മുപ്പതുകാരനായ സൂരജിന് കന്നിയങ്കം; 32കാരന്‍ അഭിജിത്തും 34 കാരി ഫാത്തിമയും യുഡിഎഫിലെ യുവത്വത്തിന്റെ മുഖങ്ങള്‍; 80കാരന്‍ എ കെ ശശീന്ദ്രനും 79കാരന്‍ തോട്ടത്തില്‍ രവീന്ദ്രനും 77കാരന്‍ പിടിഎ റഹീമും 75കാരനായ ടി പി രാമകൃഷ്ണനും എല്‍ഡിഎഫിന്റെ 'സീനിയേഴ്‌സ്'; അധ്യാപകര്‍ മുതല്‍ സാങ്കേതിക-വാണിജ്യ മേഖലകളില്‍ നിന്നുള്ളവര്‍ വരെ; കോഴിക്കോടിന്റെ മത്സരചിത്രം തെളിയുമ്പോള്‍

Update: 2026-03-21 10:08 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയുമ്പോള്‍ ഗോദയില്‍ ഇത്തവണ യുവത്വവും മുതിര്‍ന്ന നേതാക്കളും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ചാല്‍ മുപ്പതുകളിലും നാല്‍പതുകളിലും നില്‍ക്കുന്ന യുവപോരാളികള്‍ മുതല്‍ എണ്‍പതാം വയസ്സിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായ മുതിര്‍ന്ന നേതാക്കള്‍ വരെ മത്സരരംഗത്തുണ്ട്. ജില്ലയിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായംകുറഞ്ഞയാള്‍ ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.ടി. സൂരജാണ്. മുപ്പതുകാരനായ സൂരജിന് ഇത് നിയമസഭയിലേക്കുള്ള കന്നിയങ്കമാണ്. യു.ഡി.എഫ് നിരയില്‍ കെ.എം. അഭിജിത്ത് (32, നാദാപുരം) ആണ് പ്രായത്തില്‍ രണ്ടാമന്‍. നിലവില്‍ ബാലുശ്ശേരിയിലെ എം.എല്‍.എയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ കെ.എം. സച്ചിന്‍ ദേവ് (33) ആണ് പ്രായത്തില്‍ ഇവര്‍ക്ക് തൊട്ടുപിന്നാലെയുള്ള യുവസ്ഥാനാര്‍ഥി. ഫാത്തിമ തഹിലിയ (34, പേരാമ്പ്ര) യുഡിഎഫിന്റെ യുവത്വത്തിന്റെ പ്രതിനിധികളായി പോരാട്ടത്തിനുണ്ട്. ബി.ജെ.പി പാളയത്തില്‍ നവ്യാ ഹരിദാസ് (41), ടി. രെനീഷ് (39), വിദ്യാ ബാലകൃഷ്ണന്‍ (41) എന്നിവരും സജീവമാണ്.

മത്സരരംഗത്തെ ഏറ്റവും മുതിര്‍ന്നയാള്‍ എലത്തൂരിലെ എ.കെ. ശശീന്ദ്രനാണ്(എല്‍.ഡി.എഫ്.)80 വയസ്സ്. കോഴിക്കോട് നോര്‍ത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോട്ടത്തില്‍ രവീന്ദ്രനാണ് തൊട്ടടുത്ത്-79-കാരന്‍. കുന്ദമംഗലത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി 77-കാരനായ പി.ടി.എ. റഹീമാണ്. 75-കാരനായ ടി.പി. രാമകൃഷ്ണനും (എല്‍.ഡി.എഫ്.-പേരാമ്പ്ര), 74-കാരനായ കെ. ദാസനും (എല്‍.ഡി.എഫ്.-കൊയിലാണ്ടി) തൊട്ടു പിന്നില്‍ത്തന്നെയുണ്ട്. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ത്രിതല-തദ്ദേശ സ്ഥാപനങ്ങളില്‍ പയറ്റിത്തെളിഞ്ഞവര്‍ക്കും സ്ഥാനാര്‍ഥിമാരില്‍ മേല്‍ക്കൈയുണ്ട്. തൊഴില്‍പരമായി അഭിഭാഷകരാണ് ഏറ്റവും കൂടുതല്‍. നിയമബിരുദംനേടിയ 13 പേര്‍ കോഴിക്കോടിന്റെ അങ്കക്കളത്തിലുണ്ട്.

സ്ഥാനാര്‍ഥികളുടെ തൊഴില്‍ പശ്ചാത്തലം പരിശോധിച്ചാല്‍ നിയമബിരുദധാരികളായ അഭിഭാഷകര്‍ക്കാണ് മേല്‍ക്കൈ. കോഴിക്കോട്ടെ വിവിധ മണ്ഡലങ്ങളിലായി 13 അഭിഭാഷകരാണ് ജനവിധി തേടുന്നത്. യു.ഡി.എഫില്‍ കൊയിലാണ്ടിയില്‍ മാറ്റുരയ്ക്കുന്ന കെ. പ്രവീണ്‍കുമാര്‍, കോഴിക്കോട് നോര്‍ത്തിലെ കെ. ജയന്ത്, എലത്തൂരിലെ വിദ്യാബാലകൃഷ്ണന്‍, കൊടുവള്ളിയിലെ പി.കെ. ഫിറോസ്, പേരാമ്പ്രയിലെ ഫാത്തിമ തെഹിലിയ, കോഴിക്കോട് സൗത്തിലെ വി.കെ. ഫൈസല്‍ ബാബു, എല്‍.ഡി.എഫിലെ കെ.എം. സച്ചിന്‍ദേവ് (ബാലുശ്ശേരി), പി.ടി.എ. റഹീം (കുന്ദമംഗലം), പി. വസന്തം (നാദാപുരം), പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂര്‍), എന്‍.ഡി.എ.യിലെ കെ.പി. പ്രകാശ്ബാബു (ബേപ്പൂര്‍), കെ. ദിലീപ് (വടകര), വി.കെ. സജീവന്‍ (കുന്ദമംഗലം) എന്നിവര്‍ അഭിഭാഷകരാണ്. സാങ്കേതിക-വാണിജ്യ മേഖലകളില്‍ നിന്നുള്ളവരും ഇത്തവണ മത്സരരംഗത്ത് സാന്നിധ്യമറിയിക്കുന്നുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥികളായ നവ്യാ ഹരിദാസും സി.പി. വിപിന്‍ ചന്ദ്രനും എന്‍ജിനീയര്‍മാരാണ്.

അധ്യാപകവൃത്തിയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഏഴുപേരും ഇത്തവണ പോരാട്ടത്തിനുണ്ട്. കൊയിലാണ്ടിയിലെ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ (എന്‍.ഡി.എ.), എലത്തൂരിലെ ടി. ദേവദാസ് (എന്‍.ഡി.എ.), കുന്ദമംഗലത്തെ എം.എ. റസാഖ് (യു.ഡി.എഫ്.), കൊടുവള്ളിയിലെ സലിം മടവൂര്‍ (എല്‍.ഡി.എഫ്. സ്വത.), പേരാമ്പ്രയിലെ എം. മോഹനന്‍ (എന്‍.ഡി.എ.), കുറ്റ്യാടിയിലെ കെ.പി. കുഞ്ഞമ്മദ്കുട്ടി (എല്‍.ഡി.എഫ്.), രാംദാസ് മണലേരി (എന്‍.ഡി.എ.) എന്നിവര്‍ അധ്യാപകരാണ്. സ്ഥാനാര്‍ഥിമാരില്‍ രണ്ടുപേര്‍ എന്‍ജിനിയര്‍മാരാണ്. തിരുവമ്പാടിയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സണ്ണി തോമസ്, ബേപ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ എന്നിവര്‍ വ്യവസായമേഖലയിലാണ്. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. രമ ബാങ്കിങ് മേഖലയിലെ പ്രവൃത്തിപരിചയവുമായാണ് (വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മുന്‍ മാനേജര്‍) രാഷ്ട്രീയപ്പോരിനിറങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഭൂരിഭാഗവും.

Tags:    

Similar News