ശിശുഹത്യയില്‍ പാപബോധം തോന്നാത്തവര്‍ക്കൊപ്പം ഇരിക്കുന്നവര്‍ക്ക് സ്ത്രീയായ മന്ത്രിയെ ആക്ഷേപിക്കുന്നതില്‍ ആനന്ദം തോന്നും; ചില എംഎല്‍എമാരൊക്കെ ഉറങ്ങാന്‍ പോലും പാരസെറ്റമോളും സിട്രിസനും ഒക്കെ കഴിക്കുന്നു; ഒരു കുഞ്ഞിനേയും കൊല്ലുന്നതല്ല സര്‍ക്കാര്‍ നയം; അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിയെ രക്ഷിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം എടുത്തിട്ട് ഭരണപക്ഷം

രോഗ്യമന്ത്രിയെ രക്ഷിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം എടുത്തിട്ട് ഭരണപക്ഷം

Update: 2025-09-17 10:03 GMT

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരാമര്‍ശിച്ച് ഭരണപക്ഷം. ശിശുഹത്യയില്‍ പാപബോധം തോന്നാത്തവര്‍ക്കൊപ്പം ഇരിക്കുന്നവര്‍ക്ക് സ്ത്രീയായ മന്ത്രിയെ ആക്ഷേപിക്കുന്നതില്‍ ആനന്ദം തോന്നും. ആ ആനന്ദത്തിന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പകളില്‍ കേരളത്തിലെ ജനങ്ങള്‍ മരുന്ന് നല്‍കിയെന്നും ആ മരുന്ന് അവര്‍ക്കിനിയും ലഭിക്കുമെന്നും 

പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു.

ഇതേറ്റുപിടിച്ചുകൊണ്ട് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും രംഗത്തെത്തി. ചില എംഎല്‍എമാരൊക്കെ ഉറങ്ങാന്‍ പോലും പാരസെറ്റമോളും സിട്രിസനും ഒക്കെ കഴിക്കുന്നതായിട്ടാണ് പുറത്തുവരുന്ന വിവരമെന്ന് അദ്ദേഹം പറഞ്ഞു. മരുന്ന് ലഭിക്കുന്നില്ല എന്ന് പ്രതിപക്ഷനിരയിലെ ഏതെങ്കിലും എംഎല്‍എമാര്‍ക്ക് ഇപ്പോള്‍ പറയാന്‍ ധൈര്യമുണ്ടോയെന്നും ചിലര്‍ യഥാര്‍ത്ഥ എംഎല്‍എമാരാണോ വ്യാജന്മാരാണോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമന്ത്രിയെ കാണുമ്പോള്‍ പ്രതിപക്ഷത്തിന് വേവലാതിയെന്ന് ടി.എ.മധുസൂദനന്‍ പറഞ്ഞു. മന്ത്രിയ വ്യക്തിപരമായി ആക്രമിക്കുന്നു. മന്ത്രിയെ വേട്ടയാടി സര്‍ക്കാരിനെ ക്ഷീണിപ്പിക്കാമെന്ന് കരുതേണ്ടെന്നും അതൊക്കെ അട്ടത്ത് വച്ചാല്‍ മതിയെന്നും മധുസൂദനന്‍ പറഞ്ഞു. ഒരു കുഞ്ഞിനേയും കൊല്ലുന്നതല്ല സര്‍ക്കാര്‍ നയമെന്ന് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തിലിനേയും പരോക്ഷമായി വിമര്‍ശിച്ചു.

അമീബിക് മസ്തിഷ്‌ക ജ്വരം ഉയര്‍ത്തിക്കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് പ്രതിപക്ഷം ആരോഗ്യവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇതിന് പ്രതികരണമായാണ് ഭരണപക്ഷം മന്ത്രിക്ക് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയത്.

രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിലും പ്രതിരോധിക്കുന്നതിലും ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുകയാണ് എന്നും പ്രമേയം അവതരിപ്പിച്ച് എന്‍. ഷംസുദ്ധീന്‍ എംഎല്‍എ ആരോപിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ആരോഗ്യവകുപ്പ് ആരോഗ്യ വകുപ്പ് പൂഴ്ത്തി വയ്ക്കുകയാണ്. യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച് മേനി നടിക്കാന്‍ ആണ് ആരോഗ്യമന്ത്രിയുടെ ശ്രമം. ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ചാരി രക്ഷപ്പെടാനാണ് ആരോഗ്യ മന്ത്രിയുടെ ശ്രമം. കേരളത്തിലെ ആരോഗ്യ രംഗം നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാതെ തകര്‍ന്നിരിക്കുകയാണ്. കപ്പിത്താന്‍ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പല്‍ പൊങ്ങാന്‍ കഴിയാത്ത വിധം മുങ്ങിപ്പോയിരിക്കുകയാണെന്നും എന്‍. ഷംസുദ്ധീന്‍ പരിഹസിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് അടിയന്തരപ്രമേയ ചര്‍ച്ചക്ക് സര്‍ക്കാര്‍ വഴങ്ങിയത്.


Tags:    

Similar News