ബിജെപിയിലേക്ക് ചേക്കേറിയ ബിപിന്‍ സി ബാബുവിന്റെ നാട്ടില്‍ എല്‍ഡിഎഫിന് തോല്‍വി; സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു; വിജയിച്ചത് കോണ്‍ഗ്രസിലെ ദീപക് എരുവ; നാട്ടികയിലും എല്‍ഡിഎഫ് കുത്തക സീറ്റില്‍ കോണ്‍ഗ്രസ് വിജയം; പഞ്ചായത്ത് ഭരണവും ഉറപ്പിച്ചു യുഡിഎഫ്

ബിജെപിയിലേക്ക് ചേക്കേറിയ ബിപിന്‍ സി ബാബുവിന്റെ നാട്ടില്‍ എല്‍ഡിഎഫിന് തോല്‍വി

Update: 2024-12-11 07:27 GMT

ആലപ്പുഴ: കായംകുളം പത്തിയൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ എരുവ പിടിച്ചെടുത്ത് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി ദീപക് എരുവ 575 വോട്ടിനാണ് വിജയിച്ചത്. ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി സിഎസ് ശിവശങ്കരപ്പിള്ള 476 വോട്ടോടെ രണ്ടാമതെത്തി. കഴിഞ്ഞ തവണ സിപിഎമ്മിന്റെ ജയകുമാരി വിജയിച്ച വാര്‍ഡാണിത്. ജയകുമാരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം ഉരുത്തിരിഞ്ഞത്.

സിപിഎം വിട്ട് ബിജെപിയിലേക്ക് പോയ ബിപിന്‍ സി ബാബുവിന്റെ വീട് ഉള്‍പ്പെടുന്ന വാര്‍ഡാണ് പത്തിയൂര്‍. 19 വാര്‍ഡുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് 14, എന്‍ഡിഎ നാല്, യുഡിഎഫ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണയും ദീപക് എരുവ മത്സരരംഗത്തുണ്ടായിരുന്നു. അന്ന് 477 വോട്ടാണ് ദീപകിന് ലഭിച്ചത്. കഴിഞ്ഞ തവണ വെറും 54 വോട്ടിനായിരുന്നു കോണ്‍ഗ്രസിന് വാര്‍ഡ് നഷ്ടമായത്. ഇത്തവണ ഉപതിരഞ്ഞെടുപ്പിലൂടെ വാര്‍ഡ് പിടിച്ചെടുതച്ച സന്തോഷത്തിലാണ് കോണ്‍ഗ്രസ്.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ച് ബിജെപി മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം വിട്ട് ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിന്‍ സി ബാബു ബിജെപിയില്‍ ചേക്കേറിയത്. എന്നാല്‍, ഇവിടെ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

അതേസമയം നാട്ടിക ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവും യുഡിഎഫിന് ആഹ്ലാദം പകരുന്നതാണ്. വനിതാ സ്ഥാനാര്‍ത്ഥിയായിരുന്ന പി വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് നാട്ടിക ഒന്‍പതാം വാര്‍ഡ് പിടിച്ചെടുത്തത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്.

തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിച്ചുവന്ന വാര്‍ഡാണിത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. വോട്ടര്‍മാരോട് വളരെയധികം നന്ദിയുണ്ടെന്ന് പി വിനു പ്രതികരിച്ചു. എല്ലാവരോടും സ്‌നേഹമുണ്ടെന്നും അവര്‍ പറഞ്ഞു. നാട്ടുകാരില്‍ നിന്നും അകന്നു നിന്നിട്ടില്ലെന്നും വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്. ഡിസംബര്‍ 10-നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാന്‍സ്ജന്‍ഡറും അടക്കം 93454 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, പതിനൊന്ന് ജില്ലകളിലെ നാല് ബ്ലോക്ക് വാര്‍ഡ്, മൂന്ന് മുന്‍സിപ്പാലിറ്റി വാര്‍ഡ്, 23

ഗ്രാമപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലായിരുന്നു ഡിസംബര്‍ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Tags:    

Similar News