എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ സഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി; നിയമസഭയിലെ ബഹളത്തില്‍ നാല് എംഎല്‍എമാര്‍ക്ക് താക്കീത്; സ്പീക്കര്‍ക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമെന്ന് എം ബി രാജേഷ്

എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ സഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി

Update: 2024-10-08 05:20 GMT

തിരുവനന്തപുരം: നിയമസഭ നിയമസഭ ചേര്‍ന്ന രണ്ടാം ദിനവും സഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ പാര്‍ലമെന്ററി കാര്യമന്ത്രി എംബി രാജേഷ് രംഗത്തെത്തിയതോടെയാണ് സഭ വീണ്ടും ബഹള മയമായത്. ഇന്നലെ സ്പീക്കര്‍ക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

4 പ്രതിപക്ഷ അംഗങ്ങള്‍ക്ക് താക്കീത് നല്‍കിയതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. അതിനിടെ, ആര്‍എസ്എസ്- എഡിജിപി ബന്ധം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസിന് മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു. 12 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. അനുമതി നല്‍കിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷത്തോട് പറഞ്ഞു.

നിയമസഭയില്‍ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തിന്റെ പേരിലാണ് 4 എംഎല്‍എമാര്‍ക്ക് താക്കീത് നല്‍കിയത്. മാത്യു കുഴല്‍നാടന്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു സര്‍ക്കാര്‍ പ്രമേയം പാര്‍ലമെന്ററി കാര്യ മന്ത്രി എംബി രാജേഷാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.

സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രതിഷേധക്കാരെ ചര്‍ച്ചക്ക് പോലും വിളിക്കാതെ ഏകപക്ഷീയമായി സഭ നിര്‍ത്തിവക്കുന്ന സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഇന്നലെ നിയമസഭയില്‍ പോര്‍വിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടിയ പ്രതിപക്ഷ അംഗങ്ങള്‍ ഇവിടേക്ക് കടന്നു കയറാനും ശ്രമിച്ചു. ഇന്നലെ സഭ പിരിയുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നിയമസഭയില്‍ ഇന്ന് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയിരുന്നു. വിഷയ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. ഇതിലായിരുന്നു അനുമതി. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഇറങ്ങി പോയതിന് ശേഷം വി.ഡി സതീശനെ ഏറ്റവും മോശം പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയും വിശേഷിപ്പിച്ചു. സഭയില്‍ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് ഇതിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. ദൈവവിശ്വാസിയായ താന്‍ മുഖ്യമന്ത്രിയെ പോലൊരു അഴിമതിക്കാരനാകരുതെയെന്നാണ് എല്ലാ ദിവസവും പ്രാര്‍ഥിക്കുന്നതെന്നായിരുന്നു വി.ഡി സതീശന്റെ മറുപടി.

Tags:    

Similar News