ശശിധരന്റെ സ്ഥലമാറ്റത്തെ ആദ്യ വിക്കറ്റാക്കി ആഘോഷിച്ചു; സുജിത് ദാസിന്റെ സസ്‌പെന്‍ഷനെ രണ്ടാം വിക്കറ്റാക്കി അര്‍മാദിച്ചു; ഒടുവില്‍ അന്‍വറിനെ ഹിറ്റ് വിക്കറ്റാക്കിയ പിണറായിയുടെ മാസ് നീക്കം; കേന്ദ്ര ഏജന്‍സികള്‍ നിലമ്പൂരിലേക്ക്; അന്‍വറെ പൂട്ടാന്‍ മണിച്ചിത്രത്താഴോ?

ഇടതുമായി ബന്ധം വിച്ഛേദിപ്പിക്കുന്നുവെന്ന് അന്‍വറിനെ കൊണ്ടു തന്നെ സിപിഎം പറയിപ്പിച്ചുവെന്നതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം

Update: 2024-09-27 08:08 GMT

തിരുവനന്തപുരം: പിവി അന്‍വറിനെതിരെ വിവിധ വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം കടുപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ പൂരത്തില്‍ അടക്കം അന്‍വര്‍ എടുത്ത നിലപാടുകള്‍ ഇതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അന്‍വറിന്റെ അനധികൃത സ്വത്ത് സമ്പാദനവും ആഫ്രിക്കയിലെ ബിസിനസും സ്വര്‍ണ്ണ കടത്തു സംഘവുമായുള്ള ഇടപാടുകളുമെല്ലാം കേരളാ പോലീസിലെ ചില കേന്ദ്രങ്ങളും പരിശോധിച്ചിട്ടുണ്ട്. ഇങ്ങനെ അവര്‍ ശേഖരിച്ച തെളിവുകള്‍ കൂടി കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുമെന്നാണ് സൂചന. അന്‍വറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനൊപ്പം മറ്റ് കേന്ദ്ര ഏജന്‍സികളും അന്‍വറിന് പിന്നിലെ ശക്തികളെ കണ്ടെത്താനുള്ള നീക്കത്തിലാണ്. ഇത് അന്‍വറിനെ കുടുക്കും. കേരളാ പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്‍വറിന്റെ പിന്നാലെ തന്നെയുണ്ട്. സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘവുമായി അന്‍വര്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ആരോപണം കടുപ്പിച്ചപ്പോഴാണ് അന്‍വറിനെതിരെ കേരളാ പോലീസിലെ ചിലരും പരിശോധനകള്‍ തുടങ്ങിയത്. തന്നെ ജയിലിലാക്കാനുള്ള ഗൂഡാലോചനയുണ്ടെന്ന് അന്‍വറും കരുതുന്നു. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലില്‍ അന്‍വര്‍ കുടുങ്ങിയാല്‍ അതിന്റെ പാപ ഭാരം കേരളത്തിലെ സിപിഎം നേതാക്കള്‍ക്കുണ്ടാകില്ല. അന്‍വറിനെതിരായ എല്ലാ ആരോപണവും പൊടിതട്ടി പരിശോധിക്കുകയാണ് കേരളത്തിലെ ചില കേന്ദ്രങ്ങള്‍. അന്‍വറിന്റെ പോസ്റ്റുകളും വീഡിയോകളും എല്ലാം പരിശോധിക്കും. സ്വര്‍ണ്ണ കടത്ത് സംഘത്തിന്റെ ഭാഗമായി കൊച്ചു കുട്ടിയുടെ വീഡിയോ പുറത്തു വിട്ടതും സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ട്. ഇതില്‍ പരാതി കിട്ടിയാല്‍ ഉടന്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാകും ശ്രമിക്കുക. കുട്ടികളുടെ മാതാപിതാക്കളേയും പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് അന്‍വറിന് മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും പരിശോധിക്കും. എല്ലാ അര്‍ത്ഥത്തിലും അന്‍വറിനെ പൂട്ടാനാണ് തീരുമാനം.

അതിനിടെ പി വി അന്‍വര്‍ എംഎല്‍എ പോരാളിയല്ല, കേരളം കണ്ട രാഷ്ട്രീയ കോമാളിയായി മാറിയെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പ്രതികരിച്ചിട്ടുണ്ട്. അന്‍വര്‍ ഇടതുപക്ഷത്തിനും പാര്‍ടിക്കും എതിരായി നില്‍ക്കുന്നവരുടെ കോടാലിക്കയ്യായി മാറി. പാര്‍ട്ടിയെ രക്ഷിക്കാനാല്ല, തകര്‍ക്കാനാണ് ലക്ഷ്യം. അത് നടക്കുകയില്ല. പാര്‍ട്ടിയെ വെല്ലുവിളിച്ചവരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടിയിലാണ് കേരളം വലിച്ചെറുഞ്ഞത്. അന്‍വര്‍ ജനപ്രതിനിധിയുടെ എല്ലാ മാന്യതകളും കളഞ്ഞ് കുളിച്ചു. പി വി അന്‍വര്‍ അവസാനത്തെ എംഎല്‍എ ആവുകയാണ് ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെതല്ല അന്‍വറിന്റെ ഗ്രാഫാണ് പൂജ്യത്തിലെത്തിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. അന്‍വറിനെതിരെ സിപിഎം കടുത്ത നിലപാട് എടുക്കുമെന്നതിന്റെ സൂചനകളാണ് ഇതെല്ലാം. അന്‍വറിന്റെ ആരോപണങ്ങളെ കരുതലോടെ കണ്ടിട്ടും അന്‍വര്‍ അതിരുവിട്ടുവെന്നാണ് സിപിഎം പറയുന്നത്.

മലപ്പുറത്തെ മുതിര്‍ന്ന പോലീസുകാരെ ആകെ അന്‍വറിന് വേണ്ടി മാറ്റി. മലപ്പുറം എസ് പിയായിരുന്ന ശശിധരനെ സ്ഥലം മാറ്റിയപ്പോള്‍ ആദ്യ വിക്കറ്റ് വീണുവെന്ന് പറഞ്ഞ് അന്‍വര്‍ തുള്ളിച്ചാടി. മലപ്പുറം എസ് പി സുജിത് ദാസിനേയും സസ്‌പെന്റ് ചെയ്തു. എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. സുജിത് ദാസിന്റെ സസ്‌പെന്‍ഷനെ രണ്ടാം വിക്കറ്റാക്കി ആഘോഷിച്ചതും അന്‍വര്‍ ഗ്രൂപ്പായിരുന്നു. എന്നാല്‍ അതിന് ശേഷവും അന്‍വര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. പാര്‍ട്ടി മുന്നറിയിപ്പുകള്‍ അവഗണിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ കടന്നാക്രമിച്ചത് വ്യക്തമായ അജണ്ടയായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് അജിത് കുമാറിനെ ബൗള്‍ഡാക്കുമെന്ന് പ്രഖ്യാപിച്ച അന്‍വറിനെ ഹിറ്റ് വിക്കറ്റ് അവസ്ഥയിലേക്ക് പിണറായി എത്തിച്ചതെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. ഇടതുമായി ബന്ധം വിച്ഛേദിപ്പിക്കുന്നുവെന്ന് അന്‍വറിനെ കൊണ്ടു തന്നെ സിപിഎം പറയിപ്പിച്ചുവെന്നതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം.

പോലീസിലെ ചിലരും അന്‍വറിനൊപ്പമാണെന്ന് സിപിഎമ്മിന് അറിയാം. അത്തരക്കാരുടെ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കും. അന്‍വറിന് തെളിവുകള്‍ പലതും കിട്ടിയത് പോലീസുകാരിലൂടെയാണെന്നാണ് നിഗമനം. സിപിഎമ്മിലെ എല്ലാ നേതാക്കളും അന്‍വറിനെതിരെ രംഗത്ത് വരും. ഇടഞ്ഞു നില്‍ക്കുന്ന ജി സുധാകരന്‍ പോലും അന്‍വറിനെ അനുകൂലിച്ചില്ലെന്നത് സിപിഎമ്മിന് ആശ്വാസമാണ്. മലപ്പുറത്തെ മുതിര്‍ന്ന നേതാവ് ടികെ ഹംസയെ മുന്നില്‍ നിര്‍ത്തി അന്‍വറിനെ സിപിഎം പ്രതിരോധിക്കും. ഇതിനൊപ്പം അന്‍വറിനെതിരായ നിയമ നടപടികളും സര്‍ക്കാര്‍ കരുതലോടെ വീക്ഷിക്കും. ചട്ടപ്രകാരത്തില്‍ അധികം ഭൂമി കൈവശം വച്ച കേസില്‍ ഇനി തുടര്‍ നടപടിയുടെ സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കും. കേന്ദ്ര ഏജന്‍സികള്‍ ഉടന്‍ അന്‍വറിനെ തേടി എത്തിയേക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്.

അന്‍വറുമായി ചേര്‍ന്ന് നില്‍ക്കുന്നുവെന്ന വിലയിരുത്തലെത്തുന്ന ഇടതുപക്ഷത്തുള്ളവര്‍ക്കും സിപിഎം വ്യക്തമായ സന്ദേശം നല്‍കി കഴിഞ്ഞു. ആരും അന്‍വറിനെപ്പം പോകുന്നില്ലെന്ന് ഉറപ്പിക്കാനാണ് സിപിഎം ശ്രമം. സംശയമുള്ളവരെല്ലാം പാര്‍ട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്.

Tags:    

Similar News