അമേരിക്കയുമായുള്ള ആണവകരാര്‍ ഉടന്‍ സാധ്യമാകുമെന്ന് ഖമേനിയുടെ ഉപദേഷ്ടാവ്; ജനീവയില്‍ മൂന്നാംവട്ട ചര്‍ച്ചയും വന്‍ പുരോഗതിയില്ല; അമേരിക്കയുമായി നടത്തുന്നത് ഏറ്റവും ഗൗരവകരമായ ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി; ആണവ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കയും; ആണവചര്‍ച്ചകള്‍ക്കിടയില്‍ യു.എസ് യുദ്ധക്കപ്പല്‍ നാവിക താവളം വിട്ടു

അമേരിക്കയുമായുള്ള ആണവകരാര്‍ ഉടന്‍ സാധ്യമാകുമെന്ന് ഇറാന്‍

Update: 2026-02-27 01:47 GMT

ജനീവ: അമേരിക്കയുമായുള്ള ആണവകരാര്‍ ഉടന്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍. പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവ് അലി ഷംഖാനിയാണ് കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് അറിയിച്ചത്. യുദ്ധഭീതി വര്‍ധിച്ച സാഹചര്യത്തിലാണ് ഇറാന്‍ നിലപാട് മയപ്പെടുത്തിയത്. ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് തടയുകയാണ് ചര്‍ച്ചയുടെ ലക്ഷ്യമെങ്കില്‍ ഉടന്‍ കരാറിലെത്താന്‍ ഇറാന് സാധിക്കുമെന്നും അലി ഷംഖാനി പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്നാംഘട്ട ആണവചര്‍ച്ചകള്‍ക്കാണ് ഒമാന്റെ മധ്യസ്ഥതയില്‍ ഇന്ന് ജനീവയില്‍ തുടക്കമായത്. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിക്കും പുറമെ രാജ്യാന്തര അറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയും മൂന്നാം ഘട്ട ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ മുഖ്യ ഉപദേഷ്ടാവ് അലി ഷംഖാനിയാണ് കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് അറിയിച്ചിരിക്കുന്നത്. ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നത് തടയുകയാണ് ലക്ഷ്യമെങ്കില്‍ ഉടന്‍ കരാറിലെത്താന്‍ ഇറാന് സാധിക്കുമെന്നും അലി ഷംഖാനി അറിയിച്ചു. ആണവ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി.

ജനീവയില്‍ സമവായമില്ലാതെ യുഎസ്-ഇറാന്‍ ചര്‍ച്ച

അതേസമയം ലോകം ഉറ്റുനോക്കിയ യുഎസ്-ഇറാന്‍ ആണവ ചര്‍ച്ചകള്‍ തീരുമാനമാകാതെയാണ് മുന്നോട്ടു പോകുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധഭീതി പുകയുന്നതിനിടെ ഒമാന്റെ മധ്യസ്ഥതയില്‍ ജനീവയില്‍ നടന്ന മൂന്നാം വട്ട പരോക്ഷ ചര്‍ച്ചകളാണ് വന്‍ വഴിത്തിരിവുകള്‍ ഉണ്ടായില്ല. ഇറാന്‍ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന യുഎസ് നിലപാടും, തങ്ങളുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ഇറാന്റെ വാശിയും ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കി. അമേരിക്കയുമായി നടത്തുന്നത് ഏറ്റവും ഗൗരവകരമായ ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ ഫോര്‍ഡോ, നടാന്‍സ്, എസ്ഫഹാന്‍ എന്നിവ പൊളിച്ചുനീക്കണമെന്നും സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവന്‍ അമേരിക്കയ്ക്ക് കൈമാറണമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശം. എന്നാല്‍, സമാധാനപരമായ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഉപരോധങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തിരിച്ചടിച്ചു.

യുദ്ധകാഹളം മുഴക്കി ട്രംപ്

നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി ഉണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. പശ്ചിമേഷ്യയില്‍ വന്‍ സൈനിക സന്നാഹമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. 'ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് അനുവദിക്കില്ല, പത്ത് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും,' എന്ന ട്രംപിന്റെ പ്രസ്താവന മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി.

ചര്‍ച്ചകള്‍ വഴിമുട്ടിയെങ്കിലും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദിയുടെ ഇടപെടലുകള്‍ നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇരുപക്ഷവും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ച വിയന്നയില്‍ സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ട്രംപിന്റെ മരുമകന്‍ ജാരദ് കുഷ്‌നര്‍, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് യുഎസ് സംഘത്തിലുണ്ടായിരുന്നത്.

അതിനിടെ ഇറാനുമായുളള ആണവ ചര്‍ച്ചകള്‍ ജനീവയില്‍ ആരംഭിച്ചതോടെ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് നാവിക താവളം വിട്ടു. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ്. ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഗ്രീസിലെ ക്രീറ്റിലുളള സൗദ ബേ ന്വിക താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. തിങ്കളാഴ്ച മുതല്‍ ഇവിടെ നങ്കൂരമിട്ടിരുന്ന കപ്പല്‍ വ്യാഴാഴ്ചയോടെ മിഡില്‍ ഈസ്റ്റ് ലക്ഷ്യമാക്കി നീങ്ങി.

അമേരിക്കയും ഇറാനും തമ്മിലുളള ടെഹ്‌റാന്‍ ആണവകരാര്‍ സംബന്ധിച്ച പരോക്ഷ ചര്‍ച്ചകള്‍ വ്യാഴാഴ്ച രാവിലെയോടെ ജനീവയില്‍ ആരംഭിച്ചിരുന്നു. ഒമാന്‍ വിദേശകാര്യ മന്ത്രിയുടെ മധ്യസ്ഥതയിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. ഈ സമയത്തായിരുന്നു കപ്പലിന്റെ താവളം വിടല്‍ എന്നാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മിഡില്‍ ഈസ്റ്റില്‍ നിലവില്‍ ആമേരിക്കക്ക് ശക്തമായ സൈനിക സാന്നിധ്യമുണ്ട്. പത്തിലധികം യുദ്ധക്കപ്പലുകളെ വിന്യസിച്ചുകൊണ്ട് മിഡില്‍ ഈസ്റ്റില്‍ അമേരിക്ക തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ്. യു.എസ്.എസ്.അബ്രഹാം ലിങ്കണ്‍ നേരത്തെ തന്നെ മേഖലയിലുണ്ട്. ഇതിന് പുറമെയാണ് രണ്ടാമതൊരു വിമാനവാഹിനി കപ്പലിനെക്കൂടി വിന്യസിക്കുന്നത്.

Tags:    

Similar News