ക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കും..... കൂട്ടുമോ എന്ന ചോദ്യത്തിന് പ്രസംഗം നിര്‍ത്തി വെള്ളം കുടിച്ച് ധനമന്ത്രി; സര്‍ക്കാര്‍ ജീവനക്കാരെ സന്തോഷിപ്പിച്ച ധനമന്ത്രി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന പാവങ്ങളുടെ കണ്ണീര് തുടക്കാന്‍ കൂടുതല്‍ ഒന്നും നല്‍കുന്നില്ല; ധനകാര്യം സുസ്ഥിരമെന്ന് പറയുമ്പോഴും സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന വിലയിരുത്തല്‍ ശക്തം; ടോളും യൂസര്‍ഫീസും ബജറ്റില്‍ ഇല്ല

Update: 2025-02-07 06:35 GMT

തിരുവനന്തപുരം: കേന്ദ്രത്തില്‍ മോദി മാതൃകയില്‍ മധ്യവര്‍ഗ്ഗത്തെ കൈയ്യിലെടുത്ത നിര്‍മലാ ബജറ്റ് പോലെയാകും 2025ലെ കേരളാ ബജറ്റ് എന്ന് കരുതിയവര്‍ ഏറെ. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെട്ട കേരളം വികസനത്തിനുള്ള ടേക്ക് ഓഫിലാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആമുഖമായി പറയുകയും ചെയ്തു. ഇതിനൊപ്പം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിലതെല്ലാം പ്രഖ്യാപിച്ചു. ഇതോടെ ക്ഷേമ പെന്‍ഷനുകാര്‍ ആവശേത്തിലായി. പക്ഷേ അര്‍ക്ക് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ ധമന്ത്രി തയ്യാറായില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളതു കൊണ്ട് പ്രാദേശിക വികാരം അനുകൂലമാക്കാന്‍ ക്ഷേമ പെന്‍ഷനിലെ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തുമെന്ന വിലയിരുത്തല്‍ സജീവമായിരുന്നു. 1600 രൂപയില്‍ നിന്നും കുറഞ്ഞത് 1800 ആക്കി ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 2500 ആക്കുമെന്നായിരുന്നു പിണറായിയുടെ രണ്ടാം സര്‍ക്കാരിനായുള്ള പ്രകടന പത്രികയിലെ വാഗ്ദാനം. പക്ഷേ അത് പിണറായിയുടെ രണ്ടാം സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ഇടം പിടിക്കുന്നില്ല. അതായത് ക്ഷേമ പെന്‍ഷന്‍ 1600 ആയി തുടരും. കുടിശിക കൊടുക്കുമോ എന്നത് സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ തെളിയേണ്ട വസ്തുതയുമാണ്.

രണ്ടര മണിക്കൂറിന് അപ്പുറത്തേക്ക് കടന്നതായിരുന്നു കെഎന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. ഇതിനിടെ മുഖ്യമന്ത്രി പറഞ്ഞതു പോലെ ക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കുമെന്ന് ബാലഗോപാല്‍ പറഞ്ഞു. പിന്നെ ഒന്നു പ്രസംഗം നിര്‍ത്തി. ഇതോടെ ക്ഷേമ പെന്‍ഷന്‍ കൂട്ടില്ലേ എന്ന ചോദ്യം പ്രതിപക്ഷ നിരകളില്‍ നിന്നുയര്‍ന്നു. ഒന്നും മറുപടി പറയാതെ ബാലഗോപാല്‍ ഈ സമയം മുമ്പിലുണ്ടായിരുന്ന ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു. അതിന് ശേഷം വീണ്ടും പ്രസംഗം തുടര്‍ന്നു. അതിന് അപ്പുറത്തേക്ക് ഒരുറപ്പും ബാലഗോപാല്‍ നല്‍കിയില്ല. കിഫ്ബിയ്ക്ക് മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായുള്ള പഠനവും സാധ്യത തേടലും നടക്കുമെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പരിക്കുമെന്നോ യൂസര്‍ ഫീ ഈടാക്കുമെന്നോ ഒന്നും മന്ത്രി പറഞ്ഞില്ല. അത് റോഡില്‍ കാറുമായി ഇറങ്ങുന്നവര്‍ക്ക് അനുഗ്രഹമായി മാറുകയും ചെയ്തു. ഭൂനികുതി സ്ലാബുകള്‍ ഉയര്‍ത്തിയതും ചര്‍ച്ചകളിലേക്ക് വരും. ധനപ്രതിസന്ധിയെ മറികടന്നുവെന്ന പ്രതീക്ഷ ധനമന്ത്രി പങ്കുവയ്ക്കുമ്പോഴും കേരളത്തിലെ ധനപ്രതിസന്ധി നിഴലിക്കുന്നതാണ് ബജറ്റ്. വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കാത്ത ധനമന്ത്രിയുടെ തിരിച്ചറിവും ധനസ്ഥിതിയിലെ യാഥാര്‍ത്ഥ്യത്തിന് തെളിവാണ്.

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ഒരുപോലെ ഊന്നല്‍ നല്‍കുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. വിഭവസമാഹണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തുന്നു. അര്‍ഹതപ്പെട്ടതു കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കുന്നു ഈ ബജറ്റ്. വിലക്കയറ്റത്തിന്റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നു. നവകേരള നിര്‍മ്മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ബജറ്റ് പ്രത്യേക ശ്രദ്ധ വെച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു വയ്ക്കുന്നു.

സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടുന്നതാണ് ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള നികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയര്‍ന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും. ധനകാര്യ മന്ത്രി എന്ന നിലയില്‍ തന്റെ അഞ്ചാമത്തെ സംസ്ഥാന ബജറ്റ് അവതരണമായിരുന്നു ബാലഗോപാലിന്റേത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന നേരിട്ട കാലഘട്ടമായിരുന്നു ഇതെന്നും സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ധിപ്പിച്ചപ്പോഴും കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് സാമ്പത്തികമായി നമ്മളെ ഞെരുക്കിയ കാലഘട്ടമാണിതെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍, സംസ്ഥാനത്തിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ക്ഷേമപ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ പല അഭിമാന പദ്ധതികളും മുടക്കം കൂടാതെ നടത്തുന്നതിനൊപ്പം നിര്‍ണായകമായ പല പദ്ധകള്‍ക്കും തുടക്കം കുറിക്കാനും സാധിച്ചതായും ധനമന്ത്രി അവകാശപ്പെടുന്നു.

സാമ്പത്തിക ഞെരുക്കത്തിന്റെ തീഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ച് തുടങ്ങുകയാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കഴിയുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് ബജറ്റില്‍ പങ്കുവച്ചത്. നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും ഈ ബജറ്റില്‍ ഉണ്ടാകുമെന്നും പ്രതീക്ഷ പങ്കുവച്ചിരുന്നു. എന്നാല്‍ അതൊന്നും ബജറ്റില്‍ പ്രതിഫലിച്ചില്ലെന്ന വിലയിരുത്തല്‍ ഉയരുന്നുണ്ട്. സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. നിര്‍ണായകമായ പല വികസന പദ്ധതികള്‍ക്കും ഇക്കാലയളവില്‍ തുടക്കം കുറിച്ചു. മുന്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയില്‍ പണം ചെലവഴിച്ചു. ഇപ്പോള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കഴിയുന്നു എന്ന സന്തോഷ വര്‍ത്തമാനമാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്. നമ്മുടെ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷ ധനമന്ത്രി നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ബജറ്റില്‍ പ്രതിഫലിച്ചുമില്ല.

ഇതിനിടെയിലും എല്ലാമേഖലയ്ക്കും തുല്ല്യപ്രാധാന്യം നലകുന്നതാണ് കേരളത്തിന്റെ അഞ്ചാം ബജറ്റ് എന്ന അവകാശ വാദം സര്‍ക്കാരും നടത്തുന്നു. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ബജറ്റില്‍ സൂക്ഷ്മ ചെറുകിട സംരഭകര്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയെ കളിപ്പാട്ട നിര്‍മാണ ഹബ്ബായി മാറ്റുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങള്‍, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് പ്രാദേശികമായി കളിപ്പാട്ട ഉദ്പാദനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിശദീകരിച്ചിട്ടുണ്ട്. നികുതി ദായകരെ അഭിനന്ദിക്കുകയും ചെയ്തു ധനമന്ത്രി. സംസ്ഥാനത്തെ നികുതി നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്ന് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

തനത് വരുമാനം 50 ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും ഒപ്പം റവന്യൂകമ്മിയും ധനകമ്മിയും കുറയ്ക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിച്ചപ്പോഴും സംസ്ഥാനത്തിന് പ്രവര്‍ത്തിക്കാന്‍ ഈ തനത് വരുമാനവര്‍ധനവ് കൊണ്ടാണ് സാധിച്ചതെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും പണം എത്തിക്കാന്‍ സര്‍ക്കാരിനു സാധിച്ചതായും മന്ത്രി അറിയിച്ചു.

Tags:    

Similar News