ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്താന്‍ ദലൈലാമ പ്രശ്‌നം ഇന്ത്യ ദുരുപയോഗിക്കുന്നു; മതത്തിന്റെ മറവില്‍ ടിബറ്റിനെ വേര്‍പ്പെടുത്താന്‍ പരിശ്രമിക്കുന്ന ദലൈലാമയ്ക്ക് ഇന്ത്യ ഒത്താശ ചെയ്യരുതെന്നും മുന്നറിയിപ്പ്; പ്രധാനമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിലും അതൃപ്തി; പഴയ നിലപാടില്‍ അണുവിട മാറ്റില്ലാതെ ചൈന
ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്താന്‍ ദലൈലാമ പ്രശ്‌നം ഇന്ത്യ ദുരുപയോഗിക്കുന്നു;
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ മക്ലിയോഡ്ഗഞ്ചില്‍ നവതി ആഘോഷിക്കുന്ന ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേര്‍ന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന. ധരംശാലയിലെ ദലൈലാമയുടെ വസതിയിലേക്ക് മന്ത്രിമാര്‍ കൂട്ടത്തോടെ എത്തിയതും ചൈനയെ ചൊടിപ്പിച്ചു.
ടിബറ്റിനെ സംബന്ധിച്ച ചൈനയുടെ നിലപാട് സ്ഥിരതയുളളതും പരക്കെ അറിയുന്നതുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് അറിയിച്ചു. ദലൈലാമ വളരെക്കാലമായി ചൈന വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രവാസിയാണ്. മതത്തിന്റെ മറവില്‍, ഷിസാങ്ങിനെ( ചൈനയ്ക്ക് പുറത്ത് ടിബറ്റ്) വേര്‍പ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് ദലൈലാമയെന്നും അവര്‍ വിമര്‍ശിച്ചു.
ഷിസാങ്ങുമായി ബന്ധപ്പെട്ട നിര്‍ണായക പ്രശ്‌നങ്ങളില്‍, 14 ാമത്തെ ദലൈലാമയുടെ നിലപാടുകള്‍ തിരിച്ചറിഞ്ഞ് ഇന്ത്യ പ്രവര്‍ത്തിക്കണം. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ദലൈലാമ പ്രശ്‌നം ഉപയോഗിക്കുന്നുവെന്നും അതില്‍ നിന്ന് ഇന്ത്യ ഒഴിഞ്ഞുനില്‍ക്കണമെന്നും മാവോ നിങ് ആവശ്യപ്പെട്ടു. ഷിസാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യ ചൈനയ്ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കണം, വിവേകത്തോടെ പ്രവര്‍ത്തിക്കണം, ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആ വിഷയങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യയുടെ നടപടികളില്‍ ചൈന പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയാണ് ദലൈലാമയുടെ 90-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അശംസകള്‍ നേര്‍ന്നത്. സ്നേഹം, കാരുണ്യം, ക്ഷമ, ധാര്‍മ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് ദലൈലാമയെന്നും കോടിക്കണക്കിന് പേര്‍ക്ക് പ്രചോദനമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും, രാജീവ് രഞ്ജന്‍ സിംഗും ഹിമാചലിലെ ധരംശാലയിലെ ആഘോഷങ്ങളില്‍ പങ്കെടുത്തു.
130 വയസ് വരെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനു ശേഷമാവും പിന്തുടര്‍ച്ചാവകാശിയെ പ്രഖ്യാപിക്കുകയെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചൈനീസ് നിയമങ്ങള്‍ക്ക് വിധേയനായിട്ടായിരിക്കും പിന്‍ഗാമി നിയമിക്കപ്പെടുക എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചൈന.
തന്റെ മരണശേഷം പിന്‍ഗാമിയുണ്ടാകുമെന്ന് ദലൈലാമ പറഞ്ഞിരുന്നു. താന്‍ രൂപീകരിച്ച ഗാദന്‍ ഫൊഡ്രാങ് ട്രസ്റ്റ് പിന്‍ഗാമിയെ കണ്ടെത്തുമെന്നും മറ്റാര്‍ക്കും ഇടപെടാന്‍ അധികാരമില്ലെന്നും ചൈനയെ സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യ ഇടപെടരുതെന്ന് ചൈന ആവശ്യപ്പെട്ടു. ദലൈലാമയെ സ്വര്‍ണകലശത്തില്‍ നിന്ന് നറുക്കെടുത്ത് കണ്ടെത്തുമെന്നും തങ്ങളുടെ അംഗീകാരം വേണമെന്നുമാണ് ചൈനയുടെ നിലപാട്. എന്നാല്‍ ഇന്ത്യ ആ നിലപാട് തള്ളിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകാതിരിക്കാന്‍ ടിബറ്റ് സംബന്ധമായ വിഷയങ്ങളില്‍ ഇന്ത്യ ഇടപെടരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രതികരിച്ചു. ദലൈലാമ നേരിട്ട് പിന്‍ഗാമിയെ തീരുമാനിക്കണമെന്ന വികാരമാണ് അനുയായികള്‍ക്കെന്ന് കിരണ്‍ റിജിജു പറഞ്ഞു
അതേസമയം പിന്‍ഗാമിയെ നിയമിക്കാനുള്ള അധികാരം ദലൈലാമയ്ക്കാണെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയ്‌ക്കെതിരെയും നേരത്തെ ചൈന രംഗത്തെത്തിയിരുന്നു ടിബറ്റന്‍ മതനിയമനങ്ങളില്‍ അന്തിമതീരുമാനമെടുക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. ദലൈ ലാമയുടെ പിന്‍ഗാമിയെ കുറിച്ചുള്ള തീരുമാനം പ്രസ്ഥാനവും ടിബറ്റന്‍ ബുദ്ധമതക്കാരുടെ നേതാവും സ്വീകരിക്കുമെന്നും അതില്‍ മറ്റാര്‍ക്കും തന്നെ പങ്കില്ലെന്നുമായിരുന്നു കിരണ്‍ റിജിജു പറഞ്ഞത്