ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സോനാരോയെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രിം കോടതി ഉത്തരവ്; നടപടി 2022ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ തുടരാന്‍ പട്ടാള അട്ടിമറി ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിചാരണ തുടരവേ; വീട്ടുതടങ്കലില്‍ ആകുന്നത് ട്രംപിന്റെ അടുത്ത സുഹൃത്ത്
ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സോനാരോയെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രിം കോടതി ഉത്തരവ്
സവോ പോളോ: മുന്‍ പ്രസിഡന്റ് ജയ് ബൊല്‍സനാരോയെ വീട്ടു തടങ്കലിലാക്കാന്‍ ബ്രസീല്‍ സുപ്രീംകോടതി ഉത്തരവ്. 2022ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ തുടരാന്‍ പട്ടാള അട്ടിമറി ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിചാരണ തുടരുന്നതിനിടെയാണ് ഉത്തരവ്. 70കാരനായ പ്രസിഡന്റ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മൊറെയ്‌സിന്റെ ഉത്തരവ്. ബൊല്‍സനാരോക്കെതിരായ വിചാരണ പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടി
ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര യുദ്ധം നേരിടുന്നതിനാല്‍ ദക്ഷിണ അമേരിക്കന്‍ രാജ്യത്തെ പിടിച്ചുലച്ച കേസാണിത്. യു.എസ് പ്രസിഡന്റ് ട്രംപ് രാജ്യത്തിനെതിരെ 50 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. ട്രംപുമായി ബൊല്‍സനാരോ അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു. ബോള്‍സോനാരോക്കെതിരെയുള്ള നടപടി ക്രമങ്ങളെ യുഎസ് പ്രസിഡന്റ് ട്രംപ് 'മന്ത്രവാദ വേട്ട' എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല ഇറക്കുമതി ചെയ്യുന്ന ബ്രസീലിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിക്കൊണ്ട് ട്രംപിന്റെ സഖ്യകക്ഷി കൂടിയായിരുന്ന ബോള്‍സോനാരോയുടെ വിഷയത്തില്‍ ഇടപെടുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി നടപടി ശ്രദ്ധേയമാകുന്നത്.
ബ്രസീലിന്റെ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെയും സുപ്രിം കോടതി ജഡ്ജി അലക്സാണ്ടര്‍ ഡി മൊറേസിനെയും വധിക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പദ്ധതിയിട്ട ഒരു ക്രിമിനല്‍ സംഘടനയെ ബോള്‍സോനാരോ നയിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. കഴിഞ്ഞ മാസം ബോള്‍സോനാരോക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇലക്ട്രോണിക് ആങ്കിള്‍ മോണിറ്റര്‍ ധരിക്കാന്‍ ഉത്തരവിടുകയും ചെയ്ത നടപടികള്‍ക്ക് ശേഷമാണ് തിങ്കളാഴ്ചത്തെ വീട്ടുതടങ്കല്‍ ഉത്തരവ്.
തീവ്ര വലതുപക്ഷ നേതാവായ ബോള്‍സനാരോ തന്റെ നിയമസഭാംഗങ്ങളായ മക്കളുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്തുകൊണ്ട് തന്റെ മേല്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പുറപ്പെടുവിച്ചത്. 2019 നും 2022 നും ഇടയില്‍ ബ്രസീല്‍ ഭരിച്ച ബോള്‍സോനാരോ സുപ്രിം കോടതിക്കെതിരായ ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും ബ്രസീലിയന്‍ ജുഡീഷ്യറിയിലെ വിദേശ ഇടപെടലിനെ പിന്തുണക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2023 ജനുവരി 8 ന് തലസ്ഥാനമായ ബ്രസീലിയയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ത്തതില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിചാരണ നേരിടുന്ന ബോള്‍സോനാരോയ്ക്കും മറ്റ് നൂറുകണക്കിന് അനുയായികള്‍ക്കും മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ബോള്‍സോനാരോ അനുകൂലികള്‍ ഞായറാഴ്ച സാവോ പോളോ, റിയോ ഡി ജനീറോ നഗരങ്ങളില്‍ തെരുവിലിറങ്ങി. എന്നാല്‍ സുപ്രിം കോടതിയുടെ ഏറ്റവും പുതിയ തീരുമാനം ബോള്‍സനാരോയെ നിരീക്ഷണത്തിലാക്കുകയും കുടുംബാംഗങ്ങളെയും അഭിഭാഷകരെയും മാത്രം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് എല്ലാ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.