നിതീഷ് 'സദ്ഭരണത്തിന്റെ നായകന്‍' എന്ന വിശേഷണത്തെ ബിഹാര്‍ ജനത അടിവരയിട്ട് അംഗീരിച്ചു; ജയപ്രകാശ് നാരായണന്റെയും കര്‍പ്പൂരി താക്കൂറിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ ആ കൊച്ചു പയ്യന്‍ രചിക്കുന്നത് ബീഹാര്‍ വിജയഗാഥ! മുഖ്യമന്ത്രി പദത്തില്‍ കാല്‍നൂറ്റാണ്ടിലേക്ക്; വികസന കാര്‍ഡിനൊപ്പം ജാതി സമവാക്യങ്ങളുടെ ചേരുവ മാറ്റിമറിച്ച സോഷ്യല്‍ എഞ്ചിനീയറിംഗ്; വീണ്ടും 'നിതീഷ്' തരംഗം
പാട്‌നാ: ബീഹാറില്‍ എന്‍ഡിഎ തരംഗം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 2020നേക്കാള്‍ മികച്ച പ്രകടനവുമായി അധികാരത്തിലേറുന്നു. അതിന്റെ കേന്ദ്ര ബിന്ദുവാകുന്നത് നിതീഷ് കുമാറും. നിതീഷ് 'സദ്ഭരണത്തിന്റെ നായകന്‍' എന്ന വിശേഷണത്തെ ബിഹാര്‍ ജനത അടിവരയിട്ട് അംഗീകരിച്ചെന്നുതന്നെ കരുതാം. മുഖ്യമന്ത്രിപദത്തില്‍ കാല്‍നൂറ്റാണ്ട് എന്ന നാഴികക്കല്ലിലേക്കാണ് നിതീഷ് നടന്നടുക്കുന്നത്. ഇക്കുറി തിരഞ്ഞെടുപ്പില്‍ വീറുംവാശിയും കൂടുതലായിരുന്നു ബിഹാറില്‍. എസ്‌ഐആറും വോട്ടുകൊള്ള ആരോപണവുമുയര്‍ന്നതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മുഴുവനും ബിഹാറിലേക്കായി. അവിടെയാണ് ബിജെപിയും നിതീഷും ജയിച്ചു കയറുന്നത്. ആരും പ്രതീക്ഷിക്കാത്ത മഹാവിജയം. നിതീഷ് അതിന്റെ മുഖ്യശില്‍പ്പിയാകുന്നു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയും യുവാക്കളെ ലക്ഷ്യമിട്ടുള്ള തേജസ്വി യാദവിന്റെ പ്രചാരണവും ബിഹാറിനെ ഇളക്കിമറിച്ചപ്പോള്‍ എന്‍ഡിഎയുടെ പ്രചാരണം നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിഹാറില്‍ എത്തി. കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ബിഹാറില്‍ തുടര്‍ഭരണത്തിന് മോദി ആഹ്വാനം ചെയ്തത്. 'മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍' പദ്ധതിയിലൂടെ 10,000 രൂപ വീതം ഓരോ സ്ത്രീയുയും അക്കൗണ്ടില്‍ നിക്ഷേപിച്ച നീക്കം പ്രതിപക്ഷത്തെ ഞെട്ടിച്ചു. എന്‍ഡിഎയില്‍ കൂടുതല്‍ ബഹളമില്ലാത്ത സീറ്റ് വിഭജനവും വികസന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രചാരണവും ഫലം ലക്ഷ്യം കണ്ടു. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ആദ്യം എന്‍ഡിഎ മടിച്ചപ്പോള്‍ ഒരു മുഴം മുന്നിലേക്കെറിഞ്ഞ് നിതീഷ് സമ്മര്‍ദം ചെലുത്തി. ഇതോടെ, അടുത്ത സര്‍ക്കാരിനെ നിതീഷ് തന്നെ നയിക്കുമെന്ന് മോദിക്ക് പ്രഖ്യാപിക്കേണ്ടിവന്നു. നിതീഷിന്റെ പാര്‍ട്ടിയായ ജെഡിയു 2020ല്‍ 43 സീറ്റില്‍ ഒതുങ്ങിയിരുന്നു. ഇപ്പോള്‍ സ്ഥിതി അതല്ല. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം. ബീഹാറി ജനതയുടെ മനസ്സിലേക്ക് നിതീഷ് കുമാര്‍ കൂടുതല്‍ ആഴത്തില്‍ പതിഞ്ഞതിന് തെളിവാണ് ഇത്.
പട്‌നയില്‍ നിന്ന് 74 കിലോമീറ്റര്‍ ദൂരെയാണ് കല്യാണ്‍ബിഗ. നളന്ദ ജില്ലയിലെ ഈ ചെറുഗ്രാമത്തിലെ വീട്ടിലാണ് നിതീഷ് കുമാര്‍ ജനിച്ചത്. ജയപ്രകാശ് നാരായണന്റെയും കര്‍പ്പൂരി താക്കൂറിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുരാഷ്ട്രീയധാരയിലേക്ക് നിതീഷ് നടന്നു കയറിയത്. ഘടകകക്ഷിയെ വിഴുങ്ങുന്ന സ്വഭാവമുള്ള ബി.ജെ.പി നിതീഷിന് പകരം സ്വന്തം മുഖ്യമന്ത്രിയെന്ന തന്ത്രം 2020 മുതല്‍ ഒളിപ്പിച്ച് കടത്തി. അതിനാല്‍, തിരഞ്ഞെടുപ്പിന് നടുവില്‍ ഒറ്റപ്പെട്ടു പോയ നിതീഷായിരുന്നു 2020 ലെ പ്രചരണവേദികളിലെ ചര്‍ച്ച. ജെ.ഡി.യു മെലിഞ്ഞു,ബി.ജെ.പി വളര്‍ന്നു. ഒടുവില്‍ മുന്നണി വിട്ട് മറുകണ്ടം ചാടി ആര്‍ജെഡിക്കൊപ്പം ഭരണം തുടരേണ്ടി വന്നതും ചരിത്രം. പിന്നീടു വീണ്ടും മോദിക്കൊപ്പം ചേര്‍ന്നു.
അതിന് ശേഷം നിതീഷ് കൂടുതല്‍ കരുത്തനായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് സീറ്റ് കൂടി. ഇപ്പോള്‍ നിയമസഭയിലും കത്തി കയറി. ഇത്തവണ 35 വയസ്സുകാരനായ തേജസ്വി യാദവും 74 വയസ്സുകാരനായ നിതീഷും തമ്മിലുള്ള യുദ്ധമായി തിരഞ്ഞെടുപ്പിനെ മഹാസഖ്യം വ്യാഖ്യാനിച്ചു. ബിഹാറിന് വേണ്ടത് യുവനേതൃത്വമെന്ന് നിതീഷിന്റെ പഴയ സഹായി പ്രശാന്ത് കിഷോര്‍ പ്രചരിപ്പിച്ചു. അതുകൊണ്ട് തന്നെ നിതീഷ് കുമാറിന്റെയും ജെഡിയുവിന്റെയും ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് നിഗമനം എത്തി. നിതീഷ് ക്ഷീണിച്ചാല്‍ ജെ.ഡി.യു ക്ഷീണിക്കും. ജെഡിയു രണ്ടായി പിരിഞ്ഞ് ഒരു ഭാഗം ആര്‍ജെഡിയിലും മറുഭാഗം ബി.ജെ.പിയിലും കലരും എന്നും പ്രചരണമെത്തി. പക്ഷേ ഇതിനെയെല്ലാം നിതീഷ് അതിജീവിക്കുകയാണ്. വികസന കാര്‍ഡിനൊപ്പം, ജാതിസമവാക്യങ്ങളുടെ ചേരുവ മാറ്റിമറിച്ച് നിതീഷ് കുമാര്‍ നടത്തുന്ന സോഷ്യല്‍ എഞ്ചിനീയറിംഗും ഈ വിജയത്തില്‍ പ്രധാനമാണ്.
നിതീഷ് കുമാര്‍ എന്ന രാഷ്ട്രീയനേതാവിനെയും ഭരണാധികാരിയെയും ബിഹാര്‍ രാഷ്ട്രീയത്തിന് ഒഴിവാക്കാനാകില്ലെന്ന് തെളിയുകയാണ് വീണ്ടും. നിതീഷിന്റെ ജനപ്രിയതയും താഴെത്തട്ടുവരെയുള്ള ബന്ധവും എന്‍ഡിഎ സഖ്യത്തില്‍ മറ്റാര്‍ക്കുമില്ല. ബി.ജെ.പിയുടെ ഉപമുഖ്യമന്ത്രിമാര്‍ക്ക് പോലും വേരുകളില്ല. ജനബന്ധമുണ്ടായിരുന്ന സുശീര്‍കുമാര്‍ മോദിയുടെ മരണം ബിജെപിയുടെ നേതൃനിരയില്‍ ശൂന്യതയാണ് സൃഷ്ടിച്ചത്. ഇനിയും നിതീഷിനെ മുന്‍നിര്‍ത്തി മാത്രമേ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ കഴിയു എന്ന രാഷ്ട്രീയയാഥാര്‍ഥ്യം ബീഹാറില്‍ വീണ്ടും തെളിയുന്നു. ബിഹാറില്‍ 20 വര്‍ഷം കൊണ്ട് നടപ്പാക്കിയ വികസന പദ്ധതികളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ നിരത്തിയും പുതുതായി ചെയ്യാനിരിക്കുന്ന പദ്ധതികളുടെ അവകാശവാദങ്ങളുയര്‍ത്തിയുമാണ് നിതീഷും എന്‍ഡിഎയും പ്രചരണം നടത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിശീര്‍ഷ വരുമാനം, ആയുര്‍ദൈര്‍ഘ്യം,ശിശുമരണനിരക്ക്,വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയില്‍ 20 വര്‍ഷത്തിനിടയിലുണ്ടായ ദൃശ്യപരമായ വികസനമാണ് നിതീഷ് ഉയര്‍ത്തിയ മുദ്രാവാക്യം.
എന്നാല്‍ അടിസ്ഥാന സൗകര്യവികസനത്തിലും ക്രമസമാധാന പാലനത്തിലും നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ,യുവാക്കളുടെ തൊഴിലില്ലായ്മയും തൊഴില്‍ കുടിയേറ്റവും തടയുന്നതില്‍ നിതീഷ് സര്‍ക്കാര്‍ വിജയിച്ചില്ലെന്ന വിമര്‍ശനം പരക്കെയുണ്ട്. 3.1 കോടി യുവാക്കളാണ് ഇ.ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി ബിഹാറില്‍ കാത്തിരിക്കുന്നത്.പുതിയ കണക്കുകള്‍ അനുസരിച്ച് 3 കോടി ആളുകള്‍ തൊഴില്‍ തേടി ബിഹാറിന് പുറത്താണ്. അപ്പോഴും ബീഹാറിലെ സ്ത്രീകള്‍ നിതീഷിനൊപ്പമാണ്. സോഷ്യലിസം സ്ത്രീകളിലേക്ക് എത്തിക്കാന്‍ നിതീഷിന് ആയി.
