കോടിയേരിക്ക് നീതിയൊരുക്കാത്ത ചതിയന്‍! ഗോവിന്ദനെ അടിമയാക്കുന്നതും ബോധപൂര്‍വ്വ രാഷ്ട്രീയം; ലക്ഷ്യം റിയാസിന്റെ കുതിപ്പ് തടയല്‍; പൂരത്തിലെ ചര്‍ച്ചയാക്കുന്നത് ന്യൂനപക്ഷത്തെ എതിരാക്കാന്‍; 'പിണറായിസം' തകര്‍ക്കാന്‍ അന്‍വറിക്ക; അമ്പൂക്കയുടെ റിയല്‍ ടാര്‍ഗറ്റ് പിണറായി കുടുംബം!

കേരളത്തില്‍ 'പിണറായിസം' തകര്‍ക്കുമെന്ന പ്രഖ്യാപനം കൂടിയാണ് അന്‍വറിന്റേത്.

Update: 2024-09-26 16:08 GMT

തിരുവനന്തപുരം: പിണറായി വിജയനെ ചതിയനെന്ന് വിളിച്ച പിവി അന്‍വര്‍ ഇന്ന് കേരളത്തിന് മുന്നില്‍ അവതരിപ്പിച്ചത് മുഖ്യമന്ത്രിയായ ശേഷം പിണറായിയ്‌ക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ചേര്‍ന്ന കുറ്റപത്രം. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര വിവാദവും സ്വര്‍ണ്ണ കടത്തും തുടങ്ങി പിണറായിയെ വെട്ടിലാക്കിയത പലതും വീണ്ടും അന്‍വര്‍ അവതരിപ്പിച്ചു. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന് അടിമത്വമാണെന്നും അന്‍വര്‍ പറയുന്നു. മകളുടെ ഭര്‍ത്താവിനെ മുഖ്യമന്ത്രിയാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന ആരോപണം സിപിഎമ്മിനുള്ളിലും ചര്‍ച്ചയാണ്. പല രാഷ്ട്രീയ നേതാക്കളും ഇതിന് മുമ്പ് ഉയര്‍ത്തിയ വിഷയങ്ങളെല്ലാം ചേര്‍ത്ത് മികച്ചൊരു അവിയല്‍ പരുവത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിളമ്പുകയായിരുന്നു അന്‍വര്‍ ചെയ്തത്. എല്ലാം പിണറായി വിരുദ്ധര്‍ക്ക് ഇഷ്ട വിവാദങ്ങളായതു കൊണ്ടു തന്നെ അന്‍വര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. കേരളത്തില്‍ 'പിണറായിസം' തകര്‍ക്കുമെന്ന പ്രഖ്യാപനം കൂടിയാണ് അന്‍വറിന്റേത്.

സിപിഎമ്മിന് ക്യാപ്ടനായിരുന്നു പിണറായി. സിപിഎമ്മിന് തുടര്‍ഭരണം സമ്മാനിച്ച നേതാവ്. വിഭാഗീയതയുടെ പേരില്‍ ഇഷ്ടമില്ലാത്തവരെ എല്ലാം വെട്ടിയൊതുക്കിയ പിണറായി. ഇതേ പിണറായിയെയാണ് അന്‍വറും പൊളിച്ചടുക്കിയത്. കോടിയേരിയിലും തിരുവനന്തപുരത്തെ സ്വര്‍ണ്ണ കടത്തിലും മന്ത്രി റിയാസിനെ പ്രമോട്ട് ചെയ്യുന്നതിലും മുഖ്യമന്ത്രി മറുപടി പറയുമോ എന്നതാണ് നിര്‍ണ്ണായകം. സിപിഎം സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അടിമയായി ചിത്രീകരിച്ച് എകെജി സെന്ററിനും കളങ്കമുണ്ടാക്കി അന്‍വര്‍. ഏതായാലും അന്‍വര്‍ പോരാട്ടം തുടരും. പ്രതിപക്ഷം അത് ഏറ്റെടുക്കുകയും ചെയ്യും. അങ്ങനെ മറുനാടന്‍ മലയാളിയേയും ഷാജന്‍ സ്‌കറിയയേയും തകര്‍ക്കാന്‍ നടത്തിയ വിഫല ശ്രമം നടത്തിയ കമ്പനി രണ്ടായി പിരിയുകയാണ്. എവിടെയാകും അധികാരം എന്നതാകും ഇവരുടെ പോരില്‍ നിര്‍ണ്ണായകം. പിണറായി എന്ന അധികാര കേന്ദ്രത്തെ ദുര്‍ബ്ബലമാക്കാനാണ് രണ്ടു മണിക്കൂര്‍ പത്രസമ്മേളനത്തില്‍ അന്‍വര്‍ ശ്രമിച്ചത്. അത് എത്രത്തോളം വിജയിക്കുമെന്ന് കാലമാണ് തെളിയിക്കേണ്ടതും.

ആര്‍ എസ് എസുമായി പിണറായി വിജയന് അവിശുദ്ധ ബന്ധമുണ്ടെന്ന് വരുത്തി ന്യൂനപക്ഷത്തെ സിപിഎമ്മില്‍ നിന്നും അകറ്റാനാണ് ശ്രമം. മുസ്ലീം ലീഗിനോട് താല്‍പ്പര്യമില്ലാത്ത ന്യൂനപക്ഷത്തിന് വേണ്ടി പുതിയൊരു രാഷ്ട്രീയ സംവിധാനം ഉണ്ടാക്കുകയാണ് അന്‍വറിന്റെ ശ്രമം. ഇത് സിപിഎമ്മിനും അറിയാം. കുറച്ചു കാലമായി ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് സിപിഎം നടത്തിയ നീക്കങ്ങള്‍ക്ക് മേല്‍ പതിച്ച ഇടിതീയായാണ് അന്‍വറിന്റെ പിണക്കത്തെ സിപിഎം വിലയിരുത്തുന്നത്. മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ പ്രത്യക്ഷത്തില്‍ സിപിഎം നേതാക്കള്‍ എതിര്‍ക്കും. അതിന് അപ്പുറത്തേക്ക് പാര്‍ട്ടിക്കുള്ളില്‍ പിണറായി വികാരം ആളിക്കത്തിക്കാന്‍ ഈ സാഹചര്യം അവസരമുണ്ടാക്കില്ല. ഇതെല്ലാം അന്‍വര്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് സാധാരണ സഖാക്കളെ പുകഴ്ത്തി നേതാക്കളെ ഇകഴ്ത്തി പിണറായിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനുള്ള തന്ത്രം അന്‍വര്‍ പുറത്തെടുത്തത്. മുഹമ്മദ് റിയാസ് മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറരുതെന്ന വ്യക്തമായ ലക്ഷ്യം അന്‍വറിന്റെ പത്രസമ്മേളനത്തില്‍ ഒളിച്ചു വച്ചിട്ടുണ്ട്.

എല്ലാ അര്‍ത്ഥത്തിലും പിണറായിയെയാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. ഭരണം നടക്കുന്നത് പിണറായി കുടുംബത്തിന് വേണ്ടിയാണെന്ന് വരുത്താനാണ് ശ്രമം. ഉന്നത നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ എന്തുമാകാം എന്ന അവസ്ഥയാണ്. പാര്‍ട്ടിയില്‍ അടിമത്തം നില നില്‍ക്കുകയാണ്. സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ സംസാരിക്കാന്‍ അവസരമില്ല. മരുമകനുവേണ്ടിയാകും മുഖ്യമന്ത്രി പലരെയും സംരക്ഷിക്കുന്നത്. പാര്‍ട്ടിയില്‍ റിയാസ് മാത്രം മതിയോ എന്ന് ചിന്തിക്കണം. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ നടക്കുന്ന കാര്യം പോലും അദ്ദേഹം അറിയുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഇങ്ങനെ പോയാല്‍ പിണറായി അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും അന്‍വര്‍ പറഞ്ഞു. അങ്കിള്‍ എന്നാണ് അജിത് കുമാര്‍ മുഖ്യമന്ത്രിയെ വിളിക്കുന്നത്. എങ്ങനെ ഇവര്‍ തമ്മില്‍ ഈ ബന്ധമുണ്ടായെന്നും പി.വി. അന്‍വര്‍ എംഎല്‍എ ചോദിച്ചു. ഉന്നത നേതാക്കള്‍ക്ക് എന്ത് അഴിമതിയും നടത്താം. പിണറായിയെ നയിക്കുന്നത് ഉപജാപ സംഘങ്ങളാണ്. ഒരു റിയാസിന് വേണ്ടി മാത്രമല്ല ഈ പാര്‍ട്ടി. ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കണം.-ഇതായിരുന്നു അന്‍വറിന്റെ കടന്നാക്രമണം.

ഒരു റിയാസ് മതിയോ എന്ന് സഖാക്കള്‍ ആലോചിക്കട്ടെ. എന്തേ പാര്‍ട്ടിക്ക് ഇടപെടാന്‍ സാധിക്കാത്തത് കേരളത്തിലെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് പാര്‍ട്ടിക്ക് കൊടുത്ത കത്തിന്റെ കോപ്പി ഞാന്‍ തരും. പ്രിയപ്പെട്ട സഖാക്കള്‍ പരിശോധിക്ക്. എന്നിട്ട് നിങ്ങള്‍ കല്ലെറിയ്. പുത്തന്‍വീട്ടില്‍ ഷൗക്കത്തലിയുടെ മകന്‍ പുത്തന്‍വീട്ടില്‍ അന്‍വര്‍ ഇതുകൊണ്ട് ആളാവനല്ല വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നില്‍ക്കുന്നത് ഒരു അഗ്‌നിപര്‍വത്തിന്റെ മുകളിലാണ്. കെട്ടവരുടെ കൈയില്‍ നിന്ന് നല്ലവരുടെ കൈയിലേക്ക് ഈ പാര്‍ട്ടി വന്നേക്കാം. മുഖ്യമന്ത്രി അറിവില്ലാതെ ഈ തോന്ന്യവാസം നടക്കുമോ പബ്ലിക്ക് ആയിട്ടല്ലേ കരിപ്പുരില്‍ നിന്നും സ്വര്‍ണം അടിച്ചുകൊണ്ടുപോകുന്നത്. കേരളത്തില്‍ ഒരു റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി. പാര്‍ട്ടി എന്നു പറയുന്നത് പാര്‍ട്ടി സഖാക്കളാണ്. അതിനു മുകളിലുള്ള മേല്‍ക്കൂര മാത്രമാണ് പാര്‍ട്ടി നേതാക്കള്‍. ഇപ്പോഴുള്ള നേതാക്കളൊക്കെ സൂപ്പര്‍ നേതാക്കളാണ്. കാലില്‍ കൂച്ചുവിലങ്ങുണ്ട്. മുഖ്യമന്ത്രിയോട് പരിപൂര്‍ണമായും ബഹുമാനമുണ്ട്. മക്കളെ തള്ളിപ്പറയും. ഓന് കുറച്ച് മൂപ്പ് അധികമാണെന്ന് പറഞ്ഞാല്‍ സമ്മതിക്കാം-ഇങ്ങനെ കൂടി അന്‍വര്‍ പറയുന്നു.

ഉമ്മാക്കി കാണിക്കാന്‍ ആരും വരേണ്ട. ഞാന്‍ ഈ ഭൂമിയില്‍ ആരോടെങ്കിലും കീഴ്‌പ്പെടുന്നുണ്ടെങ്കില്‍ ദൈവത്തിനും പാവപ്പെട്ട മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും. ശശിയെ കുറിച്ച് എന്താണ് മുഖ്യമന്ത്രി മനസിലാക്കാത്തത് ഒരാള്‍ക്കും അയാളെ കുറിച്ച് അഭിപ്രായമില്ല. മുഖ്യമന്ത്രിക്ക് മാത്രം എന്താണ് വേറൊരു അഭിപ്രായം. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാന്‍ ഒരു അര്‍ഹതയുമില്ല. സണ്‍ ഇന്‍ ലോ ആയിരിക്കും അജിത് കുമാറിനെ സംരക്ഷിക്കാന്‍ കാരണം. ഈ ഒരു മനുഷ്യനു വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ക്കരുത്. അതിനു പാര്‍ട്ടി സംവിധാനം കൂട്ടുനില്‍ക്കണമോ റിയാസിനു വേണ്ടി അന്‍വറിന്റെ നെഞ്ചത്തോട്ട് വന്നാല്‍ നടക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു.

Tags:    

Similar News