കോവളത്ത് 'സര്‍പ്രൈസ്' നീക്കവുമായി എന്‍.ഡി.എ; ആര്‍.ജെ.ഡി വിട്ട് ടി.എന്‍. സുരേഷ് ബിജെപിയിലേക്ക്; എസ്.എന്‍.ഡി.പി കരുത്തില്‍ തീരദേശത്ത് പടയൊരുക്കം; വിന്‍സെന്റിനും ഭഗത് റൂഫസിനും വെല്ലുവിളിയാകാന്‍ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ എസ് എന്‍ ഡി പി യൂണിയന്‍ നേതാവ്; ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്

Update: 2026-03-19 08:38 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കോവളം മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപി. ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.എന്‍. സുരേഷ് ബിജെപി സ്ഥാനാര്‍ത്ഥിയാകും. എസ് എന്‍ ഡി പി യോഗം കോവളം യൂണിയന്‍ പ്രസിഡന്റാണ് കോവളം സുരേഷ് എന്ന ടിഎന്‍ സൂരേഷ്.

സുരേഷ് ആര്‍.ജെ.ഡി വിട്ട് ബി.ജെ.പിയില്‍ ചേരും. എസ്.എന്‍.ഡി.പി യോഗത്തിന്റെ ശക്തമായ പിന്തുണയും സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലുണ്ടെന്നാണ് സൂചന. ഇടത് മുന്നണിയുടെ ഘടകകക്ഷിയായ ആര്‍.ജെ.ഡിയുടെ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു സുരേഷ്. എന്നാല്‍, മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി അദ്ദേഹം എന്‍.ഡി.എ പാളയത്തിലെത്തുകയായിരുന്നു. മുമ്പ് കോവളത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മികച്ച വോട്ട് വിഹിതം നേടിയ പാരമ്പര്യവും സുരേഷിനുണ്ട്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയിലുള്ള വ്യക്തിബന്ധങ്ങളും സാമുദായിക സമവാക്യങ്ങളും തനിക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

എസ്.എന്‍.ഡി.പി യൂണിയന്‍ ഭാരവാഹി കൂടിയായ സുരേഷിന് പിന്നില്‍ സമുദായ വോട്ടുകള്‍ ഒന്നിക്കുമെന്നാണ് എന്‍.ഡി.എ കണക്കുകൂട്ടുന്നത്. തീരദേശ മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കോവളത്ത്, സുരേഷിന്റെ സാന്നിധ്യം യു.ഡി.എഫിന്റെ എം. വിന്‍സെന്റിനും എല്‍.ഡി.എഫ് സ്വതന്ത്രന്‍ ഭഗത് റൂഫസിനും കനത്ത വെല്ലുവിളിയാകും. ലത്തീന്‍ കത്തോലിക്കാ വോട്ടുകള്‍ക്ക് പുറമെ ഹൈന്ദവ വോട്ടുകളിലും വിള്ളലുണ്ടാക്കാന്‍ സുരേഷിന് സാധിക്കുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നു. ഈഴവ വോട്ടുകളുടെ ഏകീകരണവും ബിജെപി ലക്ഷ്യമിടുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വോട്ട് വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിച്ച മണ്ഡലമാണ് കോവളം. സുരേഷിനെപ്പോലൊരു പരിചിത മുഖം എത്തുന്നതോടെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി.

Similar News