ഒരാഴ്ച ചെയ്ത ജോലിയുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫെഡറല്‍ ജീവനക്കാരെ പുറത്താക്കും; കൂട്ടപ്പിരിച്ചുവിടല്‍ ആശങ്കയില്‍ ജീവനക്കാര്‍; മസ്‌കിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി യു.എസിലെ തൊഴിലാളി സംഘടനകള്‍ രംഗത്ത്

ഒരാഴ്ച ചെയ്ത ജോലിയുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫെഡറല്‍ ജീവനക്കാരെ പുറത്താക്കും

Update: 2025-02-23 10:41 GMT

വാഷിങ്ടണ്‍: അമേരിക്കിലെ സര്‍ക്കാര്‍ ജീവനക്കാര്‍ കടുത്ത ആശങ്കയില്‍ കഴിയുകയാണ്. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ചു ഇലോണ്‍ മസ്‌ക്ക് രംഗത്തെത്തിയതോടെ എങ്ങും ആശങ്കയാണ്. ഒരാഴ്ച ചെയ്ത ജോലിയുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫെഡറല്‍ ജീവനക്കാരെ പുറത്താക്കുമെന്ന പുതിയ ഭീഷണിയുമായി ഇലോണ്‍ മസ്‌ക് രംഗത്തുവന്നു.

ജീവനക്കാര്‍ക്ക് ശനിയാഴ്ച അയച്ച ഇമെയിലിലാണ് കഴിഞ്ഞയാഴ്ച ചെയ്ത ജോലിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ മസ്‌ക് നിര്‍ദേശിച്ചത്. ഇത് ചെയ്യാതിരുന്നാല്‍ അത് രാജിയായി കണക്കാക്കുമെന്നും മസ്‌കിന്റെ ഇമെയിലിലുണ്ട്. കഴിഞ്ഞയാഴ്ച ചെയ്ത് അഞ്ച് ജോലിയെങ്കിലും ഇമെയിലൂടെ അറിയിക്കണമെന്ന് മസ്‌കിന്റെ നിര്‍ദേശമുണ്ട്. ലിങ്കുകളോ അറ്റാച്ച്‌മെന്റുകളോ മറുപടിയായി നല്‍കേണ്ടെന്നും എച്ച്.ആറിന്റെ മെയിലില്‍ നിന്നും ജീവനക്കാര്‍ക്ക് ലഭിച്ച ഇമെയിലില്‍ പറയുന്നു. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഇമെയിലുകളാണെന്ന രീതിയില്‍ റെഡ് മാര്‍ക്കോട് കൂടിയാണ് ഇവ അയച്ചിരിക്കുന്നത്.

തിങ്കളാഴ്ചക്കകം ഇമെയിലിന് മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ അത് രാജിയായി കണക്കാക്കുമെന്നും സന്ദേശത്തിലുണ്ട്. ഇമെയില്‍ ഫെഡറല്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പ്രൊബേഷനിലുള്ള ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ച് വിട്ടതിന് പിന്നാലെ ഇനിയും കൂട്ടപിരിച്ചുവിടലുണ്ടാകുമോയെന്നാണ് ജീവനക്കാരുടെ ആശങ്ക.

അതേസമയം, അവധിയിലുള്ള ജീവനക്കാര്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തത വരുത്താത്തതിലും ആശങ്കയുണ്ട്. ജീവനക്കാരെ അപമാനിക്കുന്നതാണ് മസ്‌കിന്റെ നടപടിയെന്ന വിമര്‍ശനവുമായി യു.എസിലെ തൊഴിലാളി സംഘടന രംഗത്തെത്തിയിട്ടുണ്ട്.

യുഎസ് ഗവണ്‍മെന്റിന്റെ ചെലവുകള്‍ നിയന്ത്രിച്ച് പാഴാക്കലുകള്‍ കുറയ്ക്കുന്നതിനായി ചുമതല നല്‍കിയിട്ടുള്ള മസ്‌ക്, പുതിയ രീതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രംപ് ഭരണകൂടം ഫെഡറല്‍ സ്ഥാപനങ്ങളിലെ ചെലവ് നിയന്ത്രിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഈ മാസം വെള്ളിയാഴ്ച പ്രഖ്യാപിച്ച ഏറ്റവും പുതിയ വെട്ടിക്കുറവുകള്‍ പ്രകാരം, യുഎസ് പ്രതിരോധ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ ജീവനക്കാരില്‍ കുറഞ്ഞത് അഞ്ച് ശതമാനം പേര്‍ക്ക് ജോലി നഷ്ടമാവും.

പൊതുചെലവുകള്‍ കുറയ്ക്കുക, അഴിമതി നിയന്ത്രിക്കുക, ജീവനക്കാരുടെ ഉത്പാദകക്ഷമത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഈ നീക്കമെന്ന് ട്രംപ് അധികൃതര്‍ വ്യക്തമാക്കുന്നു. ട്രംപ് സര്‍ക്കാരിന്റെ ഈ നടപടികള്‍ ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ഫെഡറല്‍ തൊഴിലാളി യൂണിയനുകള്‍ പുതിയ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ''പ്രവര്‍ത്തന വിവരങ്ങള്‍ കൈമാറാത്തതിനാല്‍ ആളുകളെ പിരിച്ചുവിടുന്നത് നിയമപരമായോ? ഇത് ജോലി സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന നടപടിയല്ലേ?'' എന്നതാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ചോദ്യം.

ഫെഡറല്‍ ജീവനക്കാരില്‍ നടക്കുന്ന വെട്ടിക്കുറവുകള്‍ രാജ്യത്തെ പൊതുജന സേവനങ്ങളെ ബാധിച്ചേക്കുമോ എന്നത് സംബന്ധിച്ചും പലരും ആശങ്ക പ്രകടിപ്പിക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഈ തീരുമാനത്തിന് എങ്ങനെ പ്രതികരണം ലഭിക്കുമെന്ന് കാലം തെളിയിക്കും.

Tags:    

Similar News