ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കാന്‍ കമല്‍ ഖേര; ശാസ്ത്രം, വ്യവസായം വകുപ്പുകളുടെ ചുമതല ലഭിച്ചത് അനിത ആനന്ദിനും; കാനഡയിലെ മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളും; ഡല്‍ഹിയില്‍ ജനിച്ച കമല്‍ ഖേര കാനഡ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗവും

മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളും;

Update: 2025-03-16 02:40 GMT

ഒട്ടാവ: ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായി കാനഡയുടെ അധികാരസ്ഥാനത്ത് മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായി കഴിഞ്ഞു. കാര്‍ണി മന്ത്രിസഭയല്‍ ശ്രദ്ധേയരായി രണ്ട് ഇന്ത്യന്‍ വംശജരുമുണ്ട്. സുപ്രധാന പദവികളില്‍ എത്തിയിരിക്കുന്നത് രണ്ട് ഇന്ത്യന്‍ വംശജരായ വനിതകളാണ്. ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്ന കമല്‍ ഖേര (36), ശാസ്ത്രം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതല ലഭിച്ച അനിത ആനന്ദ് (58) എന്നിവരുള്‍പ്പെടെ 11 വനിതകളാണ് 24 അംഗ മന്ത്രിസഭയില്‍ ഇടം നേടിയത്.

കാനഡയുടെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗമായ കമല്‍ ഖേര ജനിച്ചത് ഡല്‍ഹിയിലാണ്. പിന്നീട് കുടുംബം കാനഡയിലെത്തി. അവിടെ ടൊറന്റോയിലെ യോര്‍ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശാസ്ത്ര ബിരുദം നേടിയ ശേഷം സെന്റ് ജോസഫ്‌സ് ഹെല്‍ത്ത് സെന്ററിലെ ഓങ്കോളജി വിഭാഗത്തില്‍ നഴ്‌സായി പരിശീലനം നേടി. ബ്രാംപ്ടന്‍ വെസ്റ്റില്‍ നിന്ന് ആദ്യമായി എംപിയായി.

രാജിവച്ച ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരിയായി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്‍പില്‍ നിന്നിരുന്ന അനിത ആനന്ദ് പിന്നീട് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി. നോവ സ്‌കോട്ടിയയില്‍ ജനിച്ചു വളര്‍ന്ന അവര്‍ 1985 ല്‍ ഒന്റാറിയോയിലേക്ക് താമസം മാറ്റി. 2019 ല്‍ ഓക്വില്ലയില്‍ നിന്ന് ആദ്യമായി എംപിയായി. ട്രൂഡോ മന്ത്രിസഭയില്‍ 37 അംഗങ്ങളാണുണ്ടായിരുന്നത്. ആദ്യ മന്ത്രിസഭയിലുണ്ടായിരുന്ന മെലാനി ജോളി തന്നെയാണ് പുതിയ മന്ത്രിസഭയിലും വിദേശകാര്യം കൈകാര്യം ചെയ്യുന്നത്.

മുന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡിന് പുതിയ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് ലഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 20ന് പൊതു തെരഞ്ഞെടുപ്പ് നടത്തുന്നതുവരെയാണ് മാര്‍ക്ക് കാര്‍ണി മന്ത്രിസഭയുടെ കാലാവധി. കാനഡയുടെ 24-ാം പ്രധാനമന്ത്രിയായാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ കാര്‍ണി അധികാരമേറ്റത്. ഒട്ടാവയിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ അധ്യക്ഷത വഹിച്ചു.

24 അംഗങ്ങളാണ് കാര്‍ണി മന്ത്രിസഭയിലുള്ളത്. ട്രൂഡോ സര്‍ക്കാരിലെ 17 മന്ത്രിമാരെ ഒഴിവാക്കി. എന്നാല്‍ ചില പ്രമുഖരെ നിലനിര്‍ത്തിയിട്ടുമുണ്ട്. മെലണി ജോണി വിദേശകാര്യ മന്ത്രിയാകും. ട്രൂഡോ സര്‍ക്കാരിലെ ധനമന്ത്രി ഡൊമിനിക് ലെ ബ്ലാങ്ക് പുതിയ അന്താരാഷ്ട്ര വ്യാപാര മന്ത്രിയാകും. ഫ്രാന്‍സ്വാ ഫിലിപ്പെയാകും പുതിയ ധനമന്ത്രി.

ട്രംപിന്റെ തീരുവ യുദ്ധം തുടരുന്നതിനിടെ കടുത്ത ട്രംപ് വിരോധിയായ മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയായെത്തിയത് വ്യാപാര യുദ്ധം കനപ്പിക്കാനാണ് സാധ്യത. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധം ഏറ്റവും വഷളായിരിക്കുന്ന സാഹചര്യത്തില്‍ കാര്‍ണിയുടെ ഇടപെടല്‍ എന്താകും എന്നതും കണ്ടറിയണം. യൂറോപ്പുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാനുള്ള നീക്കത്തിലാണ് കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെന്ന് വ്യക്തമാണ്.

അടുത്ത ആഴ്ച്ച യൂറോപ്പ് സന്ദര്‍ശിക്കാന്‍ കാര്‍ണി തീരുമാനിച്ചിട്ടുണ്ട്. യു കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെത്തുന്ന കാര്‍ണി, യു കെ പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ് എന്നിവരുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് വ്യക്തമായിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കമാകും കൂടിക്കാഴ്ചകളില്‍ മുഖ്യ വിഷയമാകുക.

കാനഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍ക്ക് കാര്‍ണി രംഗത്തുവന്നിരുന്നു. കാനഡയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് തന്റെ കടമയെന്നും അമേരിക്കയുടെ അമ്പത്തി ഒന്നാമത് സംസ്ഥാനമായി മാറാന്‍ ഒരു തരത്തിലും സമ്മതിക്കുകയില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഡൊണാള്‍ഡ് ട്രംപ് നിരന്തരമായി കാനഡയെ അമേരിക്കയുടെ അമ്പത്തി ഒന്നാമത് സംസ്ഥാനമാക്കി മാറ്റാം എന്ന വാഗ്ദാനം നല്‍കുകയായിരുന്നു.

അങ്ങനെ സംഭവിച്ചാല്‍ പിന്നെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമല്ലോ എന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. ഒരിക്കലും ഒരിക്കലും ഒരു തരത്തിലും ഒരു രൂപത്തിലും കാനഡ അമേരിക്കയുടെ ഭാഗമാകില്ലെന്ന് കാര്‍നി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അമേരിക്ക കാനഡയല്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നമ്മള്‍ വളരെ വ്യത്യസ്തമായ രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കാര്‍നി നമ്മുടെ വീട്ടിലെ യജമാനന്‍മാര്‍ നമ്മള്‍ തന്നെയാണെന്നും പറഞ്ഞു.

അതിന്റെ മുഖ്യ ചുമതല വഹിക്കുന്നത് നമ്മള്‍ തന്നെയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ഇപ്പോള്‍ നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങ് തന്നെ നോക്കുക ഇത്തരത്തില്‍ ഒരു ചടങ്ങ് ഒരിക്കലും അമേരിക്കയില്‍ നടത്താന്‍ പറ്റുകയില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്റെ മന്ത്രിസഭയെ നിങ്ങള്‍ ശ്രദ്ധിക്കുക ഇത്തരമൊരു മന്ത്രിസഭ ഒരിക്കലും അമേരിക്കയില്‍ ഉണ്ടാകില്ല എന്നും കാര്‍നി പറഞ്ഞു. കാനഡ അമേരിക്കയുടെ സാമ്പത്തിക പങ്കാളിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ട്രംപ് ഉചിതമായി പെരുമാറുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് വ്യവസായരംഗത്ത് വളരെയേറെ വിജയിച്ച വ്യക്തിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള വ്യക്തി ആണെങ്കിലും കാനഡ അദ്ദേഹത്തിന്റെ പല കച്ചവടങ്ങളിലേയും പ്രധാന കക്ഷി ആണെന്ന കാര്യവും കാര്‍നി ഓര്‍മ്മിപ്പിച്ചു. കക്ഷികള്‍ തമ്മില്‍ മികച്ച പരസ്പര ബഹുമാനം പ്രതീക്ഷിക്കുന്നതായും അമേരിക്ക കാനഡയോട് ശരിയായ വാണിജ്യ മര്യാദകളോടെ പ്രവര്‍ത്തിക്കണം എന്നും കാര്‍നി ആവശ്യപ്പെട്ടു. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് കാര്‍നി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തേ അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി വിഛേദിക്കാന്‍ കാനഡയിലെ ഒന്റേറിയോ സംസ്ഥാനം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഉയര്‍ന്ന താരിഫ് അടുത്ത മാസം വരെ നിര്‍ത്തി വെയ്ക്കാന്‍ ട്രംപ് തീരുമാനിച്ച സാഹചര്യത്തിലാണ് ഒന്റേറിയോ ഈ നിലപാടില്‍ മാറ്റം വരുത്തിയത്. രാജ്യത്തെ പൗരന്‍മാരുടെ നല്ല ഭാവിക്കായി വിദേശ രാജ്യങ്ങളില്‍ ശ്രമം തുടരുമെന്നും കാര്‍നി പറഞ്ഞു.

Tags:    

Similar News