ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈല്‍ ആക്രമണത്തില്‍ റഷ്യക്ക് കനത്ത തിരിച്ചടി; റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ജനറലും 500 ഓളം ഉത്തര കൊറിയന്‍ സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍; യുക്രൈന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് റഷ്യയും

ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈല്‍ ആക്രമണത്തില്‍ റഷ്യക്ക് കനത്ത തിരിച്ചടി

Update: 2024-11-25 04:50 GMT

മോസ്‌കോ: യുക്രൈന്‍ സൈന്യം റഷ്യയില്‍ ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നു. റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഒരു ജനറലും 500 ഓളം ഉത്തരകൊറിയന്‍ സൈനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഷ്യയെ യുദ്ധത്തില്‍ സഹായിക്കാന്‍ ഉത്തരകൊറിയ അയച്ച സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. റഷ്യന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ വലേറി സൊളോദ്ചക്ക് ആണ് കൊല്ലപ്പെട്ടത്.

കൂടാതെ റഷ്യയുടെ 18 ഓളം സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തരകൊറിയന്‍ സൈന്യത്തിന്റെ ഒരു ജനറലിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയുമായി നടക്കുന്ന യുദ്ധത്തില്‍ യുക്രൈന്‍ ഇതാദ്യമായിട്ടാണ് ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ പ്രയോഗിക്കുന്നത്. ആക്രമണത്തില്‍ ഒരു കമാന്‍ഡ് പോസ്റ്റ് ഉള്‍പ്പെടെയുള്ള സൈനിക സംവിധാനങ്ങള്‍ തകര്‍ന്നതായും റഷ്യയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായും പറയപ്പെടുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ റഷ്യയുടെ ഭാഗത്ത് നിന്ന് യാതൊരു വിശദീകരണവും ഇനിയും ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ അത് റഷ്യക്കും ഉത്തരകൊറിയയ്ക്കും അങ്ങേയറ്റം തിരിച്ചടിയാണ്. റഷ്യയിലെ കുര്‍സ്‌ക് മേഖലയിലെ ഒരു ഭൂഗര്‍ഭ സൈനിക കേന്ദ്രത്തിന് നേര്‍ക്കാണ് യുക്രൈന്‍ ബ്രിട്ടീഷ് നിര്‍മ്മിത മിസൈലുകള്‍ പ്രയോഗിച്ചത്. മിസൈലാക്രമണത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. യുക്രൈന്റെ ആക്രമണത്തിന്റെ തൊട്ടു പിന്നാലെ റഷ്യ കനത്ത തിരിച്ചടി നല്‍കിയതായി അവകാശപ്പെട്ടിരുന്നു.

ഡിനിപ്രോ മേഖലയില്‍ തങ്ങള്‍ ഹൈപ്പര്‍സോണിക്ക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യന്‍ സൈന്യം വ്യക്തമാക്കിയത്. വേണ്ടി വന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യ താക്കീത് നല്‍കിയതും ഈ സാഹചര്യത്തിലാണ്. റഷ്യയുടെ ആണവനയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം പുട്ടിന്‍ കൈക്കൊണ്ടതും ഇതിനെ തുടര്‍ന്നാണ്. റഷ്യയുടെ തെക്കും കിഴക്കും പ്രവിശ്യകളില്‍ ഉള്ള സൈനികരാണ് യുക്രകൈന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഡിഫന്‍സ് കോര്‍പ്പ് എന്ന സംഘടനയാണ് 500 ഓളം ഉത്തരകൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

പതിനായിരത്തോളം ഉത്തരകൊറിയന്‍ സൈനികരാണ് റഷ്യയെ സഹായിക്കുന്നതിന് വേണ്ടി എത്തിയിരുന്നത്. സൈബീരിയന്‍ അതിര്‍ത്തിയിലാണ് ഇവര്‍ ഭൂരിഭാഗവും നിലയുറപ്പിച്ചിരിക്കുന്നത്. ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിംജോങ് ഉന്നിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ റഷ്യയിലേക്ക് എത്തിയത്. ഉത്തരകൊറിയയുടെ ഈ നീക്കത്തിന് എതിരെ നാറ്റോ സഖ്യകക്ഷികള്‍ പലരും രംഗത്ത് വന്നിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ പ്രതിസന്ധിയായി ഇത് മാറുമെന്ന് പല രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ സ്റ്റോം ഷാഡോ മിസൈലുകള്‍ അതീവ പ്രഹരശേഷിയുള്ളവയാണ്. ജി.പി.എസ ടെക്നോളജി ഉപയോഗിച്ചാണ് ഈ മിസൈല്‍ ആക്രമണം നടത്തുന്നത്.

Tags:    

Similar News