'സ്ത്രീകളെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തത് കേരള നിയമസഭയ്ക്ക് അപമാനം; കൗരവസഭയായി മാറി'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ വിട്ട് പ്രതിപക്ഷം

ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുന്നു

Update: 2024-10-11 06:24 GMT

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം. സ്ത്രീകളെ ഇത്രത്തോളം ബാധിച്ച വിഷയം ചര്‍ച്ച ചെയ്തില്ല എന്നത് സഭയ്ക്ക് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിരോധത്തിലായതിനാലാണ് ചര്‍ച്ച അനുവദിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കേരള നിയമസഭ കൗരവ സഭയായി മാറുകയാണ്. ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോട്ടിന്മേല്‍ ചോദ്യത്തിനും മറുപടി പറയില്ല. അടിയന്തര പ്രമേയത്തിനും അനുമതി നല്‍കില്ല. സ്ത്രീകളെ ഇതുപോലെ ബാധിക്കുന്ന ഒരു വിഷയം സഭയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യുകയെന്ന് സതീശന്‍ ചോദിച്ചു.

ലൈംഗിക കുറ്റകൃത്യം ഒളിച്ചു വെക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമുളള ഈ സര്‍ക്കാറിനെ സ്ത്രീകള്‍ എങ്ങനെ വിശ്വസിക്കും അതുകൊണ്ടാണ് മൊഴി കൊടുക്കാന്‍ ആരും വരാത്തത്. ഇരകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കിയിരുന്നെങ്കില്‍ മൊഴി കൊടുക്കാന്‍ ആള് വന്നേനെ. വാളയാര്‍, വണ്ടിപ്പെരിയാര്‍ കേസുകളുടെ അനുഭവം മുന്നിലുണ്ട്. ഇന്ന് സഭ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നില്ലെന്നത് കേരള നിയമസഭയ്ക്ക് തന്നെ അപമാനമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച അനുവദിക്കാതിരുന്ന സര്‍ക്കാര്‍ തികഞ്ഞ വഞ്ചനയാണ് കാണിച്ചതെന്ന് കെകെ രമയും കുറ്റപ്പെടുത്തി. കേരളത്തിലെ സ്ത്രീ സമൂഹത്തെ പച്ചയായി പറ്റിക്കുകയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ ചെയ്തത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെറുമൊരു സ്റ്റഡി റിപ്പോര്‍ട്ട് മാത്രമാണ് നിയമ സാധുതയില്ലെന്നും രമ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാറിന് എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ആരോപിച്ചു. എന്തുകൊണ്ട് ഇത് കമ്മിറ്റിയാക്കി. ഹേമ കമ്മീഷന്‍ ആയിരുന്നു വേണ്ടതെന്നും മുനീര്‍ വിശദീകരിച്ചു.

അടിയന്തര പ്രമേയ നോട്ടീസിലെ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതായതിനാലാണ് അനുമതി നിഷേധിച്ചതെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ബുധനാഴ്ച സഭയിലെ ചോദ്യോത്തര വേളയിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2019-ല്‍ വന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേയെന്ന് പ്രതിപക്ഷം ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു പേജും സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്നായിരുന്നു സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ സഭയില്‍ അന്ന് പ്രതികരിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷന്‍ ആണെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണെന്നും സജി ചെറിയാന്‍ പറഞ്ഞു. കര്‍ണാടകയില്‍ ഇത്തരമൊരു കമ്മിറ്റി നിയോഗിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത് കേരളത്തിനെ മാതൃകയാക്കിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായി മൂന്ന് ദിവസം അടിയന്തര പ്രമേയം ചര്‍ച്ചക്കെടുത്തു എന്ന അപൂര്‍വ്വതയും ഈ സഭാ കാലയളവിലുണ്ടായി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലാണ് ആദ്യം ചര്‍ച്ച അനുവദിച്ചത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം സ്പീക്കറുടെ ഡയസിലേക്കും എത്തിയതോടെ സഭ പിരിഞ്ഞതിനാല്‍ ചര്‍ച്ച നടന്നില്ല. എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ചയെ സംബന്ധിച്ചും തൃശൂര്‍ പൂരം അലങ്കോലമായത് സംബന്ധിച്ചും പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ ചര്‍ച്ച നടന്നു.

Tags:    

Similar News