സുധാകരന്‍ മാറുന്ന പക്ഷം ഈഴവ പ്രാതിനിധ്യം അടൂര്‍ പ്രകാശിനെ തുണയ്ക്കുമോ? ബെന്നിയും സണ്ണിയും ആന്റോയും ഹസനും കൊടിക്കുന്നിലും കരുനീക്കത്തില്‍; സുധാകരനെ അധ്യക്ഷ പദവിയില്‍ നിന്നും മാറ്റും; ചെന്നിത്തല-വിഡി പത്രസമ്മേളനത്തോടെ സുധാകരനോട് ഹൈക്കമാണ്ടിന് അതൃപ്തി കൂടി; കെപിസിസി ഈഗോ ക്ലാഷില്‍ തിരുത്തല്‍ ഉടന്‍; പുനസംഘടനയില്‍ സജീവ ചര്‍ച്ച

Update: 2025-01-24 01:34 GMT

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റും. കെ.പി.സി.സി. പുനഃസംഘടിപ്പിക്കാനുള്ള ശുപാര്‍ശ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി ഹൈക്കമാന്‍ഡിന് നല്‍കും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കണമെന്ന് ഹൈക്കമാണ്ട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് സാധ്യമായില്ല. അതിനിടെ നിയമസഭയിലെ വിവാദങ്ങളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും ചേര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇതിലൂടെ തനിക്ക് ആരോടും ഇഗോ ഇല്ലെന്ന സന്ദേശം സതീശന്‍ നല്‍കി. കെപിസിസി അധ്യക്ഷന്‍ തയ്യാറാവാത്തതു മൂലമാണ് സംയുക്ത വാര്‍ത്താ സമ്മേളനം സാധ്യമാകാത്തത് എന്ന് വിഡി സതീശന്‍ ഹൈക്കമാണ്ടിനെ ധരിപ്പിച്ചതായാണ് സൂചന. അതിനിടെ കെപിസിസി അധ്യക്ഷ പദവിയിലെ മാറ്റത്തിന് ശേഷം പ്രതിപക്ഷ നേതാവിനേയും മാറ്റാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ മനസ്സാകും നിര്‍ണ്ണായകം. തല്‍കാലം വിഡി മാറ്റില്ല. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം വിഡിയ്ക്ക് നിര്‍ണ്ണായകമാകും.

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സുധാകരനും സമ്മതമാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ ഒച്ചപ്പാടിനില്ലാതെ സ്ഥാനമൊഴിയുമെന്ന് സുധാകരന്‍ വ്യക്തമാക്കിയത് പുനസംഘടന ഉറപ്പായെന്ന തിരിച്ചറിവിലാണ്. കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുമുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. സംയുക്ത വാര്‍ത്താ സമ്മേളനം പോലും നടക്കുന്നില്ല. സംഘടനാപരമായ കാര്യങ്ങളില്‍ സതീശന്‍ മുന്‍കൈയെടുക്കുന്നത് ഹൈക്കമാണ്ട് അനുവദിക്കില്ല. കെപിസിസി അധ്യക്ഷന്റെ ചുമതലകളിലെ കൈകടത്തല്‍ ഗൗരവത്തോടെ കാണും.

കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ ഒരുക്കുന്ന കൊനഗേലുവും കെ.പി.സി.സി. നേതൃസ്ഥാനത്തേക്ക് പകരം പേരുകള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. സാമുദായിക സന്തുലനം പാലിക്കുംവിധമാണ് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത്. കെപിസിസി പ്രസിഡന്റിനെ മാറ്റിയാല്‍ പ്രതിപക്ഷ നേതാവിനേയും മാറ്റണമെന്ന ആവശ്യം ഹൈക്കമാണ്ടിന് മുന്നിലേക്ക് വയ്ക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ കൊണ്ടു വരാനും സാധ്യതയുണ്ട്. കെപിസിസിയില്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്ന തരത്തിലെ തോന്നല്‍ കൊണ്ടു വരണമെന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍, പ്രചരണ സമിതി കണ്‍വീനര്‍ തുടങ്ങിയ താക്കോല്‍ സ്ഥാനങ്ങളില്‍ മാറ്റം അനിവാര്യമാണെന്ന് ഗ്രൂപ്പ് മനേജര്‍മാര്‍ പറയുന്നു. ക്രൈസ്തവ സഭയെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം മുസ്ലീം സമുദായത്തേയും ചേര്‍ത്തു നിര്‍ത്തണമെന്നാണ് ചില കേന്ദ്രങ്ങളുടെ ആവശ്യം.

നാല് പ്രധാന സ്ഥാനങ്ങളില്‍ ഒന്ന് വീതം ക്രൈസ്തവ-മുസ്ലീം നേതാക്കള്‍ക്ക് നല്‍കും. ഇതിനൊപ്പം നായര്‍-ഈഴവ സമുദായങ്ങളെ പിണക്കാതെയും മറ്റ് രണ്ട് പദവികള്‍ വീതം വയ്ക്കണമെന്നാണ് ആവശ്യം. കെപിസിസി പ്രസിഡന്റാകാന്‍ മാത്യു കുഴല്‍നാടന്‍, റോജി ജോണ്‍, ബെന്നി ബെഹന്നാന്‍, ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവര്‍ കരുനീക്കം നടത്തുന്നുണ്ട്. അടൂര്‍ പ്രകാശും കെ മുരളീധരനും പദവികള്‍ ലക്ഷ്യമിടുന്നുണ്ട്. രമേശ് ചെന്നിത്തലയും ജില്ലകള്‍ കേന്ദ്രീകരിച്ച് നേടാക്കളെ കൂടെ കൂട്ടി ശക്തിയാര്‍ജ്ജിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പിന് പൊതുവായൊരു നേതാവില്ല. എങ്കിലും എംഎം ഹസന്റെ നേതൃത്വത്തില്‍ ചിലര്‍ ഒരുമിച്ചാണ് പോകുന്നത്. അടുത്ത നിയസഭാ തിരഞ്ഞെടുപ്പില്‍ അടക്കം മത്സരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഹസന്റെ നീക്കങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് എല്ലാ അര്‍ത്ഥത്തിലും ഗ്രൂപ്പിന്റെ നിയന്ത്രണം നഷ്ടമായിട്ടുണ്ട്. പാലക്കാട്ടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തോടെ ഷാഫി പറമ്പില്‍ കരുത്തനായി മാറുകയും ചെയ്യുന്നു. കോണ്‍ഗ്രസ് പുനസംഘടനയില്‍ ഷാഫിക്കും പദവി കിട്ടിയേക്കും. കെപിസിസി അധ്യക്ഷനാകാന്‍ കൊടിക്കുന്നില്‍ സുരേഷും ചരടുവലികള്‍ നടത്തുന്നുണ്ട്. എകെ ആന്റണിയുടെ പിന്തുണ കൊടിക്കുന്നിലിനുണ്ട്.

ഇത്തരമൊരു സമഗ്ര അഴിച്ചു പണി നടക്കണമെങ്കില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മാറേണ്ടതുണ്ടെന്ന ചര്‍ച്ച സുധാകരന്‍ ക്യാമ്പും സജീവമാക്കുന്നു. എങ്കില്‍ മാത്രമേ എല്ലാ വിഭാഗങ്ങളേയും കോണ്‍ഗ്രസിനൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ കഴിയൂവെന്ന വിലയിരുത്തല്‍ വരുത്തി എടുക്കാനാണ് ശ്രമം. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വി.ഡി.സതീശന്‍ പറഞ്ഞ 63 നിയമസഭാ സീറ്റുകളാണ് കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. ഇതിനെ ആ യോഗത്തില്‍ തന്നെ എപി അനില്‍കുമാര്‍ ചോദ്യം ചെയ്തു. സാധാരണനിലയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് ഇത്തരത്തില്‍ സര്‍വേ നടത്തുന്നത്. സര്‍വേ നടത്തി വിജയസാധ്യയുള്ള മണ്ഡലങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം വിജയസാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കും. അതിന് ശേഷം അവിടം കേന്ദ്രീകരിച്ചാണ് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഇവിടെ സതീശന്‍ എന്തിന് ഈ റോള്‍ ഏറ്റെടുത്തുവെന്ന ചോദ്യമാണ് ഉയര്‍ന്നത്.

Tags:    

Similar News