ബീഹാറില്‍ കോണ്‍ഗ്രസ് തോറ്റാല്‍ തരൂര്‍ 'മറ്റു വഴികള്‍ തേടും'! കേരളത്തിലെ കോണ്‍ഗ്രസില്‍ അര്‍ഹിക്കുന്ന പദവി കിട്ടുമെന്ന പ്രതീക്ഷ വിദേശകാര്യ വിദഗ്ധനില്ല; അണികളെ നിരാശരാക്കാതിരിക്കാന്‍ വെള്ളിയാഴ്ച യോഗത്തില്‍ പങ്കെടുക്കും; തരൂരിനെ ആന്റണി പിന്തുണയ്ക്കുമോ?
തിരുവനന്തപുരം: ബീഹാര്‍ തിരഞ്ഞെടുപ്പ് വരെ ശശി തരൂര്‍ കാത്തിരിക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് കരുത്ത് കാട്ടാനായില്ലെങ്കില്‍ തരൂര്‍ മറ്റ് വഴികള്‍ തേടാന്‍ സാധ്യതകള്‍ ഏറെ. കേരളാ രാഷ്ട്രീയത്തില്‍ തനിക്ക് കോണ്‍ഗ്രസില്‍ അര്‍ഹിക്കുന്ന പദവി കിട്ടുമെന്ന് തരൂര്‍ കരുതുന്നില്ല. ഈ സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങള്‍ക്ക് തരൂരിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. പക്ഷേ ബീഹാറിലെ ഫലം വരുന്നതു വരെ കാത്തിരിക്കാനാണ് തരൂരിന്റെ തീരുമാനം. ഒരു പക്ഷേ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരെ അതു നീളും. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞാല്‍ പിന്നെ തരൂര്‍ തന്റെ വഴിക്ക് പോകാനാണ് സാധ്യത.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുമുന്‍പ് സംസ്ഥാന കോണ്‍ഗ്രസില്‍ ഐക്യം കൊണ്ടുവരാനായി ഹൈക്കമാന്‍ഡ് ഇടപെടുന്നുണ്ടു. മുതിര്‍ന്ന നേതാക്കളെ വെള്ളിയാഴ്ച ചര്‍ച്ചയ്ക്കായി ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. കെ.പി.സി.സി. പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, സംസ്ഥാനത്തുനിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍, മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവര്‍ത്തകസമിതി അംഗമെന്ന നിലയില്‍ ശശി തരൂരും യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസിലെ അണികളെ കൂടെ നിര്‍ത്താന്‍ ഈ യോഗത്തില്‍ സജീവ നിര്‍ദ്ദേശങ്ങളും ഉന്നയിക്കും. മുതിര്‍ന്ന നേതാവ് എകെ ആന്റണിയേയും കേട്ടാകും തീരുമാനങ്ങള്‍ ഹൈക്കമാണ്ട് എടുക്കുക. ആന്റണിയുമായി ഹൈക്കമാന്‍ഡ് സംസാരിക്കും. ആന്റണിയുടെ നിലപാട് ഈ ചര്‍ച്ചകളില്‍ അതിനിര്‍ണ്ണായകമാകും. ആന്റണിയുടെ നിലപാടിനൊപ്പം ഹൈക്കമാണ്ട് നീങ്ങുമെന്നും സൂചനയുണ്ട്. തരൂരിനെ ആന്റണി പിന്തുണയ്ക്കുമോ എന്നതാണ് ഏറ്റവും നിര്‍ണ്ണായകം.
എം.പി.മാരോടും ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ ദീപാ ദാസ്മുന്‍ഷിയുടെയും കെ.സി. വേണുഗോപാലിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന കെ.പി.സി.സി. നേതൃയോഗത്തില്‍ത്തന്നെ സംസ്ഥാന നേതാക്കളുടെ അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു. യോഗത്തിനുശേഷം കെ.പി.സി.സി. പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും പങ്കെടുപ്പിച്ച് സംയുക്ത വാര്‍ത്താസമ്മേളനം നടത്താന്‍ പോലുമായിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ നേതൃസ്ഥാനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല സജീവമാണ്. ശശി തരൂരിനും മുഖ്യമന്ത്രിയാകണം. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് വിപുലമായ യോഗം വിളിച്ചത്.
നേതൃനിരയിലെ അനൈക്യവും നേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങളും ഹൈക്കമാണ്ട് തിരിച്ചറിയുന്നു. ഭരണവിരുദ്ധവികാരം ശക്തമായ കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമുണ്ടെങ്കിലും പാര്‍ട്ടിയിലെ ഐക്യമില്ലായ്മ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് നയരൂപവത്കരണ വിദഗ്ധന്‍ സുനില്‍ കൊനഗേലു നല്‍കിയ റിപ്പോര്‍ട്ടുകളിലും തമ്മിലടി പരാമര്‍ശ വിഷയമാണ്. രാഷ്ട്രീയകാര്യസമിതി ജംബോ കമ്മിറ്റി ആയതോടെ തീരുമാനങ്ങളെടുക്കാന്‍ മറുസാധ്യതയും തേടും. ഇതില്‍ തരൂരിനേയും ഉള്‍പ്പെടുത്തും. അഭ്യൂഹങ്ങള്‍ക്കിടയില്‍ കേന്ദമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍ ചര്‍ച്ച പുതിയ തലത്തിലെത്തിച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനും ബ്രിട്ടന്റെ ബിസിനസ്സ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്സിനും ഒപ്പമുള്ള സെല്‍ഫിയാണ് അദ്ദേഹം എക്‌സില്‍ പങ്കുവെച്ചത്.
'ബ്രിട്ടന്റെ ബിസിനസ് ആ ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സുമായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിനൊപ്പം ആശയവിനിമയം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന എഫ്ടിഎ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞത് സ്വാ?ഗതാര്‍ഹമാണ്'. തരൂര്‍ എക്‌സില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസായ മേഖലയിലെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയുള്ള ലേഖനവും കോണ്‍ഗ്രസ് കേരള ഘടകത്തിന് നേതാവിന്റെ അഭാവമുണ്ടെന്ന് ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടും. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, താന്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. തന്റെ മുന്നില്‍ വേറെ വഴിയില്ലെന്ന് കരുതരുത്. തരൂര്‍ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.