കുഴല്‍നാടന്റെ പെര്‍ഫോമന്‍സ് കോപാകുലനാക്കി; രോഷവുമായി പ്രതിപക്ഷത്തിന്റെ അടുത്തേക്ക് നീങ്ങിയ മന്ത്രി ശിവന്‍കുട്ടിയുട കൈയ്യില്‍ പിടിച്ച് പിന്നോട്ട് വലിച്ച് പിണറായി; സൂചന തിരിച്ചറിഞ്ഞ് പിന്മാറ്റം; 2015 നിയമസഭയില്‍ ആവര്‍ത്തിക്കാത്തത് മുഖ്യമന്ത്രിയുടെ കരുതലില്‍; ആ ചിത്രം വൈറല്‍

മുഖ്യമന്ത്രി കയ്യില്‍പിടിച്ചു പിന്നോട്ടു വലിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടി സീറ്റിലേക്ക് മടങ്ങി. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ താരം.

Update: 2024-10-07 08:48 GMT

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങിയ മന്ത്രി വി.ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തടയുന്ന ചിത്രം രാഷ്ട്രീയ കൗതുകമാകുന്നു. പ്രസംഗിക്കുന്നതിനിടെ, തന്റെ സീറ്റിനരികില്‍ കൂടി പ്രതിപക്ഷ നിരയിലേക്ക് പോകാന്‍ ശ്രമിച്ച ശിവന്‍കുട്ടിയെ മുഖ്യമന്ത്രി കയ്യില്‍പിടിച്ചു പിന്നോട്ടു വലിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടി സീറ്റിലേക്ക് മടങ്ങി. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ താരം.

യുഡിഎഫ് ഭരണകാലത്ത് കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയില്‍ നടന്ന കയ്യാങ്കളിയിലും ശിവന്‍കുട്ടി പ്രതിയാണ്. 2015 മാര്‍ച്ച് 13നാണ് കയ്യാങ്കളിയുണ്ടായത്. ബാര്‍ കോഴയിലെ പ്രതിപക്ഷ പ്രതിഷേധം അന്ന് അതിരുവിട്ടു. സ്പീക്കര്‍ ഡയസിലെ കസേര അടക്കം വലിച്ചെറിഞ്ഞു. ഡയസില്‍ മുണ്ടു മടക്കി കുത്തി ശിവന്‍കുട്ടിയുടെ നടത്തം ഇന്നും പ്രസക്തം. സഭയ്ക്ക് 2.20ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സുപ്രീംകോടതിയെ പ്രതികള്‍ സമീപിച്ചെങ്കിലും കേസ് റദ്ദാക്കിയില്ല. കേസിന്റെ വിചാരണ നടക്കുകയാണ്. മന്ത്രി ശിവന്‍കുട്ടിയും വിചാരണ നേരിടണം. ഇത് മനസ്സില്‍ വച്ചാകണം ഇന്ന് ശിവന്‍കുട്ടിയെ പിണറായി തടഞ്ഞത്.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന്റെ ആദ്യ ദിനം സംഘര്‍ഷത്തിന്റേതായിരുന്നു. വരും ദിവസങ്ങളിലും സംഘര്‍ഷഭരിതമാകുമെന്ന സൂചനയാണ് ആദ്യദിവസം തന്നെ സഭയില്‍ ഉണ്ടായത്. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മുന്നില്‍ ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഡയസിലേക്കു കയറാന്‍ ശ്രമിച്ചത്. ഇതോടെ സമീപത്തുണ്ടായിരുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് അദ്ദേഹത്തെ തടഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയതോടെ ബലം പ്രയോഗിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് തടയുന്ന സ്ഥിതിയുണ്ടായി.

ഇതിനിടെ സ്പീക്കര്‍ കാര്യോപദേശക സമിതിയുടെ 14-ാമത് റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. റിപ്പോര്‍ട്ടില്‍ ഭേദഗതി നിര്‍ദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി.ശിവന്‍കുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. പ്രസംഗിക്കുന്നതിനിടെ ഇതു ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി പ്രസംഗം നിര്‍ത്താതെ തന്നെ ശിവന്‍കുട്ടിയുടെ കൈയില്‍ പിടിച്ച് പിന്നോട്ടു വലിച്ചു. മുഖ്യമന്ത്രി നല്‍കിയ സൂചന മനസിലാക്കിയ ശിവന്‍കുട്ടി തിരികെ സീറ്റിലേക്കു മടങ്ങി. ഇനിയൊരു പ്രശ്‌നം ശിവന്‍കുട്ടി ഉണ്ടാകരുതെന്ന ചിന്തയില്‍ തന്നെയായിരുന്നു ഇടപെടല്‍.

ഈ സമയത്തും പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ മുന്നില്‍ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടര്‍ന്നു. ഇതോടെ ഭരണകക്ഷി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ചുറ്റം കൂട്ടം കൂടിയെത്തി. പ്രതിഷേധം ശക്തമാകുന്നതിനിടെ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

Tags:    

Similar News