വോട്ടിന് പണത്തില്‍ ശോഭ സുരേന്ദ്രന് അയോഗ്യത കല്‍പ്പിക്കണം; നിയമനടപടിയിലേക്ക് പോകും; അടിച്ചു കരണം പൊളിക്കുമെന്ന് പറഞ്ഞവരുടെ തനിനിറം പുറത്തായി; പാലക്കാട്ടെ അമ്മമാരെ വിലയ്‌ക്കെടുക്കാന്‍ നോക്കേണ്ട; ബിജെപി യുടെ പണവും ബിജെപി യേയും പാലക്കാട് തിരസ്‌ക്കരിക്കും; വോട്ട് വിവാദത്തില്‍ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍
വോട്ടിന് പണത്തില്‍ ശോഭ സുരേന്ദ്രന് അയോഗ്യത കല്‍പ്പിക്കണം
പാലക്കാട്: തിരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് മണ്ഡലത്തില്‍ ഉയര്‍ന്നുവന്ന 'വോട്ടിന് പണം' വിവാദത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വടകര എംപി ഷാഫി പറമ്പില്‍. ബിജെപി പാലക്കാട്ടെ ജനങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുകയാണെന്നും പണം നല്‍കി വോട്ട് വാങ്ങാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥി നേരിട്ട് ഇടപെട്ട് പണം വിതരണം ചെയ്യുന്നു എന്ന ആരോപണം അതീവ ഗുരുതരമാണെന്ന് ഷാഫി പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി പയറ്റിത്തെളിഞ്ഞ മോശം ശീലങ്ങള്‍ പാലക്കാട്ട് ചെലവാകില്ലെന്നും അവിടുത്തെ ജനങ്ങള്‍ ബിജെപിയെയും അവരുടെ പണത്തെയും ഒരുപോലെ തിരസ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരായ മാര്‍ഗ്ഗത്തിലൂടെ ജയിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ബിജെപി പണമൊഴുക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് വന്ന് പ്രചാരണം നടത്തിയിട്ടും പാലക്കാട് ഒരു ചലനവും ഉണ്ടായില്ല എന്നതിന്റെ തെളിവാണ് സ്ഥാനാര്‍ത്ഥി നേരിട്ട് പണവുമായി വീടുകളില്‍ ഇറങ്ങുന്നതെന്ന് ഷാഫി ആരോപിച്ചു.
പാലക്കാടന്‍ ജനത വോട്ട് ചെയ്യുന്നത് രാഷ്ട്രീയ ബോധം കൊണ്ടും സ്ഥാനാര്‍ത്ഥികളോടുള്ള സ്‌നേഹം കൊണ്ടുമാണ്. ആ ബോധത്തെ നോട്ടുകെട്ടുകള്‍ കാട്ടി മാറ്റാമെന്ന് കരുതുന്നത് പാലക്കാടിനെ അപമാനിക്കലാണ്. തങ്ങളുടെ ആത്മാഭിമാനം പണയം വെച്ച ശീലം പാലക്കാട്ടുകാര്‍ക്കില്ല.
തിരഞ്ഞെടുപ്പ് ചട്ടങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് വരിവരിയായി വാഹനങ്ങളില്‍ പോയി പണം വിതരണം ചെയ്യുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സ്ഥാനാര്‍ത്ഥിക്കെതിരെ അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ സഹിതം രേഖാമൂലം പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ 'അടിച്ചു കരണം പൊളിക്കും' എന്ന് ഭീഷണിപ്പെടുത്തുന്നതിലൂടെ ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവമാണ് പുറത്തുവന്നിരിക്കുന്നത്. പാലക്കാടിന്റെ അമ്മയും പെങ്ങളുമാണെന്ന് പറഞ്ഞു നടന്നവര്‍ ഇപ്പോള്‍ തനിനിറം കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പണം നല്‍കിയെന്ന് പറയപ്പെടുന്ന വയോധിക പിന്നീട് മൊഴി മാറ്റിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പാവപ്പെട്ടവരുടെ പ്രയാസങ്ങളെ ചൂഷണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ കുറ്റക്കാരെന്ന് ഷാഫി മറുപടി നല്‍കി. വയോധികയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ, പണം വിതരണം ചെയ്യാന്‍ ശ്രമിച്ച ബിജെപി നേതൃത്വത്തിനെതിരെയാണ് അന്വേഷണം വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് രാഷ്ട്രീയമായി മാറില്ലെന്നും ഇത്തരം ദുശീലങ്ങളിലേക്ക് ചെന്നുചാടില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച ഷാഫി പറമ്പില്‍, ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഷാഫിയുടെ വാക്കുകള്‍ ഇങ്ങനെ:
മാധ്യമപ്രവര്‍ത്തകന്‍: ശോഭാ സുരേന്ദ്രനും ബിജെപിയും പണം കൊടുക്കുന്ന ദൃശ്യങ്ങള്‍ അടക്കമാണ് പുറത്തുവന്നിട്ടുള്ളത്. എന്താണ് പ്രതികരണം?
ഷാഫി പറമ്പില്‍: ഒന്ന് പാലക്കാട് ബിജെപിയെയും തിരസ്‌കരിക്കും, ബിജെപിയുടെ പണത്തെയും തിരസ്‌കരിക്കും. രണ്ടിന്റെ മുമ്പിലും പാലക്കാട് ആത്മാഭിമാനം പണയം വെക്കില്ല എന്നുള്ളത് ഉറപ്പാണ്. അവര്‍ പാലക്കാടിനെ കുറിച്ച് മനസ്സിലാക്കേണ്ടത്, പാലക്കാട് അങ്ങനെ നോര്‍ത്ത് ഇന്ത്യയില്‍ അവര്‍ പരീക്ഷിച്ച ശീലങ്ങള്‍ക്ക് വീണുപോകുന്ന ഒരു സ്ഥലമല്ല. പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാന്‍ കഴിയില്ല. പാലക്കാടിന്റെ വോട്ടിനെ വാങ്ങാന്‍ കഴിയില്ല. പാലക്കാട് നമ്മളെ പിന്തുണയ്ക്കുന്നത്, സഹായിക്കുന്നത്, തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കുന്നത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന് നമ്മള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം. രണ്ട് നമ്മള്‍ അവര്‍ക്ക് നല്‍കുന്ന സ്‌നേഹം, അവരെ ഇരട്ടിയായി തിരിച്ചും നല്‍കും എന്നുള്ളത് എന്റെ അനുഭവത്തില്‍ നിന്നും ബാക്കി ആരുടെയും അനുഭവങ്ങളില്‍ നിന്നും നമ്മള്‍ എല്ലാവരും മനസ്സിലാക്കിയിട്ടുള്ളതാണ്.
രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടി തിരഞ്ഞെടുപ്പിന്റെ ചട്ടങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും ജനങ്ങള്‍ക്കും പുല്ല് വില കല്‍പ്പിക്കുകയാണ്. മൂന്നും നാലും അഞ്ചും വണ്ടികള്‍ വരിവരിയായി പോയി വണ്ടിയില്‍ നിന്ന് ഇറങ്ങി സഹായികള്‍ വീടുകള്‍ തോറും പണം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നത് അതുകൊണ്ട് പാലക്കാട്ടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പറ്റും എന്നുള്ളത് വ്യാമോഹമാണ്. നേരായ മാര്‍ഗ്ഗത്തില്‍ ജയിക്കാന്‍ കഴിയില്ല എന്നുള്ളത് ബിജെപി അഡ്മിറ്റ് ചെയ്തിരിക്കുന്നു. പരാജയം ബിജെപി അവിടെ സമ്മതിച്ചിരിക്കുന്നു. രണ്ട് പ്രധാനമന്ത്രി നേരിട്ട് വന്നു പ്രചാരണം നടത്തിയ ഒരു കോണ്‍സ്റ്റിറ്റുവന്‍സിയാണ് പാലക്കാട്. പാലക്കാട് കോട്ടമൈതാനത്ത് വലിയ റാലി സംഘടിപ്പിച്ചും റോഡ്‌ഷോ സംഘടിപ്പിച്ചും നേരിട്ട് വന്നു പ്രചാരണം നടത്തി. അപ്പൊ പ്രധാനമന്ത്രി നടത്തിയ പ്രചാരണത്തിന് പോലും ഒരു ഇംപാക്ടും പാലക്കാട് ഇല്ല എന്നുള്ളത് സ്ഥാനാര്‍ത്ഥി തന്നെ തുറന്നു സമ്മതിക്കുന്നതാണ് ഈ ഏര്‍പ്പാട്. അതല്ലെങ്കില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വന്നാല്‍ അതുകൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ ഈ വീട് കേറി നടന്നിട്ട് പണം കൊടുക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ലല്ലോ.
അപ്പൊ ഇത് അതീവ ഗുരുതരമായിട്ടുള്ള ഒരു സാഹചര്യമാണ്. പാലക്കാടിന്റെ ശീലങ്ങളെ മാറ്റാന്‍ ശ്രമിക്കുകയാണ്. മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതൊക്കെയാണ്. ആളുകളെ രാഷ്ട്രീയ ബോധം കൊണ്ടും സ്ഥാനാര്‍ത്ഥികളോടും മറ്റുള്ള സ്‌നേഹം കൊണ്ട് വോട്ട് ചെയ്യുന്നത് പൈസ കൊണ്ട് മാറ്റാന്‍ പറ്റുമോ എന്നുള്ളതാണ് ശ്രമിക്കുന്നത്. പാലക്കാട് മാറില്ല. രാഷ്ട്രീയമായും മാറില്ല ഇത്തരം ദുശീലങ്ങളിലേക്ക് ചെന്ന് ചാടുകയുമില്ല. ഒരു സംശയക്കാര്യത്തിലും വേണ്ട. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ബിജെപി കമ്മീഷന്‍ അല്ലെങ്കില്‍ തീര്‍ച്ചയായിട്ടും ഇതില്‍ അയോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം. പിന്നെ ഇത് കണ്ണാടിയിലെ ആ ഒരു വീട്ടില്‍ മാത്രം നടത്താന്‍ ശ്രമിച്ച ഒരു എക്‌സസൈസ് ആയിട്ട് കാണാനും കഴിയില്ല. പലയിടങ്ങളിലും ശ്രമിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. അപ്പൊ പക്ഷെ അതൊന്നും ഞാന്‍ പറഞ്ഞല്ലോ, അതിനെയൊക്കെ പാലക്കാട് ബിജെപിയെയും തിരസ്‌കരിക്കും, ബിജെപിയുടെ ഇത്തരം ശീലങ്ങളെയും അവരുടെ പണത്തെയും പാലക്കാട് തിരസ്‌കരിക്കുന്ന ഒരു തിരഞ്ഞെടുപ്പാവും.
ഞങ്ങള്‍ രേഖാമൂലം പരാതി കൊടുക്കുന്നുണ്ട്. തെളിവ് സഹിതം പുറത്തു വന്നതുകൊണ്ടാണ് ഇപ്പൊ ഇത് അഡ്മിറ്റ് ചെയ്യുക എങ്കിലും ചെയ്തത്. അതിനകത്ത് തന്നെ പറയുന്നത് അടിച്ചു മുഖം തിരിക്കും എന്നും പൊളിക്കും എന്നും ഒക്കെ പറയുന്നത് കേട്ടു. അപ്പൊ പാലക്കാടിന്റെ അമ്മയാണ് പെങ്ങളാണ് എന്നൊക്കെ ഇത്രയും ദിവസം പറഞ്ഞുകൊണ്ടിരുന്നത് യഥാര്‍ത്ഥത്തിലുള്ള ഐഡന്റിറ്റി റിവീല്‍ ചെയ്യുക കൂടിയാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ പാലക്കാട്ടുകാരോട് ചെയ്യാനും പറയാനും പോകുന്നത് എന്നുള്ളത് കൂടിയാണ് അവിടെ റിവീല്‍ ചെയ്തിരിക്കുന്നത്. പാലക്കാടന്‍ ജനത അവരുടെ ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കും. തങ്ങളുടെ വോട്ടോ തങ്ങളുടെ ആത്മാഭിമാനത്തെയോ ആരുടെയും നോട്ടുകെട്ടുകള്‍ക്ക് മുന്‍പില്‍ പണയം വെച്ച ശീലം പാലക്കാടിനില്ല. പാലക്കാടിനെ കുറിച്ചുള്ള അവരുടെ എല്ലാ ധാരണകളും തെറ്റാണ്. എല്ലാ ധാരണകളും തെറ്റാണ്. പാലക്കാട് ഇതിനെതിരെ ശക്തമായി പ്രതികരിക്കും.
മാധ്യമപ്രവര്‍ത്തകന്‍: സ്ഥാനാര്‍ത്ഥി തന്നെയാണ് നേരിട്ട് ഇറങ്ങുന്നത്. ഇത്രയും സാദാ രീതിയില്‍ ആര്‍ക്കും കൊടുത്തിട്ടില്ല. സ്ഥാനാര്‍ത്ഥി തന്നെ ഇറങ്ങുക. അത് ചിത്രീകരിക്കാന്‍ ശ്രമിച്ച പൊതുപ്രവര്‍ത്തകരെ അടിക്കുമെന്ന് പറയുക. ഇതെന്താണ് ഇത്രയും...
ഷാഫി പറമ്പില്‍: അല്ല അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. ഞാന്‍ പറഞ്ഞല്ലോ മൂന്നാല് വാഹനങ്ങള്‍ ഇങ്ങനെ വരിവരിയായിട്ട് പോവുക. അതിന്ന് ഇത് നമ്മള്‍ പിന്നെ നോര്‍ത്ത് ഇന്ത്യയുടെ ചില സംസ്ഥാനങ്ങളിലും അതുപോലെ ചില സതേണ്‍ സ്റ്റേറ്റ്‌സിലും ഒക്കെ ഇങ്ങനത്തെ ഒരു ഏര്‍പ്പാട് തിരഞ്ഞെടുപ്പിന്റെ മുമ്പ് പലരും ചെയ്യുന്നതിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍. അതിനെ ആ ശീലം വെച്ച് പാലക്കാടിനെ ഇളക്കാന്‍ ശ്രമിക്കുക. വീടുകളില്‍ പോയിട്ട്. പക്ഷെ ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത് അവരുടെ പണത്തെയും തിരസ്‌കരിക്കും പിന്നെ ഈ ബിജെപിയെയും പാലക്കാട് തിരസ്‌കരിക്കും. സ്ഥാനാര്‍ത്ഥി തന്നെ നേരിട്ട് അതിന് നേതൃത്വം നല്‍കുകൂടെ ചെയ്യുക എന്ന് പറയുമ്പോള്‍ അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകന്‍: കോണ്‍ഗ്രസിനെതിരെ അയോഗ്യതയ്ക്ക് വകുപ്പില്ലേ ശരിക്കും? ഒരു ചിത്രീകരിച്ച വ്യക്തിക്ക് സംരക്ഷണം കൊടുക്കേണ്ടി വരും. കാരണം അടിച്ചു കരണം പൊളിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. അയോഗ്യതയ്ക്കുള്ള വകുപ്പില്ലേ ശരിക്കും?
ഷാഫി പറമ്പില്‍: ഉറപ്പായിട്ടും രേഖാമൂലം അയോഗ്യത കല്‍പ്പിക്കണമല്ലോ. ഇതാണോ ഡെമോക്രസി? ഇതാണോ ജനാധിപത്യത്തിന്റെ ശത്രുപക്ഷത്താണ് സ്ഥാനാര്‍ത്ഥിയും ബിജെപിയും തങ്ങളെ സ്വയം പ്ലേസ് ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായിട്ടും ജനാധിപത്യത്തിന്റെ ശത്രുപക്ഷത്താണ്. അയോഗ്യത കല്‍പ്പിക്കേണ്ട ഇടപെടലുകളാണ്. അതിന്റെ നിയമപരമായ വശങ്ങള്‍ പരിശോധിച്ച് അതിന്റെ തുടര്‍നടപടികളിലോട്ട് ഫോളോ അപ്പ് ചെയ്യണം.
മാധ്യമപ്രവര്‍ത്തകന്‍: അങ്ങേയ്‌ക്കെതിരെ ആരോപണമുണ്ട്. പൈസയുമായിട്ടാണ് ഇറങ്ങിയതെന്ന്?
ഷാഫി പറമ്പില്‍: അല്ല നടപടികളിലേക്ക് കടക്കണം. ഇതിനെ ഇപ്പൊ എന്താ വിശദീകരിക്കുക? ഞാന്‍ ആ പാവം... ഞാന്‍ നേരത്തെ ഒരു ചാനല്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ആ പാവം അമ്മയുടെ പുറകെ പോയി അതിനെ പ്രയാസപ്പെടുത്തണ്ട. പക്ഷെ ഇത് ചെയ്യുന്നവരാണല്ലോ കുറ്റക്കാര്‍.
മാധ്യമപ്രവര്‍ത്തകന്‍: അമ്മ ഇപ്പൊ മാറ്റി പറയുന്നുണ്ട്. പുതിയ പ്രതികരണത്തില്‍ അവരുടെ ബന്ധുക്കളൊക്കെ വന്നപ്പോള്‍ അങ്ങനെയല്ല ഇത് പെന്‍ഷന്‍ കിട്ടിയ പൈസയാണെന്ന്. ആദ്യം പറഞ്ഞത് മരുന്ന് വാങ്ങാനുള്ള പൈസ ആണെന്ന്. പക്ഷെ ഇപ്പൊ പെന്‍ഷന്‍ ആണെന്ന് പറയുന്നു.
ഷാഫി പറമ്പില്‍: ഞാന്‍ സീ, നിങ്ങളെ ആ അമ്മയുടെ പാര്‍ട്ടില്‍ അവരെ വെറുതെ വിടുക. അവരെ അതിലേക്ക് അവരുടെ ആരുടെയെങ്കിലും പ്രയാസങ്ങളെ ഇങ്ങനെ ചൂഷണം ചെയ്യാം എന്ന് ആരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അവരാണ് കുറ്റക്കാര്‍. ഞാന്‍ അമ്മ വാങ്ങി എന്നോ വാങ്ങിയില്ല എന്നോ ഒന്നും ഞാന്‍ പറയുന്നില്ല. അമ്മയെ വെറുതെ വിടാം നമ്മള്‍ ദൃശ്യങ്ങള്‍ ഇവര്‍ ഇത് വിതരണം ചെയ്യാന്‍ ശ്രമിക്കുന്നത് നമ്മള്‍ കണ്ടതാണ് എല്ലാവരും. ആ പോയിന്റില്‍ ഞാന്‍ സ്‌ട്രെസ് ചെയ്യുന്നു.
മാധ്യമപ്രവര്‍ത്തകന്‍: പരാജയഭീതി കൊണ്ടാണോ ഈ പണം ഇറക്കുന്നത്?
ഷാഫി പറമ്പില്‍: അല്ല അത് തീരുമാനിച്ചതാണ്. പരാജയം അക്‌സെപ്റ്റ് ചെയ്തല്ലോ അത്. നേരായ മാര്‍ഗ്ഗത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ല എന്നുള്ളതിന്റെ അക്‌സെപ്റ്റന്‍സ് അല്ലേ ഇത്. മര്യാദയ്ക്ക് ജനം പോയി വോട്ട് ചെയ്താല്‍ ബിജെപി പാലക്കാട് ജയിക്കില്ല എന്നതിനേക്കാള്‍ കൂടുതല്‍ ഒരു സ്റ്റേറ്റ്മെന്റ് വേറെ ആവശ്യമുണ്ടോ?
