തുര്‍ക്കിയില്‍ നിന്ന് ഗസ്സയിലേക്ക് പുറപ്പെട്ട ഫ്രീഡം ഫ്‌ളോട്ടില ബോട്ടിന് നേരെ ഡ്രോണ്‍ ആക്രമണം; ഗ്രേറ്റ തുന്‍ബര്‍ഗും സംഘവും സഞ്ചരിച്ച ബോട്ടിന് തീപിടിച്ചെങ്കിലും ആളപായം ഇല്ല; ഗാസയ്‌ക്കെതിരായ ആക്രമണമാണ് ഉണ്ടായതെന്ന് സംഘടന

തുര്‍ക്കിയില്‍ നിന്ന് ഗസ്സയിലേക്ക് പുറപ്പെട്ട ഫ്രീഡം ഫ്‌ളോട്ടില ബോട്ടിന് നേരെ ഡ്രോണ്‍ ആക്രമണം

Update: 2025-09-09 04:53 GMT

ടുണിസ്: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗും സംഘവും സഞ്ചരിച്ചിരുന്ന ബോട്ടിന് നേര്‍ക്ക് ഡ്രോണാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. വടക്കേ ആഫ്രിക്കയുടെ തീരത്ത് നടന്ന ഒരു ഡ്രോണ്‍ ആക്രമണത്തില്‍ ബോട്ട് കത്തിനശിച്ചതായിട്ടാണ് പറയപ്പെടുന്നത്. ഗാസയിലെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി അവശ്യ സാധനങ്ങളുമായിട്ടാണ് അവര്‍ യാത്ര തിരിച്ചത്. സമാധാന ദൗത്യം എന്നാണ് ഗ്രേറ്റയും സഹപ്രവര്‍ത്തകരും തങ്ങളുടെ യാത്രയെ വിശേഷിപ്പിക്കുന്നത്. ഫാമിലി ബോട്ട് എന്നാണ് പോര്‍ച്ചുഗീസ് പതാക വഹിക്കുന്ന കപ്പലിന്റെ പേര്.

ഫ്ളോട്ടിലെ എന്ന പരിസ്ഥിതി സംഘടനയുടെ പ്രവര്‍ത്തകരാണ് ഗ്രേറ്റയുടെ നേതൃത്വത്തില്‍ കപ്പലില്‍ ഉണ്ടായിരുന്നത്. അവര്‍ക്കൊപ്പം സംഘടനയുടെ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും യാത്ര ചെയ്യുക ആയിരുന്നു. കപ്പലിലെ യാത്രക്കാരി ആയിരുന്ന യാസെമിന്‍ അകാര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സംഭവത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട്. ഫാമിലി ബോട്ട് ആക്രമിക്കപ്പെട്ടിരിക്കുന്നു എന്നും ഒരു ഡ്രോണ്‍ അതിന് തൊട്ടുമുകളില്‍ വന്നതിന് ശേഷം ബോംബിടുകയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്.

ബോട്ട് ശക്തമായി പൊട്ടിത്തെറിച്ചതായും തുടര്‍ന്ന് ബോട്ടിന് തീപിടിച്ചെങ്കിലും ആര്‍ക്കും അപകടമൊന്നും ഉണ്ടായിട്ടില്ല എന്നും അകാര്‍

വെളിപ്പെടുത്തി. തീയണയ്ക്കാന്‍ കഴിഞ്ഞതായും അവര്‍ വ്യക്തമാക്കി. ടുണീഷ്യന്‍ സമുദ്രത്തില്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ കഴിഞ്ഞ ജൂണില്‍

ഗാസയില്‍ എത്താന്‍ ശ്രമിച്ചപ്പോള്‍ ഗ്രെറ്റയ്‌ക്കൊപ്പം കസ്റ്റഡിയിലെടുത്ത പലരും ഈ കപ്പലിലും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയ്‌ക്കെതിരായ ആക്രമണമാണ് ഇതെന്നും അവര്‍ ഞങ്ങളെ അവിടെ കയറ്റാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് സംഘടന പ്രസ്താവനയില്‍ പറഞ്ഞത്.

എല്ലാവരും ഇതിനെതിരെ അണിനിരക്കണം എന്നും അവര്‍ ആഹ്വാനം ചെയ്തു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ അത് ഉടന്‍ പുറത്തുവിടുമെന്നും അവര്‍ അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു രാജ്യവും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, ഫ്ലോട്ടില്ലയുടെ വോളണ്ടിയര്‍മാരെ 'ഭീകരര്‍' എന്ന് ഇസ്രായേല്‍ മുമ്പ് വിശേഷിപ്പിച്ചിരുന്നു. അവര്‍ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം തങ്ങളുടെ ബോട്ടുകള്‍ക്ക് മുകളില്‍ നിരന്തരമായി ഡ്രോണുകള്‍ കാണപ്പെടാറുണ്ട് എന്നാണ് ഫ്ളോട്ടിലയുടെ നേതാക്കള്‍ ആരോപിക്കുന്നത്.

സ്പാനിഷ് ദ്വീപായ മെനോര്‍ക്കയില്‍ നിന്ന് ഏകദേശം 90 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ഇവരുടെ ബോട്ട്. ഗാസ മുനമ്പിലേക്കുള്ള യാത്രയില്‍, വരും ദിവസങ്ങളില്‍ ഇറ്റലിയിലെയും ടുണീഷ്യയിലെയും തുറമുഖങ്ങളില്‍ നിന്നുള്ള കൂടുതല്‍ കപ്പലുകള്‍ അവരോടൊപ്പം ചേരും.

Tags:    

Similar News