വലത് വംശീയ പാര്‍ട്ടി നേതാവ് മറീന ലീപെന്നിനെ നാല് വര്‍ഷത്തെ തടവിന് വിധിച്ചത് പാര്‍ട്ടിയുടെ യൂറോപ്യന്‍ യൂണിയന്‍ എംപിമാര്‍ക്കുള്ള തുക മറ്റ് ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കിയതിന്; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിയത് ഞെട്ടിച്ചു; തെരുവിലിറങ്ങി പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍: ഫ്രാന്‍സിലെ തീവ്ര വലത് രാഷ്ട്രീയത്തിന് വമ്പന്‍ തിരിച്ചടി

Update: 2025-04-01 08:00 GMT

പാരിസ്: ഫ്രാന്‍സിലെ വലത് വംശീയ പാര്‍ട്ടി നേതാവ് മറീന ലീപെന്നിനെ കോടതി നാല് വര്‍ഷം തടവുശിക്ഷക്ക് വിധിച്ചത് അവരുടെ പ്രസ്ഥാനത്തിന് വലിയ തിരിച്ചടിയായി. ലീപെന്നിന്റെ പ്രസ്ഥാനമായ റാലി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ജനാധിപത്യത്തിന് അപവാദം എന്നാണ് സംഭവത്തെ കുറിച്ച് റാലി പാര്‍ട്ടി നേതാക്കള്‍ വിശേഷിപ്പിച്ചത്. സാമ്പത്തിക ക്രമക്കേടുകേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അഞ്ചുവര്‍ഷത്തേക്ക് അവരെ വിലക്കുകയും നാലുകൊല്ലം തടവിനും പിഴയ്ക്കും കോടതി ശിക്ഷവിധിച്ചത്.

2027-ലെ ഫ്രാന്‍സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള സാധ്യതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു ലീപെന്‍. ഏതായാലും കോടതിവിധിക്ക് പിന്നാലെ മറീന്റെ ഫ്രഞ്ച് പ്രസിഡന്റ് പദവി എന്ന സ്വപ്നവും പൊലിയുകയാണ്. മറീന്‍, അവരുടെ പാര്‍ട്ടിയായ നാഷണല്‍ റാലി പാര്‍ട്ടിയും 24-ഓളം നേതാക്കളും ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ 4.44 മില്യന്‍ ഡോളര്‍ വകമാറ്റി ചെലവഴിച്ചു എന്നാണ് കേസ്.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അസിസ്റ്റന്റുമാര്‍ക്ക് നല്‍കേണ്ടിയിരുന്ന തുക വകമാറ്റി ഫ്രാന്‍സില്‍ എന്‍.ആര്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. 2004 മുതല്‍ 2016 വരെയുള്ള കാലത്താണ് സാമ്പത്തിക ക്രമക്കേട് നടന്നത്. ഫണ്ട് വകമാറ്റലില്‍ മുഖ്യ പങ്കുവഹിച്ചത് മറീനാണെന്നാണ് കോടതി കണ്ടെത്തിയത്. എന്നാല്‍, പണം ചെലവഴിച്ചത് നിയമവിധേയമായിട്ടാണ് എന്നായിരുന്നു മറീന്റെയും അനുയായികളുടേയും വാദം. എന്നാല്‍, കോടതി ഇത് തള്ളി. 2004 മുതല്‍ 2017 വരെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായിരുന്നു മറീന്‍.

നാലുകൊല്ലത്തെ തടവുശിക്ഷയില്‍ രണ്ടുകൊല്ലം കോടതി ഇളവുചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടുകൊല്ലത്തെ ശിക്ഷ, ജയിലിന് പുറത്ത് ഇലക്ട്രോണിക് ബ്രേസ്ലറ്റ് ധരിച്ച് അനുഭവിച്ചാല്‍ മതിയാകും. ഒരുലക്ഷം യൂറോ പിഴയുമൊടുക്കണം. മേല്‍ക്കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കില്‍ മറീന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഫ്രാന്‍സില്‍ സാധാരണയായി അപ്പീല്‍ നടപടി ക്രമങ്ങള്‍ വളരെ സാവധാനമാണ് നടക്കാറ്.

തിരഞ്ഞെടുപ്പിന് മുന്‍പേ പുനര്‍വിചാരണ നടന്നാലും നിലവിലെ വിധിയില്‍ മാറ്റംവരാനുള്ള സാധ്യതയും കുറവാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ലീപെന്‍ പറയുന്നത് താന്‍ നിരപരാധി ആണെന്നാണ്. കോടതിയുടേത് രാഷ്ട്രീയ തീരുമാനം ആണെന്നും അവര്‍ ആരോപിച്ചു. കോടതിവിധിക്ക് എതിരെ മേല്‍ക്കോടതിയില്‍ അ്പ്പീല്‍ നല്‍കാന്‍ തന്നെയാണ് തീരുമാനം എന്നാണ് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

സമൂഹമാധ്യമങ്ങളില്‍ ലീപെന്നിന്റെ അനുയായികള്‍ കോടതി ഉത്തരവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. റഷ്യയും അവര്‍ക്് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News