ജനഗണമന മുഴങ്ങുള്‍ എല്ലാവരും ശ്രദ്ധിച്ചത് ആ പ്രത്യേക ബ്ലോക്കില്‍; അനുശോചന പ്രമേയങ്ങളിലേക്ക് സ്പീക്കര്‍ കടന്നപ്പോഴും രാഹുല്‍ എത്തിയില്ല; സഭയില്‍ ആദ്യമായി ഒരു അംഗം എത്തുമോ എന്ന രാഷ്ട്രീയ ആകാംഷ തീര്‍ന്നത് 20 മിനിറ്റിനുള്ളില്‍; 9.20ന് മാങ്കൂട്ടത്തില്‍ എത്തി; സഭാ വാതില്‍ വരെ അനുഗമിച്ച് രണ്ട് യൂത്ത് കോണ്‍ഗ്രസുകാരും; നിയമസഭ തുടങ്ങുമ്പോള്‍
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 14-ാം സമ്മേളനം തുടങ്ങി. സഭ ചേരുന്ന ഒന്‍പത് മണിക്ക് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയില്ല. എന്നാല്‍ 9.20ഓടെ സഭയിലെത്തി. ഇന്ന് ആരംഭിക്കുന്ന സഭാസമ്മേളനം ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കും. ആദ്യ ദിവസമായ ഇന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി.പി. തങ്കച്ചന്‍, പീരുമേട് നിയോജകമണ്ഡലത്തില്‍ നിന്നുള്ള നിലവിലുള്ള നിയമസഭാംഗം വാഴൂര്‍ സോമന്‍ എന്നിവരുടെ നിര്യാണത്തില്‍ അുശോചനം രേഖപ്പെടുത്തി പിരിയും. രണ്ടു യുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ നിയമസഭയിലേക്ക് വന്നത്. യൂത്ത് കോണ്‍ഗ്രസില്‍ ഔദ്യോഗിക പദവിയിലുള്ളവരാണ് അവര്‍. ഇതോടെ രാഹുലിന് കോണ്‍ഗ്രസില്‍ പിന്തുണയുണ്ടെന്ന സന്ദേശം നല്‍കുകയാണ് കോണ്‍ഗ്രസിലെ രാഹുല്‍ അനുകൂലികള്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷജീറാണ് മാങ്കൂട്ടത്തിലിനൊപ്പം ഉണ്ടായിരുന്നത്.
ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഒഴിഞ്ഞുമാറിയിരുന്നു. തിങ്കളാഴ്ച രാവിലെ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും 'ഞാന്‍ പറയില്ല' എന്ന് മാത്രമായിരുന്നു സതീശന്റെ മറുപടി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാസമ്മേളനത്തിന് എത്തിയാല്‍ പ്രത്യേക ബ്ലോക്കില്‍ ഇരുത്തുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാങ്കൂട്ടത്തില്‍ വന്നത്.
പാര്‍ലമെന്ററി പാര്‍ടിയില്‍നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായും പ്രതിപക്ഷ ബ്ലോക്കില്‍നിന്ന് മാറ്റിയിരുത്തണമെന്നും കാട്ടി പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണിത്. രാഹുലിന്റെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. അതിനിടെ രാഹുല്‍ സഭയില്‍ എത്തുമോ എന്ന ആകാംഷ ഉയര്‍ന്നു. അടൂരിലെ രാഹുലിന്റെ വീട്ടില്‍ ആരുമില്ല. എംഎല്‍എ ഹോസ്റ്റലിലും രാഹുല്‍ എത്തിയില്ല. ഭ തുടങ്ങുമ്പോള്‍ രാഹുല്‍ വന്നില്ലെന്നത് കോണ്‍ഗ്രസിലെ സതീശന്‍ അനുകൂലികള്‍ക്ക് കരുത്താകുമെന്ന് വിലയിരുത്തലും എത്തി. എന്നാല്‍ രാഹുല്‍ വരണമെന്ന അഭിപ്രായം ഉള്ളവര്‍ കോണ്‍ഗ്രസില്‍ ഏറെയാണ്. ഇത് മാനിച്ചാണ് ര ാഹുല്‍ എത്തിയത്. കോണ്‍ഗ്രസിലെ എ വിഭാഗം രാഹുലിനെ സഭയില്‍ പിന്തുണയ്ക്കും.
പ്രധാനമായും നിയമനിര്‍മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തിലെ ബാക്കി 11 ദിവസങ്ങളില്‍ ഒന്‍പതു ദിവസങ്ങള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും രണ്ടു ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനുമായി വിനിയോഗിക്കും. ഈ സമ്മേളന കാലയളവില്‍ പൊതുവില്‍പന നികുതി ഭേദഗതി ബില്‍, കേരള സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ബില്‍, കേരള ഗുരുവായൂര്‍ ദേവസ്വം ബില്‍, കേരള കയര്‍ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പരിഗണിക്കും.
2025ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഭേദഗതി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്. സഭയുടെ പരിഗണനയ്ക്കു വരുന്ന എല്ലാ ബില്ലുകളേയും സംബന്ധിക്കുന്ന വിശദമായ സമയക്രമവും മറ്റ് ഗവണ്മെന്റ് കാര്യങ്ങളുടെ ക്രമീകരണവും സംബന്ധിച്ച് ഇന്നു ചേരുന്ന കാര്യോപദേശക സമിതി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. ഒക്ടോബര്‍ ആറിന് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകള്‍ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
ഒക്ടോബര്‍ ഏഴിന് ധനവിനിയോഗബില്‍ പരിഗണിക്കും. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ പത്തിന് സഭ പിരിയും. ഭരണ പക്ഷത്തിനെതിരെ നിരവധി ആയുധങ്ങള്‍ പ്രതിപക്ഷത്തിനുണ്ട്. അതിനിടെയാണ് ലൈംഗീക പീഡനത്തില്‍ രാഹുല്‍ കുടുങ്ങിയത്. ഇത് ഭരണ പക്ഷത്തിന് പ്രതിരോധാവസരമായി മാറുകയും ചെയ്യുകയാണ്.