'എല്ലാ പാര്‍ട്ടിയില്‍ നിന്നും ആവശ്യത്തിലധികം ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്! ഒരു നിമിഷം പോലും ഈ പാര്‍ട്ടി വിട്ടുപോകുന്നത് ചിന്തിച്ചിട്ടില്ല; പൊളിറ്റിക്കല്‍ കരിയര്‍ കളയണോ എന്ന് എന്റെ ഉപ്പ വരെ എന്നോട് ചോദിക്കാറുണ്ട്; മുസ്ലിം ലീഗുകാരിയായി ഈ മണ്ണിലുണ്ടാകും; അവസാനം പച്ചപ്പതാകയും പുതച്ച് യാത്രയാകുന്ന ദിവസം വരെ'; മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ ആഷിഖ ഖാനം

Update: 2026-03-21 12:43 GMT

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം ലീഗില്‍ താന്‍ നേരിടുന്ന അവഗണനകളെക്കുറിച്ചും എന്നാല്‍ പാര്‍ട്ടിയോടുള്ള തന്റെ വിട്ടുവീഴ്ചയില്ലാത്ത സ്‌നേഹത്തെക്കുറിച്ചും തുറന്നെഴുതി മുന്‍ ഹരിത പ്രവര്‍ത്തക ആഷിഖ ഖാനം. അഞ്ചു വര്‍ഷമായി പാര്‍ട്ടിക്കു പുറത്താണെന്ന പരിഹാസങ്ങള്‍ക്കും മറ്റ് രാഷ്ട്രീയ വാഗ്ദാനങ്ങള്‍ക്കും മറുപടിയായാണ് ആഷിഖയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. തന്റെ പന്ത്രണ്ടാം വയസ്സില്‍ ഇ.ടി. മുഹമ്മദ് ബഷീറിന് വേണ്ടിയുള്ള പ്രസംഗത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്ന് ആഷിഖ അനുസ്മരിക്കുന്നു. കഴിഞ്ഞ 12 വര്‍ഷമായി ലീഗ് രാഷ്ട്രീയം പറഞ്ഞാണ് താന്‍ വളര്‍ന്നത്. ഹരിതയുടെ ഔദ്യോഗിക ഭാരവാഹിയായിരുന്നില്ലെങ്കിലും അതിന്റെ വളര്‍ച്ചയില്‍ താനുള്‍പ്പെടുന്ന പെണ്‍കൂട്ടത്തിന്റെ വിയര്‍പ്പുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.

പാര്‍ട്ടി പരിപാടികളില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കുകയും തീയതി നിശ്ചയിക്കുകയും ചെയ്ത ശേഷം, അവസാന നിമിഷം പരിപാടി റദ്ദാക്കുന്ന സാഹചര്യം പതിവാണ്. പഞ്ചായത്ത്-മണ്ഡലം കമ്മിറ്റികളുടെ എതിര്‍പ്പ് കാരണമാണിതെന്നാണ് വിശദീകരണം നല്‍കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാദേശിക നേതൃത്വം സമീപിച്ചെങ്കിലും, ഒരു മുതിര്‍ന്ന നേതാവ് ഇടപെട്ട് അത് മുടക്കി. തന്നെ 'പെണ്‍പുലി' എന്ന് പുകഴ്ത്തുന്നവര്‍ തന്നെയാണ് പിന്നില്‍ നിന്ന് പാര വെക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നിരവധി എം.എല്‍.എമാരും മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും തന്നെ സമീപിച്ചിട്ടുണ്ടെന്നും പലവിധ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആഷിഖ വെളിപ്പെടുത്തുന്നു. രാഷ്ട്രീയ ഭാവി നശിപ്പിക്കണോ എന്ന് സ്വന്തം പിതാവ് പോലും ചോദിച്ചിട്ടും, മുസ്ലിം ലീഗല്ലാതെ മറ്റൊരു പ്രസ്ഥാനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും തനിക്ക് കഴിയില്ലെന്നാണ് അവരുടെ നിലപാട്. അധികാര കസേരകള്‍ ലഭിച്ചിട്ടും ആര്‍ത്തി തീരാത്ത നേതാക്കളെ ആഷിഖ രൂക്ഷമായി വിമര്‍ശിക്കുന്നു. സിറ്റിംഗ് സീറ്റ് കിട്ടിയിട്ടും തോറ്റവരും, നാല് തവണ മത്സരിച്ചിട്ടും സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നവരും തന്നെ പരിഹസിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവര്‍ പറയുന്നു.

ഹരിത വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ലീഗില്‍ നിന്ന് പുറത്തായെന്ന പ്രചാരണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കിക്കൊണ്ടാണ് ആഷിഖ ഖാനം രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ചു കൊല്ലമായിട്ടും ഇങ്ങളെ പാര്‍ട്ടി പുറത്താക്കിയതല്ലേ എന്ന ആളുകളുടെ പരിഹാസം ഇഷ്ടം പോലെ കേട്ടിട്ടുണ്ടെന്ന പറഞ്ഞുകൊണ്ടാണ് അവര്‍ പോസ്റ്റ് ആരംഭിക്കുന്നത്.

'കറിവേപ്പിന്റെ കമ്പ് പൊട്ടിച്ചാല്‍ പിന്നെയാ പൊട്ടിയ ഭാഗം രണ്ട് കമ്പായി തളിര്‍ക്കുമെന്ന ഒരു ജില്ലയില്‍ ലീഗുകാര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അധികാര കസേരകളിലൊക്കെ ഇരുന്നവരുടെ മക്കളുടെ ഉപമകളും, സിറ്റിംഗ് സീറ്റ് കൊടുത്തിട്ടും തോറ്റുവന്നവരുടെ ബാക്കിയുള്ളവരോടുള്ള അസൂയയും, ആകെയുള്ള 27സീറ്റില്‍ ഒന്ന് കിട്ടാത്തതിന്റെ പേരില്‍ നാല് തവണ മത്സരിക്കാന്‍ അവസരം കിട്ടിയവരുടെ മറ്റു പാര്‍ട്ടിക്കാരുമായുള്ള ചര്‍ച്ചകളുമൊക്കെ കാണുമ്പോള്‍ ഇത് പറയാതിരിക്കാന്‍ പറ്റുന്നില്ല!.

ഞാന്‍ ആഷിഖ ഖാനം, എന്റെ പന്ത്രണ്ടാം വയസില്‍ ഇടി മുഹമ്മദ് ബഷീര്‍ സാഹിബിന് വേണ്ടിയുള്ള ഒരു പ്രസംഗത്തിലൂടെയാണ് സജീവരാഷ്ട്രീയത്തിലേക്ക് എത്തുന്നത്! അന്ന് മുതല്‍ ഇന്ന് വരെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ലീഗ് രാഷ്ട്രീയം പറഞ്ഞ് ഇവിടെയുണ്ട്.

ഇതിനിടയില്‍ മുസ്ലിം ലീഗ് രാഷ്ട്രീയം പ്രസംഗിച്ചുകൊണ്ട് കയറിയിറങ്ങിയ വേദികള്‍ക്ക് കണക്കില്ല, അതൊരു ഭാരമാണെന്ന് ഇന്നേവരെ കരുതിയിട്ടുമില്ല. മറിച്ച്, ഏറ്റവും ആനന്ദത്തോടെ ചെയ്യുന്നൊരു കാര്യമാണിത്!.

ആളുകള്‍ എന്നെ വിശേഷിപ്പിക്കാറ് മുന്‍ ഹരിത നേതാവ് എന്നാണ്, പക്ഷെ, ഞാനിന്ന് വരെ (ക്യാമ്പസ് യൂണിറ്റുകളൊഴിച്ച്) ഒരു നേതൃസ്ഥാനത്തുമിരുന്നിട്ടില്ല. എന്നാല്‍ ഹരിതയുടെ വളര്‍ച്ചയില്‍ ഞാനുള്‍പ്പെടുന്ന ഒരു വലിയ പെണ്‍കൂട്ടത്തിന്റെ എല്ലാ വിയര്‍പ്പുമുണ്ടെന്ന് എനിക്കുറപ്പുണ്ട്! അന്നൊക്കെ ഞാന്‍ പങ്കെടുക്കാത്ത സമരങ്ങളില്ലായിരുന്നു, സമ്മേളനങ്ങളില്ലായിരുന്നു.

എത്രയോ പരിപാടികള്‍ ഒരു ഔദ്യോഗിക സ്ഥാനത്തും ഇരിക്കാതെ അന്നത്തെ മണ്ഡലം, ജില്ല എംഎസ്എഫ് , ലീഗ് നേതാക്കളുടെ സഹായത്തോടെ സംഘടിപ്പിച്ചു! ഹരിത വിവാദം വന്നപ്പോള്‍ പക്ഷെ പാര്‍ട്ടിയുടെ പുറത്തായി. അത് നടക്കുന്നത് 2021ലാണ്!

5കൊല്ലം, ഇതിനിടക്ക് എല്ലാ പാര്‍ട്ടിയില്‍ നിന്നും ആവശ്യത്തിലധികം ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്!. നിരവധി എംഎല്‍എമാരും പല പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വവും തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലരും വീട്ടില്‍ വന്ന് മണിക്കൂറുകളോളം ആ തീരുമാനത്തിലൂടെയുണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് അവസാനം നിരാശയോടെ തിരിച്ചുപോയിട്ടുണ്ട്.

മുസ്ലിം ലീഗ് വേദികളില്‍, ഇപ്പോഴും പ്രസംഗിക്കാന്‍ ആളുകള്‍ വിളിക്കും, ആഴ്ചകള്‍ക്ക് മുന്‍പേയൊക്കെ ഡേറ്റ് വാങ്ങിയിട്ടുണ്ടാവും. നമ്മളാണെങ്കില്‍ അതിന്റെ ഷെഡ്യൂള്‍ അനുസരിച്ച് നമ്മളെ പ്ലാനൊക്കെ അതിനനുസരിച്ച് മാറ്റിയിട്ടുണ്ടാവും. എന്നാല്‍, പ്രോഗ്രാമിന്റെ അന്ന് രാവിലെയോ, പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പോ അതൊരു ക്യാന്‍സലാവലാണ്. ഇങ്ങളെ വിളിക്കുന്നതില്‍ പഞ്ചായത്ത്, മണ്ഡലം കമ്മിറ്റിക്ക് എതിര്‍പ്പുണ്ട്, എന്നൊക്കെയാവും കാരണങ്ങള്‍ പറയുക!. നമ്മള് പാര്‍ട്ടിക്കെതിരെ സംസാരിച്ചവരാണ് എന്നാണല്ലോ ആളുകളുടെ വെപ്പ്.

തഹിലിയത്തയും മുഫിത്തയും നജ്മത്തയും എംഎസ്എഫിന്റെയും യൂത്ത് ലീഗിന്റെയും പല നേതാക്കന്മാരും ഉള്ളിലേക്ക് കയറുന്നതിനെ കുറിച്ചും,

അവര് നേതൃത്വവുമായി സംസാരിക്കാമെന്നുമൊക്കെ ആവോളം പറയാറുണ്ട്, ഞാന്‍ തന്നെയാണ് വേണ്ടെന്ന് പറഞ്ഞ് മുടക്കാറ്!.

അത് ആഗ്രഹമില്ലായിട്ടാണെന്ന് പറഞ്ഞാല്‍ ഒരു കളവായിപ്പോകും. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്ത് ഇരിക്കാനൊക്കെ ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകരും തുറന്ന് പറഞ്ഞില്ലെങ്കില്‍ പോലും അവരെയുള്ളില്‍ ഒരു മോഹമൊക്കെ ഉണ്ടാകുമെന്ന് നിങ്ങള്‍ക്കും ചിന്തിക്കാമല്ലോ!.

ഏറ്റവുമൊടുവില്‍ പഞ്ചായത്ത് ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടി നാട്ടിലെ മുസ്ലീം ലീഗ് നേത്രത്വം സമീപിച്ചിരുന്നു. എന്നെ പാര്‍ട്ടി വേദികളില്‍ കാണുമ്പോള്‍ എന്റെ മുന്നില്‍ വെച്ച് സദസിനോട് മുസ്ലീം ലീഗിന്റെ പ്രഭാഷണ വേദിയിലെ പെണ്‍പുലി എന്നൊക്കെ അഭിസംബോധന ചെയ്യുന്ന നാട്ടിലെ ഒരു സോ കോള്‍ഡ് നേതാവാണ് അവള് പാര്‍ട്ടിക്കെതിരെ സംസാരിച്ചതല്ലേ എന്ന് പറഞ്ഞ് അത് മുടക്കിയത് എന്ന് അറിയാന്‍ കഴിഞ്ഞിരുന്നു. ഇലക്ഷന് നില്‍ക്കല്‍ പിന്നെ എന്റെ അജണ്ടയിലില്ലാത്ത കാര്യമായതോണ്ട് അതില്‍ പിന്നെയെനിക്ക് Who cares മൂടായിരുന്നു!

പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാല്‍, ഇന്നുവരെ ഒരു ഔദ്യോഗിക സ്ഥാനത്തേക്കും പാര്‍ട്ടി പരിഗണിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചു കൊല്ലമായിട്ടും ഇങ്ങളെ പാര്‍ട്ടി പുറത്താക്കിയതല്ലേ എന്ന ആളുകളുടെ പരിഹാസം ഇഷ്ടം പോലെ കേട്ടിട്ടുണ്ട്.!

പക്ഷേ, ഒരു നിമിഷം പോലും ഈ പാര്‍ട്ടി വിട്ടുപോകുന്നത് ചിന്തിച്ചിട്ടില്ല. പൊളിറ്റിക്കല്‍ കരിയര്‍ കളയണോ എന്ന് എന്റെ ഉപ്പ വരെ എന്നോട് ചോദിക്കാറുണ്ട്. വാപ്പച്ചിക്ക് തോന്നുന്നുണ്ടോ ഈ ലീഗല്ലാത്ത ഒരു പാര്‍ട്ടിയെ കുറിച്ച് എനിക്ക് ചിന്തിക്കാനെങ്കിലും കഴിയുമെന്ന് എന്ന് മാത്രമാണ് തിരിച്ചു ചോദിക്കാറ്!. ഇപ്പോഴും ലീഗിന്റെ ഒരു പാട്ട് കേട്ടാല്‍, കുറച്ച് കൊടികളൊരുമിച്ച് പാറുന്നത് കണ്ടാല്‍ കണ്ണ് നിറയും!. അത് ഈ പാര്‍ട്ടി ഒന്നും തന്നതിന്റെ പേരിലല്ല, പക്ഷേ, ഈ പാര്‍ട്ടിയോടുള്ള അങ്ങേയറ്റത്തെ സ്‌നേഹം കൊണ്ടാണ്....

ഇത് പറയണമെന്ന് കരുതിയതല്ല, പക്ഷേ അധികാര കസേരകളെല്ലാം കിട്ടിയിട്ടും ഇനിയും ആര്‍ത്തി തീരാത്തവരുടെ മുന്നില്‍ ഇത്രകാലവും പാര്‍ട്ടിക്ക് വേണ്ടി പ്രസംഗിച്ചു നടന്നിട്ട് പാര്‍ട്ടി എനിക്കെന്താണ് തിരിച്ചുതന്നത് എന്ന് നിങ്ങളൊന്ന് ചിന്തിച്ചുനോക്കൂ.

അതിലൊരു പരാതിയുമില്ല, അതിന്റെ പേരിലൊട്ട് ഈ പ്രസ്ഥാനത്തോടുള്ള സ്‌നേഹം കുറയുന്നുമില്ല! അനീതികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ട്, തെറ്റുകള്‍ക്കെതിരെ സംസാരിച്ചുകൊണ്ട്, രാഷ്ട്രീയക്കാരിയായി, മുസ്ലിം ലീഗുകാരിയായി, ഈ മണ്ണിലുണ്ടാകും!. അവസാനം പച്ചപ്പതാകയും പുതച്ച് യാത്രയാകുന്ന ദിവസം വരെ'. - ആഷിഖ വ്യക്തമാക്കുന്നു.

'അനീതികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ട്, തെറ്റുകള്‍ക്കെതിരെ സംസാരിച്ചുകൊണ്ട്, രാഷ്ട്രീയക്കാരിയായി, മുസ്ലിം ലീഗുകാരിയായി ഈ മണ്ണിലുണ്ടാകും. അവസാനം പച്ചപ്പതാകയും പുതച്ച് യാത്രയാകുന്ന ദിവസം വരെ.' - ആഷിഖ ഖാനം കുറിച്ചു. പാര്‍ട്ടിയില്‍ നിന്ന് ഒന്നും ലഭിച്ചിട്ടല്ല, മറിച്ച് പ്രസ്ഥാനത്തോടുള്ള അങ്ങേയറ്റത്തെ സ്‌നേഹം കൊണ്ടാണ് താന്‍ ലീഗുകാരിയായി തുടരുന്നതെന്നും അവര്‍ വ്യക്തമാക്കി.

Similar News