സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി; നിയമസഭയില്‍ സമാനതകളില്ലാത്ത പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം പൊട്ടിത്തെറിയായി; സഭയില്‍ പോര്‍വിളി; സഭാ ടിവി സംപ്രേക്ഷണം നിര്‍ത്തി; ഇന്നത്തേക്ക് സഭ പരിഞ്ഞു; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്ല
മുഖ്യമന്ത്രി പിണറായി വിജയന്റെ 'മലപ്പുറം പരാമര്‍ശത്തില്‍' അടിയന്തര പ്രമേയ ചര്‍ച്ച നടക്കില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 'മലപ്പുറം പരാമര്‍ശത്തില്‍' അടിയന്തര പ്രമേയ ചര്‍ച്ച നടക്കില്ല. രൂക്ഷമായ ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പോര്‍വിളി ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ 'മലപ്പുറം' പരാമര്‍ശത്തിന്മേല്‍ നിയമസഭയില്‍ 12 മണിക്ക് അടിയന്തര പ്രമേയ ചര്‍ച്ച നടത്തുമെന്നായിരുന്നു പ്രഖ്യാപണം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമര്‍ശവും കള്ളക്കടത്ത് പണം ദേശ വിരുദ്ധ പ്രവണതകള്‍ക്ക് ഉപയോഗിക്കുന്നെന്ന പരാമര്‍ശവും സംസ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തന്റെ പരാമര്‍ശത്തിന് മേല്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ ഉണ്ടാക്കുകയാണെന്നും ഈ വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രിയും സഭയില്‍ ആവശ്യപ്പെട്ടു. ഇതോടെ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുകയായിരുന്നു. ഇതിനു ശേഷമാണ് ബഹളം ഉണ്ടാക്കിയത്.
പ്രതിപക്ഷത്തിന്റെ നേതാവാരാണെന്ന് ചോദിച്ച സ്പീക്കറെ കടന്നാക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെയും പാര്‍ലമെന്ററികാര്യ മന്ത്രിയുടെയും പരാമര്‍ശത്തില്‍ തിരിച്ചടിച്ച് വി.ഡി. സതീശന്‍ രംഗത്ത് വന്നിരുന്നു. ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ് മുഖ്യമന്ത്രിക്ക് വി.ഡി സതീശന്‍ ചുട്ടമറുപടി നല്‍കി. 'ഞാന്‍ നിലവാരമില്ലാത്തവന്‍ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി എന്നെ കുറിച്ച് നല്ല വാക്കാണ് പറഞ്ഞിരുന്നെങ്കില്‍ വിഷമിച്ചു പോയേനെ. ഞാന്‍ വിശ്വാസിയാണ്. അങ്ങയെ പോലെ ഒരു അഴിമതിക്കാരനാകരുതെന്നും നിലവാരമില്ലാത്തവനാകരുതെന്നും എല്ലാ ദിവസവും പ്രാര്‍ഥിക്കാറുണ്ട്. എന്റെ നിലവാരം അളക്കാന്‍ മുഖ്യമന്ത്രി വരേണ്ട' -പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പ്രശ്‌നമായത്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് പറഞ്ഞതെല്ലാം സഭാ രേഖകളില്‍ നിന്നും മാറ്റി. എന്നാല്‍ പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം മാറ്റിയതുമില്ല. ഇതാണ് തര്‍ക്കം രൂക്ഷമായത്. ഇതിനിടെ സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി. പ്രതിഷേധം പുതിയ തലത്തിലെത്തി. ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ പോര്‍ വിളിയുമുണ്ടായി. ഇതോടെ സഭ പിരിഞ്ഞു. ഫലത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടക്കാതെയുമായി.
പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷ പരാമര്‍ശമാണ് തര്‍ക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയില്‍ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. അതേ ഭാഷയില്‍ മുഖ്യമന്ത്രിയും മറുപടി നല്‍കി. ഇതോടെ വാക്കേറ്റമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ കസേരയുടെ അടുത്തെത്തി. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടങ്ങിയത്. സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി. ഈ രീതിയാണു സ്വീകരിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്പീക്കറുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. അതിന് ശേഷം ശൂന്യവേളയില്‍ അടിയന്തര പ്രമേയത്തിന് അനുമതി കൊടുക്കില്ലെന്ന് ഏവരും കരുതി. എ്ന്നാല്‍ അനുമതി നല്‍കിയ ഭരണപക്ഷം തന്ത്രപരമായി കരുക്കള്‍ നീക്കി. ഇതില്‍ പ്രതിപക്ഷം വീണു. അങ്ങനെ സഭ ഇന്നത്തേക്ക് പരിയുന്ന സാഹചര്യം ഉണ്ടായി.
നേരത്തെ പ്രതിപക്ഷത്തോട് ഒരു തരത്തിലുമുള്ള വിവേചനവും കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വ്യക്തമാക്കിയിരുന്നു. മനഃപൂര്‍വമായ വീഴ്ച സംഭവിച്ചിട്ടില്ല. തദ്ദേശീയ പ്രാധാന്യമുള്ള ചോദ്യങ്ങളായിരുന്നു പ്രതിപക്ഷത്തിന്റേത്. ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിനു മുന്‍പ് സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്നതു ശരിയായ നടപടിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട വിഷയം പ്രാധാന്യമുള്ള ചോദ്യമല്ലെന്നാണോ സ്പീക്കര്‍ പറയുന്നതെന്ന് വി.ഡി.സതീശന്‍ ചോദിച്ചു. പിന്നാലെ, പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. നിയമസഭാ സമ്മേളനം പൂര്‍ണതോതില്‍ ഇന്ന് ആരംഭിച്ചിരിക്കെ, കൊമ്പുകോര്‍ക്കാനുറച്ചാണ് ഭരണ പ്രതിപക്ഷ കക്ഷികളുടെ നടപടികള്‍ എന്ന് വ്യക്തം.
എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം, പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും മുഖ്യമന്ത്രിയില്‍നിന്നു മറുപടി തേടാനുമാണു പ്രതിപക്ഷത്തിന്റെ തീരുമാനം.