താലിബാന്‍ തടവിലായിരുന്ന ബ്രിട്ടീഷ് ദമ്പതികളെ വിട്ടയച്ചു അഫ്ഗാന്‍ ഭരണകൂടം; വിജയം കണ്ടത് ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ മോചന ചര്‍ച്ചകള്‍; തടവില്‍ നിന്നും മോചിതരായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹീത്രു വിമാനത്താവളത്തില്‍ എത്തിയ ദമ്പതികള്‍
താലിബാന്‍ തടവിലായിരുന്ന ബ്രിട്ടീഷ് ദമ്പതികളെ വിട്ടയച്ചു അഫ്ഗാന്‍ ഭരണകൂടം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എട്ടു മാസത്തോളം താലിബാന്റെ തടവിലായിരുന്ന ബ്രിട്ടീഷ് വൃദ്ധ ദമ്പതികള്‍ ജയില്‍ മോചിതരായി ബ്രിട്ടനില്‍ തിരിച്ചെത്തി. പീറ്റര്‍ റെയ്നോള്‍ഡ്‌സ് എന്ന 80 കാരനും അയാളുടെ ഭാര്യ 76 കാരിയായ ബാര്‍ബിയും ഖത്തറില്‍ നിന്നുള്ള വിമാനത്തിലാണ് ഇന്നലെ ഉച്ചയോടെ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയത്.ഇവരുടെ മോചനത്തിനായി നിരവധി ചര്‍ച്ചകള്‍ ഖത്തര്‍ നടത്തിയിരുന്നു. വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ പ്രസന്നവദനരായിരുന്നെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
ദോഹയില്‍ വെച്ച് ഇവരുടെ മകള്‍ സാറാ എന്റ്വിസ്റ്റി ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. തടവില്‍ നിന്നും മോചിതരായതില്‍ ഏറെ സന്തോഷമുണ്ട് എന്ന് മാത്രമാണ് ഇവരുടെ കുടുംബം പ്രതികരിച്ചത്. ഇതിനായി ഏറെ ശ്രമങ്ങള്‍ നടത്തിയ ഖത്തര്‍ സര്‍ക്കാരിനും യു കെ സര്‍ക്കാരിനും അവര്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ 18 വര്‍ഷക്കാലമായി അഫ്ഗാനിസ്ഥാനില്‍ ജീവിക്കുന്ന ദമ്പതികളെ ഫെബ്രുവരി 1 ന് ആയിരുന്നു താലിബാന്റെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. മാര്‍ച്ചില്‍ ഇവരെ കാബൂളിലെ അതീവ സുരക്ഷാ ജയിലിലെക്ക് മാറ്റുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി എത്തിയ ഇരുവരും 1970 ല്‍ അഫ്ഗാനിസ്ഥാനില്‍ വെച്ചാണ് വിവാഹിതരായത്.
2021 ആഗസ്റ്റില്‍ താലിബാന്‍ തിരികെ അധികാരത്തിലെത്തിയപ്പോള്‍ അഫ്ഗാനില്‍ നിന്നും പോകാന്‍ ഇവരോട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അതിന് തയ്യാറായില്ല. തങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മേല്‍ ചുമത്തിയിരുന്ന കുറ്റം എന്താണെന്ന് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.
തടവുകാലത്ത് ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായമടക്കം ഖത്തര്‍ എംബസി വഴിയാണു നല്‍കിയിരുന്നത്. താലിബാന്റെ തടവിലുളള 3 യുഎസ് പൗരന്മാരുടെ മോചനത്തിനും ചര്‍ച്ച നടക്കുന്നുണ്ട്. 18 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ താമസിക്കുന്ന ദമ്പതികള്‍ 2021ല്‍ താലിബാന്‍ അധികാരം പിടിച്ചതിനുശേഷവും രാജ്യത്തു തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഇവരുടെ സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനത്തിനു താലിബാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ അനുമതിയില്ലാതെ വിമാനം ഉപയോഗിച്ചതിനാണു ചൈനീസ്അമേരിക്കന്‍ സുഹൃത്ത് ഫയി ഹാളിനൊപ്പം അറസ്റ്റിലായത്. ഹാളിനെ മാര്‍ച്ചില്‍ മോചിപ്പിച്ചു.