കുഴല്‍നാടനും അന്‍വര്‍ സാദത്തും ഐസി ബാലകൃഷ്ണനും ഡയസിലേക്ക് കയറി; ബാനര്‍ കെട്ടി പ്രതിഷേധം അടക്കം ഉണ്ടായതെല്ലാം സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍; സ്പീക്കറുടെ കസേരയ്ക്ക് അടുത്ത് പ്രതിപക്ഷം എത്തുമ്പോള്‍
സ്പീക്കറിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത് ദൗര്‍ഭാഗ്യകരമായ കാര്യമെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു.
തിരുവനന്തപുരം: നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉടലെടുത്തപ്പോഴാണ് സഭ തന്നെ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എഎന്‍ഷംസീര്‍ അറിയിച്ചത്. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനര്‍ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടനും അന്‍വര്‍ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസില്‍ കയറി. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടങ്ങുമ്പോള്‍ അതിനെ എന്തു വില കൊടുത്തും പ്രതിരോധിക്കുമെന്ന സന്ദേശമാണ് ഭരണപക്ഷവും നല്‍കുന്നത്.
പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷ പരാമര്‍ശമാണ് തര്‍ക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയില്‍ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. അതേ ഭാഷയില്‍ മുഖ്യമന്ത്രിയും മറുപടി നല്‍കി. ഇതോടെ വാക്കേറ്റമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ കസേരയുടെ അടുത്തെത്തി.
സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ രീതിയാണു സ്വീകരിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്പീക്കറുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. ശൂന്യവേളയിലും പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. ഇതോടെയാണ് സഭാ നടത്തിപ്പ് പ്രശ്‌നത്തിലേക്ക് നീങ്ങിയത്.
സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങളാണ് പിന്നീടുണ്ടായത്. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിയുന്ന അപൂര്‍വ നടപടിയാണുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയത്. ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനു നല്‍ക്കാതെ പിരിയുകയായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റും മാത്രമാണ് ഇന്നത്തേക്ക് സഭ ചേര്‍ന്നത്. മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണം നടത്തിയ പിവി അന്‍വര്‍ സഭയിലുണ്ടായിരുന്നില്ല.
നിയമസഭ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത സംഭവം ഉണ്ടായിയെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. സഭ വേഗത്തില്‍ അവസാനിപ്പിക്കാനുള്ള പ്രതിപക്ഷ നാടകമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതാണെന്നും നുണകള്‍ തുറന്ന് കാട്ടുമെന്ന് പ്രതിപക്ഷം ഭയന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ സ്പീക്കറുടെ ഡയസിലേക്ക് വലിഞ്ഞു കയറിക്കൊണ്ട് സഭാ നടപടികള്‍ അലങ്കോലമാക്കാന്‍ ശ്രമിച്ചത്. പ്രമേയ നോട്ടീസ് എടുക്കുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവിന് പറയാമായിരുന്നു. എന്നാല്‍ അന്നേരം അദ്ദേഹം നിശബ്ദന്‍ ആയിരുന്നു. തനിക്കു നേരെ അധിക്ഷേപം ഉണ്ടായെന്നു അന്നേരം പറഞ്ഞില്ല. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുന്നതില്‍ പ്രതിപക്ഷ നേതാവിന് പരിഭ്രാന്തിയാണ്. ചര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ യുഡിഎഫിന് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും അദ്ദേഹം വിശദമാക്കി. അങ്ങേയറ്റം അപലപനീയമായ സംഭവമെന്നും പി രാജീവ് പ്രതകരിച്ചു.
സ്പീക്കറിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത് ദൗര്‍ഭാഗ്യകരമായ കാര്യമെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു. അടിയന്തര പ്രമേയത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല.ഞങ്ങള്‍ ഒളിച്ചോടി എന്ന് പറയുന്നത് തമാശയാണ്. മലപ്പുറത്തെക്കുറിച്ച് മോശമായി പറഞ്ഞത് ഞങ്ങള്‍ അല്ല, പിന്നെ എന്തിനാണ് ഞങ്ങള്‍ ഭയപ്പെടുന്നത്. നിയമസഭയില്‍ വീണ്ടും ഉന്നയിക്കും. സഭാ നടപടികള്‍ നടക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്.പക്ഷേ സ്പീക്കര്‍ മോശമായി പെരുമാറി.സ്പീക്കര്‍ നിഷ്പക്ഷനാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ വിഡി സതീശന്‍ ചോദിച്ചു.