കുറ്റം സമ്മതിക്കാതെയുള്ള പുടിന്റെ മാപ്പു പറച്ചില്‍ കൊണ്ട് കാര്യമില്ല; റഷ്യയുടെ വെടിയേറ്റാണ് വിമാനം തകര്‍ന്നതെന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ്; കുറ്റം സമ്മതിച്ച് മാപ്പ് പറയണമെന്നും ആവശ്യം
റഷ്യയുടെ വെടിയേറ്റാണ് വിമാനം തകര്‍ന്നതെന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ്
ബാക്കു: റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്താനില്‍ തകര്‍ന്നുവീണതെന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. 38 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന്റെ കാരണം മറച്ചുവെയ്ക്കാന്‍ റഷ്യ ശ്രമിച്ചുവെന്ന ആരോപണവും ഇല്‍ഹാം ഉന്നയിച്ചു.
തകര്‍ച്ചയുടെ കാരണങ്ങളെ കുറിച്ച് തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിച്ച് വിമാന ദുരന്തത്തിന്റെ യഥാര്‍ഥ കാരണം മറച്ചുവെയ്ക്കാന്‍ റഷ്യ ശ്രമിച്ചു. ദുരന്തത്തില്‍ റഷ്യയ്ക്കുള്ള പങ്ക് മറച്ചുവെയ്ക്കുന്ന തരത്തിലുള്ള സിദ്ധാന്തങ്ങളാണ് അവര്‍ മുന്നോട്ടുവെച്ചതെന്നും ഇല്‍ഹേം അലിയേവ് ആരോപിക്കുന്നു. സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസര്‍ബയ്ജാനോട് കുറ്റം സമ്മതിച്ച് മാപ്പ് പറയുകയും പൊതുജനങ്ങളെ യഥാര്‍ത്ഥ സത്യം അറിയിക്കുകയുമായിരുന്നു ദുരന്തത്തിന് പിന്നാലെ റഷ്യ ചെയ്യേണ്ടിയിരുന്നതെന്നും അലിയേവ് കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ മേഖലയില്‍വെച്ച് ദാരുണമായ സംഭവം നടന്നതിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് അസര്‍ബയ്ജാന്‍ പ്രസിഡന്റിന്റെ പ്രതികരണം. 67 യാത്രക്കാരുമായി അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ റിപ്പബ്ലിക്കായ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്നിയിലേക്ക് ബുധനാഴ്ച യാത്രതിരിച്ച എംബ്രയര്‍ 190 വിമാനമാണ് തകര്‍ന്നത്. കസാഖ്സ്താനിലെ അക്താവുവിനടുത്താണ് ദുരന്തമുണ്ടായത്.
ഗ്രോസ്നിയില്‍ എത്തുംമുമ്പ് കസാഖ്സ്താനിലേക്ക് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. യുക്രൈന്‍ ആക്രമണവും മൂടല്‍മഞ്ഞും കാരണമാണ് അക്താവുവിലേക്ക് വിമാനം തിരിച്ചുവിടാന്‍ പൈലറ്റ് തീരുമാനിച്ചതെന്ന് റഷ്യന്‍ വ്യോമയാന ഏജന്‍സി വെള്ളിയാഴ്ച പറഞ്ഞിരുന്നു. ബുധനാഴ്ച യുക്രൈന്‍ ഗ്രോസ്നിയില്‍ കടുത്ത ഡ്രോണാക്രമണം നടത്തിയതിനാല്‍ തങ്ങളുടെ വ്യോമപ്രതിരോധസംവിധാനം സജീവമായിരുന്നെന്നും റഷ്യ വ്യക്തമാക്കിയിരുന്നു. അതേസമയം വിമാനം വെടിവെച്ചിട്ടെന്ന് സമ്മതിക്കാനോ ഉത്തരവാദിത്തമേല്‍ക്കാനോ റഷ്യ തയ്യാറായിട്ടില്ല.
റഷ്യയുടെ വ്യോമപ്രതിരോധ മിസൈലേറ്റാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ പേര് പറഞ്ഞില്ലെങ്കിലും പുറമേനിന്നുള്ള ആയുധമേറ്റാണ് വിമാനം തകര്‍ന്നുവീണതെന്ന് യു.എസ്. ദേശീയസുരക്ഷാവക്താവും വ്യക്തമാക്കിയരുന്നു.