സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഐഎസ്ഐ ഓഫീസിലേക്ക് ഓടിച്ച്ക്കയറ്റി പൊട്ടിത്തെറിച്ചത് 21കാരി; നാവികസേനാ താവളത്തിനുനേരെ ആക്രമണം നടത്തി ചവേറായത് അധ്യാപിക; അഭ്യസ്തവിദ്യരായ സ്ത്രീകള്‍ തീവ്രവാദത്തിലേക്ക്; ബലൂച് പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുമ്പോള്‍!

അഭ്യസ്തവിദ്യരായ സ്ത്രീകള്‍ തീവ്രവാദത്തിലേക്ക്; ബലൂച് പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുമ്പോള്‍!

Update: 2026-02-02 16:51 GMT

ക്വറ്റ: മതത്തിന്റെ പേരിലുണ്ടായ പാക്കിസ്ഥാന്‍ എന്ന രാജ്യത്ത്, മത നിയമങ്ങള്‍ അനുസരിച്ച് സ്ത്രീകള്‍ എന്നും രണ്ടാംകിട പൗരന്‍മ്മാരാണ്. വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും, തുല്യതക്കും വേണ്ടി പാക് യുവതികള്‍ ഇന്നും പൊരുതുകയാണ്. മലയായ യൂസുഫ് സായിയൊക്കെ നേരിട്ട അനുഭവങ്ങള്‍ നമുക്ക് അറിയാം. പക്ഷേ അതേ പാക്കിസ്ഥാന്‍ തന്നെ ഇപ്പോള്‍ സ്ത്രീകളെ ഭയക്കുകയാണ്. പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യസമര പേരാളികളുടെ പ്രധാന ആയുധം ചാവേര്‍ സ്ത്രീകളാണ്. അഭ്യസ്തവിദ്യരായവര്‍ വലിയ തോതില്‍ തീവ്രവാദത്തിലേക്ക് നയിക്കപ്പെടുന്നത് പാക്കിസ്ഥാനെ ഞെട്ടിക്കുകയാണ്.

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പാകിസ്ഥാന്‍ ഭരണകൂടത്തിനെതിരെ നടത്തുന്ന ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നാണ് 'ഓപ്പറേഷന്‍ ഹീറോഫ്' 2026 ജനുവരി 31-നാണ് ഇതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇതില്‍ ഞെട്ടിയിരിക്കയാണ് പാക്കിസ്ഥാന്‍. ബലൂചിസ്ഥാനിലെ 14 നഗരങ്ങളിലായി 48 ഇടങ്ങളില്‍ ഒരേസമയം ബി.എല്‍.എ ആക്രമണം നടത്തി.ക്വറ്റ, നുഷ്‌കി, മസ്തുംഗ്, ഗ്വാദര്‍, പസ്നി, ടര്‍ബത്ത്, ലാസ്‌ബെല, കിലാ സൈഫുള്ള തുടങ്ങിയ പ്രമുഖ നഗരങ്ങളെല്ലാം ഈ ഓപ്പറേഷന്റെ പരിധിയില്‍ വന്നു.പാകിസ്ഥാന്‍ സൈനിക താവളങ്ങള്‍, ഐ.എസ്.ഐ (കടക) ആസ്ഥാനങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ജയിലുകള്‍ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. ഈ ഓപ്പറേഷനുകളിലൊക്കെ പങ്കെടുത്തത് വനിതാ ചാവേറുകളായിരുന്നു.

അവരുടെ രണ്ട് വനിതാ ചാവേറുകളുടെ ('ഫിദായി') ചിത്രങ്ങളും ബലൂചിസ്ഥാന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ 17 പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 50 ഓളം പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തും മുമ്പ് ബിഎല്‍എ പാകിസ്ഥാന്‍ സര്‍ക്കാരിനെ പരിഹസിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. 'പാകിസ്ഥാന്‍ സര്‍ക്കാര്‍ നമ്മുടെ അടിച്ചമര്‍ത്തപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും മേല്‍ മാത്രമേ അവരുടെ അധികാരം കാണിക്കുന്നുള്ളൂ; അവര്‍ക്ക് നമ്മളെ നേരിട്ട് നേരിടാന്‍ കഴിയില്ല. അത് അവരുടെ കഴിവിന് അപ്പുറമാണ്' എന്ന് വീഡിയോയില്‍ പറയുന്നുണ്ട്.

ഞെട്ടിച്ച് ആസിഫയും ഹാവയും

ആക്രമണ പരമ്പരയില്‍ പങ്കെടുത്ത വനിതാ ചാവേറുകളില്‍ പ്രധാനിയാണ് ആസിഫ മെംഗല്‍. 2002 ഒക്ടോബര്‍ 2-ന് ബലൂചിസ്ഥാനിലെ നുഷ്‌കി ജില്ലയിലുള്ള കില്ലി ഖാസി അബാദിലാണ് ജനിച്ചത്. നുഷ്‌കി സ്വദേശിയായ മുഹമ്മദ് ഇസ്മായിലിന്റെ മകളാണ് ഇവര്‍.തന്റെ 21-ാം ജന്മദിനമായ 2023 ഒക്ടോബര്‍ 2-നാണ് ആസിഫ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡില്‍ ചേര്‍ന്നത്. 2024 ജനുവരിയിലാണ് ഒരു 'ഫിദായി' (ചാവേര്‍) ആകാന്‍ ഇവര്‍ സ്വയം സന്നദ്ധയായതെന്ന് സംഘടന അവകാശപ്പെടുന്നു. ഇവര്‍ ഒരു വിദ്യാര്‍ഥിയായിരുന്നു. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് ജീവിതം അവസാനിപ്പിച്ചത്.


 



2026 ജനുവരി 31-ന് നുഷ്‌കിയിലുള്ള പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ യുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഇവര്‍ പങ്കെടുത്തു. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചാണ് ഇവര്‍ ഈ അതീവ സുരക്ഷാ മേഖല ലക്ഷ്യമിട്ടത്. മജീദ് ബ്രിഗേഡിലെ മൂന്നാമത്തെ വനിതാ ചാവേറായാണ് ആസിഫ മെംഗല്‍ അറിയപ്പെടുന്നത്.

ബലൂചിസ്ഥാനിലെ സായുധ പോരാട്ടത്തില്‍ യുവാക്കളും അഭ്യസ്തവിദ്യരുമായ സ്ത്രീകള്‍ ചാവേറുകളായി മാറുന്നതിന്റെ പുതിയ ഉദാഹരണമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആസിഫ മെംഗലിന്റെ പങ്കാളിത്തത്തെ വിലയിരുത്തുന്നത്.

അതുപോലെയാണ് ഹാവ ബലൂച്ചും. ഇവര്‍ ഒരു അധ്യാപകിയായിരുന്നു. സംഘടനയ്ക്കുള്ളില്‍ ഇവര്‍ 'ദ്രോഷും' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഹാവ ബലോച്ച് ബലൂചിസ്ഥാനിലെ സമുദ്രതീര നഗരമായ ഗ്വാദര്‍ സ്വദേശിനിയായിരുന്നു. വിദ്യാഭ്യാസമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് ഇവര്‍ വന്നത്. 2026 ജനുവരി 31-ന് നടന്ന ആക്രമണ പരമ്പരയില്‍ ഗ്വാദറിലെ അതീവ സുരക്ഷാ മേഖലയിലുള്ള പാകിസ്ഥാന്‍ നാവികസേനാ താവളത്തിന് നേരെയാണ് ഹാവ ആക്രമണം നടത്തിയത്.

മജീദ് ബ്രിഗേഡിലെ നാലാമത്തെ വനിതാ ചാവേറായാണ് ബി.എല്‍.എ ഇവരെ വിശേഷിപ്പിച്ചത്. ഗ്വാദര്‍ തുറമുഖം കേന്ദ്രീകരിച്ചുള്ള ചൈനീസ്-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കെതിരെയുള്ള പ്രതീകാത്മകമായ ആക്രമണമായാണ് ഇതിനെ സംഘടന ചിത്രീകരിച്ചത്.

ബലൂചിസ്ഥാന്‍ വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുന്നതിനെതിരെ പോരാടാന്‍ സ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്ന് വിശ്വസിച്ചിരുന്ന ഹാവ, ചാവേര്‍ ദൗത്യത്തിന് മുന്‍പ് റെക്കോര്‍ഡ് ചെയ്ത സന്ദേശത്തില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു.

എന്തുകൊണ്ട് വനിതകള്‍

ബലൂചിസ്ഥാനിലെ സായുധ പോരാട്ടത്തില്‍ വനിതാ ചാവേറുകളുടെ കടന്നുവരവ് ഞെട്ടിക്കുന്നതാണ്. ബലോച്ച് സമൂഹത്തില്‍ സ്ത്രീകള്‍ ആദരിക്കപ്പെടുന്നവരാണ്. അവര്‍ യുദ്ധമുഖത്ത് സ്വയം ബലിയര്‍പ്പിക്കാന്‍ തയ്യാറാകുന്നത് പാകിസ്ഥാന്‍ ഭരണകൂടത്തിന് വലിയ മനഃശാസ്ത്രപരമായ തിരിച്ചടിയാണ്. 'ഞങ്ങളുടെ സ്ത്രീകള്‍ പോലും മരണത്തിന് തയ്യാറാകുന്നുവെങ്കില്‍ പിന്നോട്ട് പോകാനില്ല' എന്ന സന്ദേശമാണ് ഇത് യുവാക്കള്‍ക്ക് നല്‍കുന്നത്. ബി.എല്‍.എയുടെ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡ് ഇപ്പോള്‍ സ്ത്രീകളെ മുന്‍നിര്‍ത്തി 'ഹൈ-പ്രൊഫൈല്‍' ലക്ഷ്യങ്ങളെ ആക്രമിക്കുന്നു. ഗ്വാദര്‍ തുറമുഖം, ചൈനീസ് ഉദ്യോഗസ്ഥര്‍, ഐ.എസ്.ഐ കേന്ദ്രങ്ങള്‍ എന്നിവയെ ആക്രമിക്കാന്‍ സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു എന്നത് സംഘടനയുടെ തന്ത്രപരമായ വിജയമായി അവര്‍ കാണുന്നു.

സായുധ പോരാട്ടത്തിന് പുറമെ, ഡോ. മാഹരംഗ് ബലോച്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാനപരമായ സ്ത്രീ മുന്നേറ്റങ്ങളും സൈന്യത്തിന് തലവേദനയാകുന്നുണ്ട്. ഒരുവശത്ത് സമാധാനപരമായ പ്രതിഷേധങ്ങളും മറുവശത്ത് തീവ്രമായ ചാവേര്‍ ആക്രമണങ്ങളും ഒരേസമയം കൈകാര്യം ചെയ്യേണ്ട അവസ്ഥയിലാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍.പരമ്പരാഗതമായി സ്ത്രീകളെ സുരക്ഷാ പരിശോധനകളില്‍ നിന്ന് ഒഴിവാക്കുകയോ കുറഞ്ഞ പരിശോധനകള്‍ക്ക് വിധേയമാക്കുകയോ ചെയ്യുന്ന രീതി പാകിസ്ഥാന്‍ സൈന്യം പിന്തുടര്‍ന്നിരുന്നു. എന്നാല്‍ വനിതാചവേറുകള്‍കക്ശേഷം, സ്ത്രീകളെ സംശയനിഴലില്‍ നിര്‍ത്താന്‍ സൈന്യം നിര്‍ബന്ധിതരായി. ഇത് സാധാരണക്കാരായ ബലൂച് സ്ത്രീകള്‍ക്ക് ദൈനംദിന ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

മുന്‍കാലങ്ങളില്‍ ഗോത്രവര്‍ഗ്ഗ പോരാളികളായിരുന്നു ബി.എല്‍.എയുടെ കരുത്തെങ്കില്‍, ഇപ്പോള്‍ അധ്യാപകര്‍ (ഷാരി ബലോച്ച്), വിദ്യാര്‍ത്ഥികള്‍ (ആസിഫ മെംഗല്‍) തുടങ്ങിയ അഭ്യസ്തവിദ്യരായ സ്ത്രീകളാണ് ചാവേറുകളാകുന്നത്. ഇത് പ്രസ്ഥാനത്തിന് ഒരു 'ബൗദ്ധിക പരിവേഷം' നല്‍കുകയും അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യുന്നു.

ബലൂചിസ്ഥാനിലെ വിഭവങ്ങള്‍ ചൈന കൊള്ളയടിക്കുന്നു എന്നാണ് ബി.എല്‍.എയുടെ പ്രധാന ആരോപണം. അതിനാല്‍ അവര്‍ ചൈനീസ് എന്‍ജിനീയര്‍മാരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യം വയ്ക്കുന്നു. ഷാരി ബലോച്ച് നടത്തിയ കറാച്ചി സര്‍വ്വകലാശാലാ ആക്രമണം ചൈനീസ് അധ്യാപകരെ ലക്ഷ്യമിട്ടായിരുന്നു.ഇത്തരം ആക്രമണങ്ങള്‍ കാരണം പാകിസ്ഥാനിലെ ചൈനീസ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ചൈന സ്വന്തം സുരക്ഷാ സേനയെ വിന്യസിക്കണമെന്ന് ബീജിംഗ് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News