ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം തുടരുമ്പോള്‍ സന്തോഷത്തില്‍ അനില്‍ ആന്റണിയും; ബിജെപി ഇനിയും നില മെച്ചപ്പെടുത്തും; കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കുമെന്ന് അനില്‍; ഇത് മോദിയുടെയും നിതീഷിന്റെയം നേതൃത്വത്തിന്റെ വിജയമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം തുടരുമ്പോള്‍ സന്തോഷത്തില്‍ അനില്‍ ആന്റണിയും

Update: 2025-11-14 05:56 GMT

ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണോ എന്നത് പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്നും അനില്‍ ആന്റണി പ്രതികരിച്ചു. ഇത് മോദിയുടെയും നിതീഷിന്റെയം നേതൃത്വത്തിന്റെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെതും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണെന്ന് അനില്‍ ആന്റണി പരിഹസിച്ചു. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ എല്ലാം ബിജെപി ചരിത്രപരമായ നേട്ടം കൈവരിക്കുമെന്നും കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കുമെന്ന് അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വന്‍കുതിപ്പാണ്. 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റാണ്. എന്നാല്‍, എക്‌സിറ്റ് പോളുകളെ പോലും കടത്തിവെട്ടുന്ന വിധത്തിലാണ് എന്‍ഡിഎയുടെ മുന്നേറ്റം.

ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് വലിയ തകര്‍ച്ചയാണ് ഉണ്ടായത്. 66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ചയാണ് എക്‌സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നതാണ്. എന്‍ഡിഎക്ക് 130 മുതല്‍ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്.

എന്‍ഡിഎ സഖ്യം 197 സീറ്റുകളിലാണ് ഇപ്പോള്‍ ലീഡില്‍ നില്‍ക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതലേ മുന്നിലെത്തിയ എന്‍ഡിഎ ക്രമേണ ലീഡു നില വര്‍ധിപ്പിക്കുകയായിരുന്നു. കറുത്ത കുതിരകളായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല.

നിതീഷ് കുമാറിനെ അംഗീകരിച്ചുകൊണ്ട് മത്സരിക്കാന്‍ ഇറങ്ങിയതാണ് ബിജെപി സഖ്യത്തെ വലിയ വിജയത്തില്‍ എത്തിച്ചത്. ബിഹാറില്‍ എന്തെങ്കിലുംവിധത്തില്‍ നിതീഷിന് അടിപതറിയാല്‍ അത് ഡല്‍ഹിയിലെ എന്‍ഡിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിനെയും സാരമായി ബാധിച്ചേക്കാമായിരുന്നു. രാഷ്ട്രീയത്തില്‍ ചാഞ്ഞും ചെരിഞ്ഞും പിന്നെ മലക്കംചാടിയും എതിരാളികളെയും ഒപ്പംനില്‍ക്കുന്നവരെയും ഞെട്ടിക്കുന്ന പാരമ്പര്യത്തിനുടമയാണ് നിതീഷ്. ആ നിതീഷിനെ ഒപ്പംകൂട്ടിയാണ് മൂന്നാംമോദി സര്‍ക്കാര്‍ 2024-ല്‍ നിലവില്‍ വന്നത്. കഴിഞ്ഞ തവണ നിതീഷിനെ ഒതുക്കാനായിരുന്നു ബിജെപിയുടെ ശ്രമമെങ്കില്‍ ദേശീയതലത്തിലെ ഭീഷണി തലക്ക് മുകളിലുള്ളത് കൊണ്ട് ഇത്തവണ അത്തരമൊരു ഉദ്യമത്തിന് ബിജെപി മുതിര്‍ന്നില്ല.

നിതിഷീന് മുഖ്യമന്ത്രിപദം നിഷേധിച്ചാല്‍ മോദിയുടെ തന്നെ ഭാവി തുലാസിലാകുമായിരുന്നു. അതിനാല്‍തന്നെ നിതീഷിനെ അംഗീകരിച്ചുകൊണ്ടുള്ള നീക്കത്തിനാണ് ഇത്തവണ ബിജെപി ശ്രമിച്ചത്. ആ തിരിച്ചറിവിലൂന്നിത്തന്നെയായിരുന്നു ബിഹാറിലെ ബിജെപിയുടെ നീക്കവും. എന്‍ഡിഎയിലെ പ്രമുഖരായ ജെഡിയുവും ബിജെപിയും 101 സീറ്റുകളില്‍ വീതമാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പുപോരാട്ടം, നിതീഷ് കുമാറിന് കീഴിലാണെന്ന് നരേന്ദ്ര മോദിയും അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രചാരണകാലത്ത് ആവര്‍ത്തിക്കുന്നത് വെറുതെയായിരുന്നില്ല എന്നത് ഫലം വന്നപ്പോള്‍ വ്യക്തമായി.

Tags:    

Similar News