പി.എസ്.സി. നിയമനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു; പിന്‍വാതില്‍ നിയമനമാണ് നടക്കുന്നത്; പാര്‍ട്ടി സര്‍വീസ് നിയമനം എന്നാക്കുന്നതാവും ഉചിതമെന്ന് നിയമസഭയില്‍ പി.സി.വിഷ്ണുനാഥ്

പി.എസ്.സി. നിയമനം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പി.സി.വിഷ്ണുനാഥ്

Update: 2024-10-10 06:36 GMT

തിരുവനന്തപുരം: പി.എസ്.സി. നിയമനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് നിയമസഭയില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ. പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെന്നും പാര്‍ട്ടി സര്‍വീസ് നിയമനം എന്നാക്കുന്നതാവും ഉചിതമെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു പി.സി.വിഷ്ണുനാഥ് എംഎല്‍.എ. പി.എസ്.സി. നിയമനത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.

കേരളാ പോലീസില്‍ നിലവില്‍ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. സിപിഓ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതിന് ശേഷം ഒരാളെ പോലും ആ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിച്ചിട്ടില്ല. ആറു മാസമായി റാങ്ക് ലിസ്റ്റ് വന്നിട്ടെന്നും ഇനി കാലാവധി ആറു മാസം മാത്രമാണെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ഈ കാലയളവില്‍ രണ്ട് ബാച്ച് ട്രയിനിങ്ങിന് കയറിയിട്ടുണ്ടെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാണിച്ചു.

'വനിതാ കോണ്‍സ്റ്റബിള്‍മാരുടെ റാങ്ക് ലിസ്റ്റില്‍ 967 പേരുണ്ടായിരുന്നു. സേനയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റില്‍ നിന്നും ഇതുവരെ ആര്‍ക്കും നിയമനം നല്‍കിയിട്ടില്ല. എസ്‌ഐ റാങ്ക് ലിസ്റ്റില്‍ 1038 പേരുണ്ട്. ഈ ലിസ്റ്റില്‍ നിന്നും ഒരാളെ പോലും നിയമിച്ചിട്ടില്ല. സേനയില്‍ അംഗബലം കുറവായതുകൊണ്ടും സമ്മര്‍ദം കൊണ്ടും 83 പോലീസുകാര്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ആഴ്ചയും മൂന്ന് പോലീസുകാര്‍ ആത്മഹത്യ ചെയ്തു.

അംഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനകാര്യവകുപ്പ് തള്ളി. നവകേരള സദസിനും കേരളീയത്തിനും സര്‍ക്കാരിന് ഫണ്ടുണ്ട്. തസ്തിക വര്‍ധിപ്പിക്കാന്‍ മാത്രം സര്‍ക്കാരിന് ഫണ്ടില്ല. മറ്റു വകുപ്പുകളിലും നിയമനം നടക്കുന്നില്ല'- അദ്ദേഹം വിമര്‍ശിച്ചു.

കണക്കുകള്‍ പ്രകാരം 45 ലക്ഷം ആളുകള്‍ പുറത്താണ്. കഴിഞ്ഞ വര്‍ഷം മാത്രം 4545 കോടി രൂപയാണ് വിദ്യഭ്യാസ വായ്പ എടുത്തിട്ടുള്ളത്. ഇവിടെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ കുട്ടികള്‍ പൊതുമേഖല ബാങ്കില്‍ നിന്ന് വായ്പയെടുത്ത് നാടുവിടുകയാണെന്നും എം.എല്‍.എ. പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസം പൊതുജനത്തിന് ആവശ്യമില്ലാത്ത വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടുവന്നെന്ന് പറയുകയും അത് ചര്‍ച്ച ചെയ്യുകയും ചെയ്തിട്ട് ഇപ്പോള്‍ പൊതുജനത്തിന് ആവശ്യമായ വിഷയം കൊണ്ടുവന്നപ്പോള്‍ അത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ അപഹാസ്യരാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

Tags:    

Similar News