'അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; വോട്ടര്‍മാരുടെ വിവേചനബുദ്ധിയെ വെല്ലുവിളിക്കരുത്; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ഇല്ലാതാക്കും; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; അഞ്ജലി നായരുടെ പേരുമാറ്റം പരിഗണിക്കാന്‍ നിര്‍ദേശം
കൊച്ചി: തിരഞ്ഞെടുപ്പ് ഗോദയിലെ അപര സ്ഥാനാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനും യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ഇല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കി. തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ എതിരാളികളെ വീഴ്ത്താന്‍ ഇത്തരം അപരന്മാരെ പരീക്ഷണവസ്തുക്കളാക്കുന്നുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി. വോട്ടര്‍മാരുടെ വിവേചനബുദ്ധിയെ വെല്ലുവിളിക്കുന്ന ഈ പ്രവണത തടയേണ്ടതുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥിക്കും അര്‍ഹമായ വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. തൃപ്പൂണിത്തുറ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി പി.വി. തന്റെ പേര് 'അഞ്ജലി നായര്‍' എന്ന് ബാലറ്റില്‍ മാറ്റണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. പൊതുജനങ്ങള്‍ക്കിടയില്‍ താന്‍ ഈ പേരിലാണ് അറിയപ്പെടുന്നതെന്നും പോസ്റ്ററുകളിലും മറ്റും ഇതാണ് ഉപയോഗിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. അഞ്ജലി നായരുടെ ഈ ആവശ്യം പരിഗണിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചു. ശനിയാഴ്ച വരണാധികാരിക്ക് മുന്‍പാകെ ഹാജരാകാനും സിറ്റിംഗിന് ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാനും കോടതി ഉത്തരവിട്ടു.
നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പിലും അപരഭീഷണി പല പ്രമുഖ സ്ഥാനാര്‍ത്ഥികളെയും വലയ്ക്കുന്നുണ്ട്. ബേപ്പൂരില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അന്‍വറിന് സമാനമായ പേരുള്ള നാല് അപരന്മാരാണ് മത്സരരംഗത്തുള്ളത്. ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.കെ. ശശി ഉള്‍പ്പെടെയുള്ളവര്‍ക്കും സമാനമായ വെല്ലുവിളി നേരിടേണ്ടി വരുന്നു. ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രധാന മുന്നണികള്‍ക്കെതിരെ അപരന്മാരെ അണിനിരത്തുന്നത് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമാകുന്നു എന്ന പരാതി വ്യാപകമാണ്. ജനാധിപത്യത്തിന്റെ അന്തസത്ത തകര്‍ക്കുന്ന ഇത്തരം രാഷ്ട്രീയ തന്ത്രങ്ങള്‍ക്കെതിരെ കര്‍ശനമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമില്ലാതെ തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.