പ്രധാനമന്ത്രി വന്നത് ഫോട്ടോഷൂട്ടിനോ? ദുരന്തം നടന്നിട്ട് 76 ദിവസം; തുടക്കത്തിലെ ആവേശം ഇപ്പോള്‍ കാണുന്നില്ലെന്ന് ടി സിദ്ധിഖ്; പ്രധാനമന്ത്രി വന്ന് കുട്ടികളെ താലോലിച്ചു, പക്ഷേ അഞ്ച് പൈസ അനുവദിച്ചോയെന്ന് കെകെ ശൈലജയും; സഭയില്‍ അടിയന്തര പ്രമേയചര്‍ച്ച
പ്രധാനമന്ത്രി വന്നത് ഫോട്ടോഷൂട്ടിനോ?
തിരുവനന്തപുരം: നിയമസഭയില്‍ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചു. കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലെ ആവേശം പുനഃരധിവാസത്തില്‍ കാണുന്നില്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരന്തബാധിതര്‍ വലിയ പ്രയാസം നേരിടുകയാണ്. ഇപ്പോഴും വലിയ പ്രയാസത്തിലും വേദനയിലുമാണ് അവര്‍ കഴിയുന്നത്. പരിക്കേറ്റ പലരും ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.
200 മില്ലീമീറ്റര്‍ മഴപെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്ന മേഖലയായി അവിടം മാറി. പ്രധാനമന്ത്രി വന്നപ്പോള്‍ ആശ്വാസം തോന്നിയിരുന്നു. എന്നാല്‍ 229 കോടി അടിയന്തരസഹായം ആവശ്യപ്പെട്ടതില്‍ നയാ പൈസ പോലും ലഭിച്ചില്ല. പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്നാണ് വയനാട്ടുകാര്‍ ചോദിക്കുന്നത്. ദുരിതബാധിതര്‍ കടക്കെണിയിലാണ്.വായ്പാ ബാധ്യതകളില്‍ തീരുമാനം ആയിരിട്ടില്ല. ഒട്ടും വൈകാതെ പുനഃരധിവാസം നടപ്പാക്കണമെന്നും ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി വരുന്നതിന് തലേന്ന് അവസാനിപ്പിച്ചതാണ് തിരച്ചില്‍. അതിനു ശേഷം ഒരുദിവസം മാത്രമാണ് തിരച്ചില്‍ നടത്തിയത്. മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായം ലഭിക്കുന്നതിലും നിര്‍ണായകമാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നു സംസാരിച്ച സിപിഎം പ്രതിനിധികളും കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതില്‍ രൂക്ഷ വിമര്‍ശനമാണ് കെ കെ ശൈലജ ഉയര്‍ത്തിയത്. ദുരന്ത ഭൂമിയിലെത്തി പ്രധാനമന്ത്രി കുട്ടികളെ താലോലിക്കുകയും മാധ്യമങ്ങളില്‍ നല്ല വാര്‍ത്തകള്‍ വരികയും ചെയ്തു. എന്നാല്‍ സഹായധനമായി അഞ്ച് പൈസ അനുവദിക്കാന്‍ കേന്ദ്രം തയാറായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവരും പിന്തുണക്കണമെന്നും നിയമസഭയില്‍ വയാനാട് പുനരധിവാസവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ശൈലജ ആവശ്യപ്പെട്ടു.
''ബഹുമാന്യനായ പ്രധാനമന്ത്രി ഇവിടെ വന്നുനോക്കി. കുട്ടികളെയൊക്കെ താലോലിച്ചു, മാധ്യമങ്ങളിലൊക്കെ നല്ല വാര്‍ത്ത വന്നു. അതു കണ്ടപ്പോള്‍ നമുക്കും ഒരാശ്വാസം തോന്നി. പ്രധാനമന്ത്രി ഇത്രയും സ്‌നേഹത്തോടെ പെരുമാറുന്നു. ദുരിതാശ്വാസ ക്യാമ്പിലൊക്കെ ഒരുപാട് സമയം അദ്ദേഹം ചെലവഴിച്ചു. പക്ഷേ നമുക്ക് എന്താണ് കിട്ടിയത്? എന്തെങ്കിലും അനുവദിച്ചോ? അഞ്ച് പൈസ തരാന്‍ തയാറായിട്ടില്ല. 1200 കോടിയുടെ നാശനഷ്ടം ഉണ്ടാകുമ്പോള്‍ നമ്മുടെ ഈ കൊച്ചുകേരളം അത് എങ്ങനെ പരിഹരിക്കും. 2018ല്‍ പ്രളയമുണ്ടായപ്പോഴും നമുക്ക് വലിയ നാശനഷ്ടമുണ്ടായി. ഇത്തരം അവസരങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ് ഫെഡറല്‍ വ്യവസ്ഥയുടെ ധാര്‍മികത. കേന്ദ്രം സഹായം നല്‍കാത്തതില്‍ സഭക്ക് പുറത്തും പ്രതിഷേധിക്കണം'' -കെ.കെ. ശൈലജ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭരണ - പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഇടപെട്ടെന്നും ലോകത്തിന് മാതൃകയായ സന്നദ്ധ പ്രവര്‍ത്തനമാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തപ്പോള്‍ വളരെ പോസിറ്റീവായാണ് കേരളം അക്കാര്യം കണ്ടത്. എന്നാല്‍ അതിനെ വിമര്‍ശിച്ച് എത്രപേര്‍ വന്നു? കൊടുക്കരുതെന്ന് ആഹ്വാനം ചെയ്യുന്നത് ശരിയായ കാര്യമല്ല. ദുരന്തമുഖത്തെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാറിനെ എല്ലാവരും പിന്തുണക്കണമെന്നും അവര്‍ പറഞ്ഞു.