കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി; ഏപ്രില്‍ 28ന് തെരഞ്ഞെടുപ്പ്; ട്രംപിനെ നേരിടാനും ഏവര്‍ക്കും അനുയോജ്യമായ പുതിയ കനേഡിയന്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും ശക്തവും അനുകൂലവുമായ ജനവിധി വേണമെന്ന് കാര്‍ണി; സര്‍വേകളില്‍ ഭരണകക്ഷി ലിബറല്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം

കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി

Update: 2025-03-24 03:03 GMT

ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ട്രംപുമായി നേരിട്ടു മുട്ടാനാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഒരുങ്ങുന്നത്. ട്രംപിനെ കടന്നാക്രമിച്ചു കൊണ്ട് നേരത്തെ രംഗത്തുവന്ന അദ്ദേഹം പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതും ട്രംപി വിരുദ്ധത വോട്ടാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ്. കാനഡയുടെ പ്രധാനമന്ത്രി പദവും ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വവും ഏറ്റെടുത്തതിന് പിന്നാലെയാണ് കാര്‍ണി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 28നാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഒക്ടോബര്‍ 20നുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരിക്കെ ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചക്കുള്ളിലാണ് മാര്‍ക്ക് കാര്‍ണി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡോണള്‍ഡ് ട്രംപിന്റെ അന്യായമായ വ്യാപാര നടപടികളും കാനഡയുടെ പരമാധികാരത്തിനെതിരായ ഭീഷണികളും കാരണം ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് മാര്‍ക്ക് കാര്‍ണി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ട്രംപിനെ നേരിടാനും ഏവര്‍ക്കും അനുയോജ്യമായ പുതിയ കനേഡിയന്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും ശക്തവും അനുകൂലവുമായ ജനവിധി വേണെന്നും നമുക്ക് മാറ്റം ആവശ്യമാണെന്നും കാര്‍ണി ചൂണ്ടിക്കാട്ടി.

അതേസമയം, പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വേകളില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം. കാനഡയെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തോടും കാനഡക്കെതിരായ തീരുവ വര്‍ധിപ്പിച്ച നടപടിയും വോട്ടാക്കി മാറ്റാനാണ് ലിബറല്‍ പാര്‍ട്ടിയുടെ ലക്ഷ്യം.

ഹൗസ് ഓഫ് കോമണ്‍സിലെ 343 സീറ്റുകളിലേക്കും ജില്ലകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് ആരംഭിച്ചിരിക്കുന്നത്. നിരവധി പാര്‍ട്ടികള്‍ മത്സര രംഗത്തുണ്ടെങ്കിലും ലിബറലുകള്‍ക്കും കണ്‍സര്‍വേറ്റീവുകള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ രൂപീകരണ സാധ്യത. ജനുവരിയില്‍ ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മാര്‍ച്ച് ഒമ്പതിന് മാര്‍ക് കാര്‍ണി പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്. 14ന് തന്നെ കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു. ഇതിന് പിന്നാലെ ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയുടെ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് കാര്‍ണി സ്വീകരിച്ചത്. 13 പുരുഷന്മാരും 11 സ്ത്രീകളും ഉള്‍പ്പെടെ 24 അംഗ മന്ത്രിസഭയാണ് രൂപീകരിച്ചത്.

മികച്ച സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് മാര്‍ക്ക് കാര്‍ണി. സ്വകാര്യ മേഖലയിലാണ് 59കാരനായ കാര്‍ണി തന്റെ തൊഴില്‍ ജീവിതം ആരംഭിച്ചത്. ഗോള്‍ഡ്മാന്‍ സാച്ചിന്റെ ലണ്ടന്‍, ടോക്കിയോ, ന്യൂയോര്‍ക്ക്, ടൊറന്റോ ഓഫിസുകളില്‍ ഒരു ദശാബ്ദത്തിലേറെ ചെലവഴിച്ചു. തുടര്‍ന്ന് കാനഡയിലേക്ക് മടങ്ങി 2003ല്‍ പൊതുസേവനത്തില്‍ പ്രവേശിച്ചു. രാജ്യത്തിന്റെ പണനയത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ബാങ്ക് ഓഫ് കാനഡയുടെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായി. അടുത്ത വര്‍ഷം ധനകാര്യത്തില്‍ മുതിര്‍ന്ന അസോസിയേറ്റ് ഡെപ്യൂട്ടി മന്ത്രിയായി. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടമായ 2008 മുതല്‍ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായി കാര്‍ണി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് അദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തി.

2013 മുതല്‍ 2020 വരെ അങ്ങനെ നിയമിക്കപ്പെട്ട ആദ്യത്തെ ബ്രിട്ടീഷുകാരനല്ലാത്ത വ്യക്തിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിട്ടതിനു ശേഷം കാലാവസ്ഥാ നടപടികളിലും ധനകാര്യത്തിലും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയായി കാര്‍ണി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

Tags:    

Similar News