റോഷി അഗസ്റ്റിനെ വീഴ്ത്താന്‍ 'കൈ' പയറ്റാന്‍ കോണ്‍ഗ്രസ്; സീറ്റ് വിട്ടുകൊടുക്കാതെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം; എം എം മണിയുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ച്ചാന്‍ അടക്കകം പോരാട്ട പൊടിപാറും; തൊടുപുഴ കാക്കാന്‍ പിജെ വീണ്ടും; ഇടുക്കിയില്‍ അട്ടിമറി സ്വപ്നം കണ്ട് യുഡിഎഫ്; മലയോര മണ്ണില്‍ രാഷ്ട്രീയപ്പടയൊരുക്കം!
റോഷി അഗസ്റ്റിനെ വീഴ്ത്താന്‍ 'കൈ' പയറ്റാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: യുഡിഎഫിനോട് എന്നും ആഭിമുഖ്യം കാണിച്ച ചരിത്രമാണ് ഇടുക്കിക്ക് പറയാനുള്ളത്.എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ ചിത്രമെടുത്താല്‍ ഇടുക്കിയുടെ ചായ് വ് ഇടത്തോട്ടാണ്. അതിന്റെ നേര്‍സാക്ഷ്യമാണ് കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫിന് ഒരു എം എല്‍ എ പോലും ഇല്ലാത്തത്.
ആകെയുള്ള അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ പി ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴ ഒഴികെ നിലവില്‍ നാലും ഇടതിനൊപ്പമാണ്.എന്നാല്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞടുപ്പിലാകട്ടെ എല്ലായിടത്തും യുഡിഎഫിനായിരുന്നു ലീഡ്.ഇത് തിരിച്ചുവരവിന്റെ ലക്ഷണമായാണ് യു ഡിഎഫ് കണക്ക് കൂട്ടുന്നത്.ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ദേവികുളമൊഴികെ നാലിടവും യുഡിഎഫിനൊപ്പം നിന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ഇടതിന്റെ പ്രതീക്ഷകള്‍
രണ്ട് പതിറ്റാണ്ടിന്റെ അപ്രമാദിത്യം തുടരാന്‍ തന്നെയാണ് എല്‍ ഡി എഫ് പരിശ്രമം.കേരള കോണ്‍ഗ്രസ്സുകാരുടെ പോരാട്ടത്തിന് വേദിയൊരുങ്ങുന്ന തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ്സ്(എം) ലെ ജീമ്മി മറ്റത്തിപ്പാറയും റെജി കുന്നംകോട്ടുമാണ് പരിഗണനയില്‍.ഉടുമ്പന്‍ ചോലയില്‍ എം എം മണി തന്നെ വീണ്ടും എത്തിയേക്കും. മണി മാറുകയാണെങ്കില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്റെ പേരാണ് പരിഗണനയിലുള്ളത്.
ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വീണ്ടും ജനവിധി തേടും.പീരുമേടാകട്ടെ ജില്ലയിലെ സി പി ഐ യുടെ ഏക മണ്ഡലമാണ്.പാര്‍ട്ടി ജില്ല സെക്രട്ടറി കെ സലീം കുമാറിനും മുന്‍ എം എല്‍ എ ഇ എസ് ബിജിമോളിനുമാണ് സാധ്യത.പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് നിലവിലെ എം എല്‍ എ എ രാജ വീണ്ടും ജനവിധി തേടും.
ഭരണവിരുദ്ധ വികാരം ഇന്ധനമാക്കും.. പ്രതാപം തിരിച്ചെടുക്കാന്‍ യു ഡി എഫ്
ഭൂപ്രശ്‌നങ്ങള്‍ ഇടുക്കി മണ്ഡലത്തില്‍ വലിയ തോതില്‍ ഭരണവിരുദ്ധ തരംഗമുണ്ടാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടായതില്‍ ഭരണവിരുദ്ധതരംഗം പ്രധാന ഘടകമാണ്. യുഡിഎഫിനുള്ളില്‍ പ്രതിസന്ധികള്‍ ഉണ്ടായിട്ടും കട്ടപ്പന നഗരസഭയില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും ഇതിന് തെളിവാണ് എന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. അതിനാല്‍ തന്നെ ഭരണവിരുദ്ധതരംഗം വോട്ടാക്കി മാറ്റണമെന്നാണ് നേതൃത്വം പറയുന്നത്. അങ്ങിനെയെങ്കില്‍ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കണം എന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഇക്കാര്യങ്ങളില്‍ പരസ്യ പ്രതികരണം അരുതെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയതിനാല്‍ നേതാക്കള്‍ പലരും മൗനത്തിലാണ്. വി.ഡി. സതീശന്‍ കട്ടപ്പനയില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചെങ്കിലും അതൊക്കെ മാധ്യമസൃഷ്ടിയാണെന്നുപറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
കൂടാതെ ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് ആവിശ്യപ്പെടുന്നുണ്ട്. ഇടുക്കി ഇത്തവണ യുഡിഎഫ് ഏറെ പ്രതീക്ഷവെയ്ക്കുന്ന നിയമസഭാ മണ്ഡലമാണ്. മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിന്നാല്‍ ജയിക്കാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. തൊടുപുഴയ്ക്കുപുറമേ വിജയസാധ്യതയുള്ള ഇടുക്കി കൂടെ കേരള കോണ്‍ഗ്രസിന് കൊടുക്കുന്നതില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എതിര്‍പ്പാണ്.
മന്ത്രി റോഷി അഗസ്റ്റിന്റെ കുത്തകമണ്ഡലമാണ് ഇടുക്കി. കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ ഒന്നാം നമ്പര്‍ നേതാവായി അദ്ദേഹം ഉയര്‍ന്നുകഴിഞ്ഞു. സംസ്ഥാന തലത്തില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കിയതിനൊപ്പം ഭരണനേട്ടം കാണിക്കാന്‍ ഒട്ടേറെ പദ്ധതികളും നടപ്പാക്കി. മണ്ഡലത്തിനുള്ളിലും വ്യക്തിബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ റോഷി ശ്രദ്ധിച്ചിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ റോഷിയെ തോല്‍പ്പിക്കണമെങ്കില്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ വേണമെന്നും എന്നാല്‍ കേരള കോണ്‍ഗ്രസിന് അതിന് കഴിയില്ലെന്നു മാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എതിര്‍സ്ഥാനാര്‍ഥി ദുര്‍ബലനാണെങ്കില്‍ റോഷി അഗസ്റ്റിന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയം നേടും. 1980, 1982, 1987 കാലഘട്ടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഘടകകക്ഷികളുടെ സഹായമില്ലാതെ ഇടുക്കി സീറ്റില്‍ ജയിച്ചിരുന്നു. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി എത്തിയാല്‍ ഇത്തവണ ഇടുക്കി പിടിക്കാം എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് ക്യാമ്പ്.
തൊടുപുഴയില്‍ പി ജെ ജോസഫ് തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത.ഇനി ജോസഫ് മാറി നിന്നാല്‍ മകന്‍ അപു ജോണ്‍ ജോസഫിനാണ് മുഖ്യപരിഗണന. കെ പി സി സി വക്താവ് സേനപതി വേണു,ജനറല്‍ സെക്രട്ടറി അഡ്വ.എസ് അശോകന്‍,ഡി സി സി ട്രഷറര്‍ ഇന്ദു സുധാകരന്‍ എന്നീ പേരുകളാണ് ഉടുമ്പുഞ്ചോലയിലേക്ക് ഉയര്‍ന്ന് വരുന്നത്.ശ്രദ്ധേയ മണ്ഡലമായ ഇടുക്കിയില്‍ സീറ്റ് മാറാന്‍ കേരള കോണ്‍ഗ്രസ്സ് തയ്യാറായില്ലെങ്കില്‍ ജില്ല പ്രസിഡന്റ് പ്രൊഫ.എം ജെ ജേക്കബ് ആകും യുഡിഎഫിനായി കളത്തിലിറങ്ങുക.
പീരുമേടിലേക്ക് വന്നാല്‍ സിറിയക് തോമസ്,മുന്‍ ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ്,കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ എന്നിവര്‍ക്കാണ് പരിഗണന. ദേവികുളത്ത് മുന്‍ എം എല്‍ എ കെ മണികണ്ഠനുമാണ് സാധ്യത കല്‍പിക്കപ്പെടുന്നത്.
പുതു ചരിത്രത്തിനായി ബിജെപി
മാറുന്ന കേരള രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇടുക്കിയിലും കരുത്തുകാട്ടാമെന്നാണ് ബി ജെ പി യുടെ കണക്ക് കൂട്ടല്‍.തൊടുപുഴയില്‍ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥി പി ശ്യാം രാജിന്റെ പേര് തന്നെ ഉയര്‍ന്നുവരുമ്പോള്‍ ഈഴവ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള ഉടുമ്പുഞ്ചോലയില്‍ ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥിനെയാണ് എന്‍ ഡി എ പരിഗണിക്കുന്നത്.
ഇടുക്കിയില്‍ ബി ഡി ജെ എസ് ജില പ്രസിഡന്റ് പ്രതീഷ് പ്രഭയുടെ പേരാണ് ഉയര്‍ന്നുവരുന്നത്.പീരുമേടില്‍ ജില്ല ജനറല്‍ സെക്രട്ടറി സി സന്തോഷ് കുമാറാവും ബി ജെപി സ്ഥാനാര്‍ത്ഥി. ദേവികുളത്ത് സി പി എമ്മുമായി പിണങ്ങി പാര്‍ട്ടിയിലെത്തിയ മുന്‍ എം എല്‍ എ കൂടിയായ എസ് രാജേന്ദ്രനെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് ബി ജെ പി യുടെ നീക്കം.
2021 ലെ കണക്കുകള്‍
എല്‍ ഡി എഫ്
1. എ രാജ - ദേവികുളം- 7848
2. റോഷി അഗസ്റ്റിന്‍ - ഇടുക്കി - 5573
3. എം എം മണി - ഉടുമ്പുഞ്ചോല -38,305
4. വാഴുര്‍ സോമന്‍ - പീരുമേട് - 1835
യുഡിഎഫ്
1. പി ജെ ജോസഫ് - തൊടുപുഴ -20259
നാളെ തൃശ്ശൂര്‍
