ബഹളമുണ്ടാക്കി പ്രശ്‌നം ആക്കാമെന്നാണോ? ചെറിയ കാര്യങ്ങള്‍ പോലും പ്രതിപക്ഷ നേതാവിന് സഹിക്കാനാകുന്നില്ല; നിയമസഭയില്‍ പ്രതിപക്ഷത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി; 'നെന്മാറ ഇരട്ടക്കൊല കേസില്‍ വീഴ്ച സംഭവിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതി ഗൗരവത്തോടെ എടുത്തില്ല'; പൊലീസ് വീഴ്ച്ചയും സമ്മതിച്ച് പിണറായി

ബഹളമുണ്ടാക്കി പ്രശ്‌നം ആക്കാമെന്നാണോ?

Update: 2025-02-12 06:59 GMT

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നെന്മാറ ഇരട്ടക്കൊലപാതകവും പത്തനംതിട്ടയിലെ പൊലീസ് മര്‍ദനവും സഭയില്‍ ഉന്നയിച്ച പ്രതിപക്ഷം, പൊലീസ് വീഴ്ച സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ മറുപടി പറയവേയാണ് പിണറായി ക്ഷുഭിതനായത്. ഒരു ഡിവൈഎസ്പി മദ്യപിച്ചത് കൊണ്ട് പൊലീസുകാരെല്ലാം മദ്യപാനികളാണെന്ന് പറയാന്‍ കഴിയുമോയെന്ന് പിണറായി വിജയന്‍ ചോദിച്ചു. അധോലോകത്തിന്റെ പേര് പറഞ്ഞ് കേരളത്തില്‍ ഭീതി പടര്‍ത്താന്‍ കഴിയുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍.ഷംസുദീനാണ് പ്രതിപക്ഷത്തു നിന്നും പ്രമേയം അവതരിപ്പിച്ചത്. മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷ ഭാഗത്തുനിന്ന് ബഹളം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി കയര്‍ത്തത്. വേണ്ടത്ര നല്ല രീതിയില്‍ വിഷയം അവതരിപ്പിക്കാന്‍ ഷംസുദീനു കഴിയാത്തതുകൊണ്ട് ബഹളം ഉണ്ടാക്കി പ്രശ്നം ആക്കാമെന്നാണോ ധാരണയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കാര്യങ്ങള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറവല്ല, കേരളത്തിന്റെ അവസ്ഥയുടെ സ്ഥിതിയാണെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഭരണപക്ഷം കയ്യടിച്ചു. ഏതെങ്കിലും ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വല്ലാതെ ക്രമസമാധാനം തകര്‍ന്നുവെന്ന് പറഞ്ഞാല്‍ അത് യഥാര്‍ഥ ചിത്രമാകില്ല. അതിനെ മറ്റു തരത്തില്‍ മാറ്റിത്തീര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്കുകള്‍ പൊള്ളുന്നതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് എഴുന്നേല്‍ക്കുന്ന സ്ഥിതിയുണ്ടായത്. ഇത്രയും ചെറിയ കാര്യങ്ങള്‍ പോലും സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എവിടേയ്ക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു സംഭവങ്ങളിലും വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിഷയങ്ങള്‍ പൊതുവല്‍ക്കരിച്ച് പൊലീസ് സേനയ്ക്കെതിരെ പ്രചരണം നടത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നെന്‍മാറയില്‍ വീഴ്ച്ച സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. നെന്മറ കേസിലെ പ്രതി ചെന്താമരയെ പൊലീസ് വിളിച്ചു വരുത്തി ജാമ്യവ്യവസ്ഥ ലംഘിക്കരുതെന്നു കാട്ടി താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിന്നീട് സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിക്കൊന്നത് നിര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നവര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ നടപടി എടുക്കേണ്ടത് കോടതിയാണ്. പൊലീസിനു റിപ്പോര്‍ട്ട് നല്‍കാന്‍ മാത്രമേ കഴിയൂ. അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരം നല്‍കാമോ എന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. നെന്മാറയിലെ പ്രതിയായ ചെന്താമര പ്രത്യേക മാനസിക അവസ്ഥയുള്ളയാളാണ്. അയാളെ ന്യായീകരിക്കുന്നില്ല. ചെന്താമരയ്ക്കെതിരെ ഗൗരവമായി നടപടി എടുക്കാത്ത പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ നടപടി എന്താകുമെന്ന് അന്വേഷണത്തിനു ശേഷമേ പറയാന്‍ കഴിയൂ.

പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പത്തനംതിട്ടയില്‍ നടന്നതും സാധാരണ നിലയില്‍ സംഭവിക്കാന്‍ പാടില്ലാത്തതു തന്നെയാണ്. അതിന്റെ ഭാഗമായി പൊലീസ് എസ്ഐയെ അടക്കം സസ്പെന്‍ഡ് ചെയ്തിരുന്നു. തെറ്റായ കാര്യം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ നടപടിയെടുക്കുകയെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന്റെ പേരില്‍ പൊലീസാകെ വെളിവില്ലാതായി എന്നു പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ നിലനില്‍ക്കെ കൊല്ലപ്പെട്ടവരുടെ വീടിന് അടുത്തിരുന്നാണ് പദ്ധതികള്‍ ആസൂത്രം ചെയ്തതെന്നും അപ്പോള്‍ പൊലീസ് എവിടെയായിരുന്നുവെന്നും എന്‍.ഷംസുദീന്‍ ചോദിച്ചു. നെന്മാറയില്‍ പൊലീസിന്റെ വീഴ്ചയില്‍ ഉറ്റവരെ നഷ്ടമായ അനാഥരായ രണ്ടു പെണ്‍കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഷംസുദീന്‍ പറഞ്ഞു. സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടം വര്‍ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പത്തനംതിട്ടയില്‍ രാത്രി ഒരു കുടുംബത്തെ അകാരണമായി പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗുണ്ടാത്തലവനും എസ്പിയും തമ്മില്‍ ധാരണയുണ്ടാക്കുന്ന അവസ്ഥ മുംബൈയിലെ അധോലോകത്തിനു സമാനമാണെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി. തുമ്പ പൊലീസ് കൈക്കൂലി വാങ്ങിയ ഗൂഗിള്‍ പേ വഴിയാണ്. കൈക്കൂലി വരെ ഡിജിറ്റലൈസ് ചെയ്തുവെന്നു നിങ്ങള്‍ക്ക് അവകാശപ്പെടാമെന്നും ഷംസുദീന്‍ പരിഹസിച്ചു.

ഒരു സ്ത്രീയെ കൊലപ്പെടുത്തിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ച് ഒന്നരമാസം അവിടെ താമസിച്ച് ബാക്കി രണ്ടു പേരെ കൂടി കൊന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പരാതി ലഭിച്ചിട്ടും ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി ജാമ്യം റദ്ദാക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. സംസ്ഥാനത്താകെ ഗുണ്ടകള്‍ യോഗങ്ങളും നടുറോഡില്‍ ജന്മദിനാഘോഷവും നടത്തുകയാണ്. എസ്എഫ്ഐ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചയാളെ മന്ത്രിയാണ് മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുന്നത്.

ഗുണ്ടകള്‍ നടത്തുന്ന പാര്‍ട്ടികളുടെ മുഖ്യാതിഥികള്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഗുണ്ടകള്‍ രാഷ്ട്രീയ സംരക്ഷണം നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചിരിക്കുകയാണ്. പത്തനംതിട്ടയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷൈന്‍ ടോം ചാക്കോ കേസും വി.ഡി. സതീശന്‍ സഭയില്‍ പരാമര്‍ശിച്ചു. ഇന്നലെ കൊക്കെയ്ന്‍ കേസിലെ പ്രതികളെ മുഴുവന്‍ വെറുതെ വിട്ടതായി പേപ്പറില്‍ കണ്ടിരുന്നു. വേണ്ടവിധം കുറ്റപത്രം കൊടുക്കാത്തത് കൊണ്ടാണ് ഇവരെ വെറുതെ വിട്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Tags:    

Similar News