് ഉത്തരം കിട്ടാന്‍വേണ്ടി മാത്രമല്ല. തന്റെ മണ്ഡലത്തിലെ ഒരു പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് എംഎല്‍എ ചോദിച്ചാല്‍ അതു മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടും. പണി വേഗത്തിലാകും.
പദ്ധതിക്കു തടസ്സം നില്‍ക്കുന്നതിന്റെ കാരണമെന്തെന്നു കാര്യകാരണസഹിതം ജനങ്ങള്‍ക്കു ബോധ്യമാകുകയും ചെയ്യും. പണി വേഗത്തിലാക്കുമെന്നു മന്ത്രി ഉറപ്പു നല്‍കിയാല്‍ അതു മറ്റൊരു ഫയലായി രൂപാന്തരപ്പെടും. ഉറപ്പു പാലിക്കാന്‍ മന്ത്രി ബാധ്യസ്ഥനാകുകയും ചെയ്യും. ഉത്തരം നല്‍കിയില്ലെങ്കില്‍ ഈ ഉത്തരവാദിത്തങ്ങളില്‍നിന്നൊക്കെ മന്ത്രിക്കും വകുപ്പിനും മാറി നില്‍ക്കുകയും ചെയ്യാം. അതാണ് ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്നത്്.
കഴിഞ്ഞ സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ട നാന്നൂറിലധികം ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കാനുള്ളത്. വൈദ്യുതി, സഹകരണം, കൃഷി, മൃഗസംരക്ഷണം വകുപ്പുകള്‍ മാത്രമാണ് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത്. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ തങ്ങള്‍ നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറിയിട്ടുണ്ടെന്നാണ് പല വകുപ്പുകളും വ്യക്തമാക്കുന്നത്. എന്നാല്‍, നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ നല്‍കാത്തതാണ് പ്രശ്നത്തിന് കാരണം. വൈകുന്ന മറുപടികള്‍ വിശദീകരണക്കുറിപ്പോടെ സഭയില്‍ വെക്കണമെന്നതാണ് ചട്ടം.
മറുപടികള്‍ ലഭിച്ചപ്പോഴേക്കും സഭാ സമ്മേളന കാലയളവ് കഴിഞ്ഞിരിക്കാമെന്നാണ് അനൗദ്യോഗിക വിശദീകരണം. ഫലത്തില്‍ വരും സമ്മേളനകാലത്തേ മറുപടികള്‍ വെളിച്ചം കാണൂ. കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 47-ാം വകുപ്പ് പ്രകാരം ചോദ്യങ്ങള്‍ക്കു മന്ത്രിമാര്‍ സഭയില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന മറുപടികള്‍ ചോദ്യം പരിഗണിക്കുന്നതിന്റെ തലേന്നു വൈകിട്ട് അഞ്ചിനു മുന്‍പ് നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറിയിരിക്കണം. പൂര്‍ണമായ മറുപടി ഇല്ലെങ്കില്‍ ഇടക്കാല മറുപടിയെങ്കിലും കൈമാറണം. മറുപടി 15 ദിവസത്തിലേറെ വൈകുകയുമരുത്.
ചോദ്യങ്ങള്‍ക്കു കൃത്യമായും സമയബന്ധിതമായും ഉത്തരം നല്‍കാത്തതിന്റെ പേരില്‍ 10 റൂളിങ്ങുകളാണ് ഇതുവരെ വിവിധ സ്പീക്കര്‍മാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഉത്തരം നല്‍കിയെന്നു വരുത്താന്‍ 'വിവരം ശേഖരിച്ചു വരുന്നു' എന്ന ഉത്തരത്തെയാണു പല മന്തിമാരും ആശ്രയിക്കുന്നത്. മറുപടി നല്‍കുന്നതില്‍ അനാവശ്യ കാലതാമസം വരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു മേല്‍ പിഴശിക്ഷ ഉള്‍പ്പെടെ ചുമത്താന്‍ വ്യവസ്ഥയുമുണ്ട്. എന്നാല്‍, വീഴ്ച തുടരുമ്പോഴും ആര്‍ക്കുമെതിരെ നടപടിയെടുത്തിട്ടില്ല.
കഴിഞ്ഞ സമ്മേളനത്തില്‍ നവകേരളയാത്ര, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകള്‍, മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംഘം, ദുരിതാശ്വാസ നിധി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി യഥാസമയം മറുപടി നല്‍കാതിരുന്നത്. ലോകകേരള സഭ, സംസ്ഥാനത്തിന്‍െ്റ സാമ്പത്തിക സ്ഥിതി, ശമ്പള പരിഷ്‌കരണ കുടിശ്ശിക, സംസ്ഥാനത്തിന്റെ വരുമാന നഷ്ടം, സാമൂഹിക സുരക്ഷസെസ്, ട്രഷറി നിയന്ത്രണം, ടേണ്‍ ഓവര്‍ ടാക്സ് എന്നിവക്കാണ് ധനവകുപ്പ് മറുപടി നല്‍കാതിരുന്നത്. എ.ഐ കാമറ, ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണം, ആര്‍.സി അച്ചടിയിലെ കാലതാമസം, മോട്ടോര്‍ വാഹനവകുപ്പിലെ ഡിജിറ്റലൈസേഷന്‍, സര്‍ക്കാര്‍ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ എന്നിവക്കാണ് ഗതാഗത വകുപ്പ് മറുപടി നല്‍കാതിരുന്നത്.