കല്‍പ്പറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷേയായും പൊതുസമ്മേളനവും; അമ്മയ്ക്കും സഹോദരനും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം എത്തി നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും; വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അരങ്ങേറ്റം; ഭൂരിപക്ഷം അഞ്ച് ലക്ഷത്തില്‍ എത്തിക്കാന്‍ യുഡിഎഫ്

കല്‍പ്പറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷേയായും പൊതുസമ്മേളനവും

Update: 2024-10-23 08:53 GMT

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പാണക്കാട് സാദിഖലി തങ്ങള്‍ തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക നല്‍കിയത്.

പത്രികാ സമര്‍പ്പണ സമയത്ത് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കളക്ടറുടെ ചേംബറിലേക്ക് പ്രവേശനം. മകനും ഭര്‍ത്താവിനും ഒപ്പം ആദ്യ സെറ്റ് പത്രിക നല്‍കി. പിന്നീട് അവര്‍ പുറത്ത് പോയ ശേഷമാണ് സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേംബറില്‍ എത്തിയത്. ഇവരുടെ സാന്നിധ്യത്തിലാണ് രണ്ടാം സെറ്റ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രിക നല്‍കിയ ശേഷമാണ് പ്രിയങ്ക മടങ്ങിയത്.

പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ ആവേശം പകര്‍ന്നിട്ടുണ്ട്. രാവിലെ റോഡ് ഷോയ്ക്കും ജനങ്ങളെ അഭിസംബോധന ചെയ്തതിനും ശേഷമാണ് പ്രിയങ്ക കളക്ടറേറ്റിലെത്തിയത്. കല്‍പ്പറ്റയില്‍ നടന്ന റോഡ് ഷോയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. പ്രിയങ്കയും സോണിയയും ചൊവ്വാഴ്ച്ച വൈകുന്നേരം വയനാട്ടിലെത്തിയിരുന്നു. ബുധനാഴ്ച്ച രാവിലെയാണ് രാഹുല്‍ എത്തിയത്.

ഗാന്ധികുടുംബത്തിലെ ഇളമുറക്കാരിയുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അരങ്ങേറ്റത്തിനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട കാലം കുറച്ചായി. 11 മണിക്ക് നിശ്ചയിച്ച റോഡ് ഷോക്ക് തുടക്കമായത് ഒരുമണിക്കൂര്‍ വൈകിയാണ്. ചൊവ്വാഴ്ച രാത്രി സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച പ്രിയങ്ക ഗാന്ധി റോഡ് മാര്‍ഗമാണ് ബുധനാഴ്ച രാവിലെ കല്‍പറ്റയിലേക്ക് തിരിച്ചത്. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്ത് ബുധനാഴ്ച രാവിലെ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഒപ്പമുണ്ടായിരുന്നു. റോഡ് ഷോക്ക് പിന്നാലെ 1.45ഓടെയാണ് പ്രിയങ്ക പത്രിക സമര്‍പ്പിച്ചത്.


 



നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് പ്രിയങ്കയും രാഹുലും പങ്കെടുത്ത റോഡ് ഷോയ്ക്ക് തുടക്കമായത്. അപ്പോഴേക്കും കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ദേശീയപാതയില്‍ ഒന്നര കിലോമീറ്ററോളം ദൂരം ജനനിബിഡമായിരുന്നു. ദേശീയപാതയും കഴിഞ്ഞ് ഫുട്പാത്തും നഗര വഴികളിലെ കെട്ടിടങ്ങളും നിറഞ്ഞ് ജനമെത്തി. പ്രിയങ്കയുടെ റോഡ് ഷോയില്‍ പങ്കാളികളാകാന്‍ രാവിലെ ഏഴു മണി മുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. പുലര്‍കാലത്ത് മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ നിറവെയിലിന് വഴിമാറി. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു. സമീപജില്ലകളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് റോഡ് ഷോയ്ക്ക് എത്തിയത്.

ഒമ്പതു മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിനു മുന്നില്‍ ആളുകള്‍ നിറഞ്ഞുതുടങ്ങി. ഒറ്റക്കും കൂട്ടായും ആളുകളുടെ പ്രവാഹം. ചെറു സംഘങ്ങള്‍ മുദ്രാവാക്യം വിളികളുമായാണ് ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞത്. കൈപ്പത്തി ചിഹ്നം പതിച്ച ടീഷര്‍ട്ടുകളണിഞ്ഞും പ്രിയങ്കക്ക് സ്വാഗതമോതിയുള്ള പ്ലക്കാര്‍ഡുകളേന്തിയും അണിനിരന്ന ആയിരങ്ങള്‍ക്കൊപ്പം ത്രിവര്‍ണ ബലൂണുകളുടെ ചാരുതയും നിറം പകര്‍ന്നു.

ഗാന്ധി കുടുംബത്തിലെ മൂന്നുപേരെയും ഒരുമിച്ചു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്തവര്‍ പോലും കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും കയറി രാവിലെ മുതല്‍ കാത്തു നില്‍ക്കുകയായിരുന്നു. പൂക്കള്‍ വിതറിയാണ് നേതാക്കളെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത് 'വയനാടിന്റെ പ്രിയങ്കരി' എന്ന ബാനറുകളാണ് എല്ലായിടത്തും നിറഞ്ഞത്. നിറഞ്ഞ കരഘോഷത്തോടെയാണ് പ്രിയങ്കയുടെ വാക്കുകള്‍ വയനാട് കേട്ടത്. റോഡ് ഷോക്ക് ശേഷം പൊതുസമ്മേളനവും ഒരുക്കിയിരുന്നു. ഇതില്‍ പ്രിയങ്കവോട്ടമാരോട് സംസാരിച്ചു.


 



''അച്ഛന്‍ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖര്‍ഗെയോടും കോണ്‍ഗ്രസിനോടും നന്ദി പറയുന്നു. ഞാന്‍ ചൂരല്‍മലയും മുണ്ടക്കെയും സന്ദര്‍ശിച്ചു. എല്ലാം നഷ്ടമായവരെ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നല്‍കി. വയനാട്ടുകാരുടെ ധൈര്യം ആഴത്തില്‍ സ്പര്‍ശിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്. അധികാരം നല്‍കിയര്‍ അധികാരം വിദ്വേഷം പ്രചരിപ്പിക്കുന്നു.

നമ്മള്‍ സത്യത്തിനും അഹിംസയ്ക്കും നീതിക്കും വേണ്ടി പോരാടുകയാണ്. നിങ്ങളുടെ പിന്തുന്ന ഇല്ലാതെ എന്റെ സഹോദരനു രാജ്യം മുഴുവനും നടക്കാന്‍ സാധിക്കില്ല. ലോകം മുഴുവന്‍ എന്റെ സഹോദരനെതിരെ തിരിഞ്ഞപ്പോള്‍ നിങ്ങള്‍ ഒപ്പം നിന്നു. ഞങ്ങളുടെ കുടുംബം എല്ലാ കാലവും കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ കുടുംബം തന്നെയാണ്. വന്യജീവി സംഘര്‍ഷം രാത്രിയാത്ര നിരോധനം തുടങ്ങി വയനാട് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നു. നമുക്ക് അവയെല്ലാം ഒരുമിച്ചുനിന്നു പരിഹരിക്കണം. എല്ലാവരുടെയും വീട്ടില്‍ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

ഈ രാഷ്ട്രീയത്തിനെല്ലാം അപ്പുറം ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. എന്റെ കുടുംബത്തിനു പ്രശ്‌നം വന്നപ്പോഴെല്ലാം ഞാന്‍ അവരോടൊപ്പം നിന്നു. നിങ്ങളും എന്റെ കുടുംബമാണ്. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും സന്തോഷങ്ങളിലും ഞാന്‍ നിങ്ങളോടൊപ്പമിക്കും നിങ്ങള്‍ക്ക് ഒരിക്കലും ബുദ്ധിമുട്ടാകില്ല. എന്നെ സ്ഥാനാര്‍ഥിയാക്കിയതിന് ഹൃദയത്തില്‍നിന്നു നന്ദി പറയുന്നു.'' പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.

പിന്നാലെ സംസാരിച്ച രാഹുല്‍ വയനാടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പ്രിയങ്കയെക്കുറിച്ചും പറഞ്ഞു. ''വയനാട്ടിലെ ജനങ്ങളുമായുണ്ടായ എന്റെ ബന്ധം എന്തായിരുന്നവെന്നു നിങ്ങള്‍ക്ക് അറിയാം. വയനാട് എനിക്കുവേണ്ടി ചെയ്തത് എന്താണെന്നു വാക്കുകളില്‍ പറയാന്‍ സാധിക്കില്ല. മനസ്സില്‍ അത്ര വലിയ ആഴത്തിലുള്ള വികാരമാണ്. ഇന്ത്യയില്‍ ഒരു മണ്ഡലത്തില്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഉള്ളത് വയനാട് മണ്ഡലത്തിലായിരിക്കും. ഒരാള്‍ ഔദ്യോഗിക എംപിയും മറ്റൊരാള്‍ അനൗദ്യോഗിക എംപിയുമായിരിക്കും. പ്രിയങ്കയോടു കുട്ടിക്കാലത്തു ചോദിക്കുമായിരുന്നു കൂട്ടുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഇത്രയും ചെയ്യേണ്ടതുണ്ടോ എന്ന്. എനിക്കതു ചെയ്യേണ്ടതുണ്ട്, സുഹൃത്തുക്കള്‍ നന്ദി പറഞ്ഞില്ലെങ്കിലും പ്രശ്‌നമല്ല എന്നായിരുന്നു മറുപടി. അങ്ങനെയുള്ള പ്രിയങ്ക കുടുംബത്തിനു വേണ്ടി എന്തുമാത്രം ചെയ്യും. അച്ഛന്‍ മരിച്ചപ്പോള്‍ എല്ലാം നഷ്ടമായപ്പോള്‍ അമ്മയെ നോക്കിയതെല്ലാം പ്രിയങ്കയാണ്. കയ്യിലെ രാഖി പോല ഞാന്‍ പ്രിയങ്കയെ സംരക്ഷിക്കുന്നു. നിങ്ങളും അതുപോലെ എന്റെ സഹോദരിയെ സംരക്ഷിക്കണം'' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


 



ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമയ എല്ലാവരെയും ഓര്‍മിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ''വയനാട്ടിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് പ്രിയങ്ക സ്ഥാനാര്‍ഥിയായത്. പ്രിയങ്ക വളരെ കരുത്തുറ്റ സ്ത്രീയാണ്. അവര്‍ പാര്‍ലമെന്റില്‍ വയനാട്ടുകാരുടെ കരുത്തുറ്റ ശബ്ദമായി മാറും. പ്രിയങ്ക ഗാന്ധിയെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കുക എന്നത് വയനാട്ടുകാരുടെ ഉത്തരവാദിത്തമാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ജയം കോണ്‍ഗ്രസിനോടു വയനാട്ടുകാര്‍ക്കുള്ള അചഞ്ചല വിശ്വാസത്തിന്റെ പ്രതീകമാണ്. പ്രിയങ്ക കരുത്തറ്റ പോരാളിയാണ്'' ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News