സൗദി അറേബ്യ മുന്നില്‍ നിന്നപ്പോള്‍ സിറിയക്ക് ആദ്യം കൈകൊടുത്ത് ട്രംപ്; ഇപ്പോള്‍ അമേരിക്കയുടെ വഴിയെ ഉപരോധങ്ങള്‍ നീട്ടി യൂറോപ്യന്‍ യൂണിയനും; സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിച്ചതോടെ സിറിയക്ക് വലിയ ആശ്വാസം; സമാധാനം പുനസ്ഥാപിക്കാനുള്ള നടപടിയെന്ന് യൂറോപ്യന്‍ യൂണിയന്‍

സൗദി അറേബ്യ മുന്നില്‍ നിന്നപ്പോള്‍ സിറിയക്ക് ആദ്യം കൈകൊടുത്ത് ട്രംപ്

Update: 2025-05-21 05:30 GMT

ദമാസ്‌ക്കസ്: സിറിയയുടെ മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ നീക്കം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍. സിറിയയുടെ പുനര്‍ നിര്‍മ്മാണത്തിനും സമാധാനം തിരികെ കൊണ്ട് വരാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്തുണനല്‍കുന്നതായി യൂറോപ്യന്‍ യൂണിയന്‍ വിദേശ കാര്യമേധാവി കാജ കല്ലാസ് അറിയിച്ചു.

14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം സിറിയയ്ക്കെതിരായ യുഎസ് ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്റെ നയമാറ്റമെന്നാണ് സൂചന. കഴിഞ്ഞ 14 വര്‍ഷമായി യൂറോപ്യന്‍ യൂണിയന്‍ സിറിയക്കാര്‍ക്കൊപ്പം നിലകൊണ്ടിട്ടുണ്ടുണ്ടെന്നും അത് തുടരുമെന്നും കല്ലാസ് വ്യക്തമാക്കി. സമാധാനപരമായ സിറിയ കെട്ടിപ്പടുക്കുന്നതിന് സിറിയന്‍ ജനതയെ സഹായിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയുടെ പുതിയ പ്രസിഡന്റ് അഹമ്മദ് അല്‍ ഷാര ആഴ്ചകള്‍ക്ക് മുമ്പ് പശ്ചിമേഷ്യന്‍ പര്യടനം നടത്തിയിരുന്നു. ജിസിസി രാജ്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു യാത്ര. സൗദി അറേബ്യയും യുഎഇയും ഖത്തറുമെല്ലാം സന്ദര്‍ശിച്ച അദ്ദേഹം സിറിയയിലെ പുതിയ സര്‍ക്കാരിന് സഹായം അഭ്യര്‍ഥിച്ചു. എല്ലാ സഹായവും വാഗ്ദാനം ചെയ്ത സൗദിയും ഖത്തറും സിറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കാമെന്നേറ്റു.

13 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം സിറിയയെ പൂര്‍ണമായി തകര്‍ത്തിരുന്നു. അടിസ്ഥാന സകൗര്യ വികസനമായിരുന്നു യുദ്ധാനന്തര സിറിയക്ക് ആദ്യം വേണ്ടത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ തയ്യാറായി ഖത്തര്‍ രംഗത്തുവന്നു. റോഡും മറ്റു സൗകര്യവുമൊരുക്കാനും നടപടിയായി. ലോകബാങ്കിനുള്ള കടം തീര്‍ക്കാന്‍ സൗദി തയ്യാറായി. സിറിയക്ക് ഇനിയും മുന്നോട്ട് കുതിക്കാന്‍ ഉപരോധം നീക്കണണെന്നും പുതിയ ഭരണകൂടം ആവശ്യപ്പെട്ടു. ട്രംപിന്റെ സൗദി സന്ദര്‍ശനത്തില്‍ സുപ്രധാന തീരുമാനവും ഉണ്ടായി. അമേരിക്ക ഉപരോധം നീക്കിയതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയനും സിറിയക്ക് മേലുള്ള ഉപരോധം നീക്കുന്നത്.

സിറിയയുടെ ഫണ്ട് മരവിപ്പിക്കല്‍, ആയുധ ഇടപാട് തടയല്‍, വിദേശ സഹായം നിര്‍ത്തിവയ്ക്കല്‍ തുടങ്ങി വിവിധ തലങ്ങള്‍ സ്പര്‍ശിക്കുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഉപരോധം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതെല്ലാം തീര്‍ന്നിരിക്കയാണ്. അമേരിക്ക ഉപരോധം നീക്കിയ പിന്നാലെ യൂറോപ്യന്‍ യൂണിയനും അനുകൂല സമീപനം സ്വീകരിക്കുകയാണ്. സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ യൂണിയന്‍ തീരുമാനിച്ചുവെന്ന് നയതന്ത്ര പ്രതിനിധികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 27 അംഗ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് യൂറോപ്യന്‍ യൂണിയന്‍. ഉപരോധം നീക്കിയത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യൂണിയന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമുണ്ടാകും.

യൂറോപ്പിലെ രാജ്യങ്ങള്‍ സിറിയയിലെ പുതിയ സര്‍ക്കാരിനെ അംഗീകരിച്ചാല്‍ അത് മറ്റൊരു നാഴികകല്ലാകും. സൗദി അറേബ്യയുടെ ആവശ്യം പരിഗണിച്ചാണ് യൂറോപ്പും അമേരിക്കക്ക് സമാനമായ നടപടി സ്വീകരിക്കുന്നതത്രെ. ബശ്ശാറുല്‍ അസദ് രാജ്യം വിട്ട ശേഷം സിറിയയില്‍ പലയിടത്തായി അക്രമം നടന്നിരുന്നു. അസദിന്റെ അലവി വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു എന്നും വാര്‍ത്തകള്‍ വന്നു. ഇത്തരം സംഭവത്തിലെ പ്രതികള്‍ക്കെതിരെ മാത്രമായി യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പരിമിതപ്പെടുത്തിയേക്കും.

സിറിയക്കെതിരെ ലോകം അനുകൂല സമീപനം സ്വീകരിക്കുമ്പോള്‍ ആശങ്ക ഇസ്രായേലിനാണ്. ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ ഫ്രാന്‍സും ജര്‍മനിയും കാനഡയും രംഗത്തുവന്നിട്ടുണ്ട്. ഈ വേളയില്‍ തന്നെയാണ് അയല്‍ രാജ്യമായ സിറിയക്കെതിരായ ഉപരോധം നീങ്ങുന്നതും. 1967ലെ യുദ്ധത്തില്‍ സിറിയയില്‍ നിന്ന് ഇസ്രായേല്‍ പിടിച്ചടക്കിയ ഗൊലാന്‍ കുന്നിലാണ് സിറിയയിലെ നിലവിലെ പ്രസിഡന്റ് അഹമ്മദ് അല്‍ ഷര്‍ആ ജനിച്ചതും വളര്‍ന്നതും. യുദ്ധ പശ്ചാത്തലത്തില്‍ പിന്നീട് പലായനം ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.

കഴിഞ്ഞ പതിമൂന്നു വര്‍ഷത്തെ ആഭ്യന്തരയുദ്ധം കാരണം തകര്‍ന്നു തരിപ്പണമായ സിറിയയുടെ പുനര്‍നിര്‍മാണത്തിന് വഴി തെളിയുകയാണ്. മാത്രമല്ല, മധ്യപൂര്‍വേഷ്യയിലെ ശാക്തിക ബലാബലത്തെ ഇത് മാറ്റിമറിക്കുകയും ചെയ്യും. മധ്യപൂര്‍വേഷ്യയിലെ ഏറ്റവും പ്രമുഖ ശക്തികളായ ഇറാനും ഇസ്രയേലും അമേരിക്കന്‍ തീരുമാനത്തില്‍ അസന്തുഷ്ടരാണ്. മേഖലയിലെ മറ്റൊരു പ്രബലശക്തിയായ തുര്‍ക്കിക്കും ഇത് ശുഭവാര്‍ത്തയല്ല. സൗദി അറേബ്യയ്ക്ക് മേഖലയില്‍ ഉണ്ടായ മുന്‍തൂക്കമാണ് കാരണം. സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പുകഴ്ത്തിയ ട്രംപ് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഉപരോധം നീക്കിയതെന്ന് വ്യക്തമാക്കിയിരുന്നു.

മുസ്ലിം ലോകത്തിന്റെ നായകത്വത്തിനു വേണ്ടിയുള്ള ത്രികോണപ്പോരാട്ടത്തില്‍ ഏറെ മുന്നിലാണ് സൗദിയുടെ ഈ സ്ഥാനക്കയറ്റം. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യമുള്ള തങ്ങള്‍ക്കാണ് മുസ്ലിം രാജ്യങ്ങളെ നയിക്കാന്‍ അവകാശമെന്ന രീതിയിലാണ് സമീപകാലത്ത് തുര്‍ക്കി ഇടപെടുന്നത്. ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള അതിര്‍ത്തി തര്‍ക്കമോ ശത്രുതയോ ഒന്നുമില്ലെങ്കിലും പരസ്യമായ ഇന്ത്യാവിരുദ്ധ നിലപാടുകളാണ് അവര്‍ ഈയിടെയായി സ്വീകരിക്കുന്നത്. ഉപരോധം നീക്കുന്നതു സംബന്ധിച്ച് തുര്‍ക്കിയും സൗദിയുമായി ട്രംപ് സംസാരിച്ചിരുന്നു. സൗദിയാകട്ടെ, അമേരിക്കയുമായി 142 ബില്യന്‍ ഡോളറിന്റെ ആയുധം വാങ്ങാനും 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്താനുമുള്ള കരാറുകള്‍ ഒപ്പുവെച്ച ശേഷമാണ് ഉപരോധം നീക്കിയത്. ഇറാനും തുര്‍ക്കിയുമൊന്നും ചിന്തിക്കാത്ത തുകയുടെ നിക്ഷേപം.

എന്തായാലും ഉപരോധം നീക്കാനുള്ള യു.എസ് തീരുമാനം സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായ വന്‍വിജയമാണ്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായി അവര്‍ മാറിയിരിക്കുന്നു. ദീര്‍ഘകാലമായി ഇറാന്റെ പ്രാദേശിക വന്‍ശക്തി മോഹങ്ങള്‍ക്ക് തടയിടാന്‍ ശ്രമിച്ചിരുന്ന സൗദിക്ക് ഇനി സിറിയയെ ഇറാന്റെ ഭ്രമണപഥത്തില്‍ നിന്നും അടര്‍ത്തിമാറ്റി തങ്ങളിലേക്ക് അടുപ്പിക്കാന്‍ സാഹചര്യമൊരുങ്ങും. സിറിയയുടെ പുനര്‍നിര്‍മാണത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയും, പ്രത്യേകിച്ച് ഊര്‍ജ്ജ അടിസ്ഥാന സൗകര്യഘടന മേഖലകളില്‍. അതായത്, ഇറാന്‍ നയിക്കുന്ന പ്രതിരോധ അച്ചുതണ്ടിലെ പ്രധാനികളില്‍ ഒരാളായിരുന്ന സിറിയയെ അമേരിക്ക- ഗള്‍ഫ് സഖ്യത്തിന്റെയും അറബ് രാജ്യങ്ങളുടെ കൂട്ടായ്മയുടെയും ഭാഗമാക്കാന്‍ സാധിക്കും.

Tags:    

Similar News