ട്രംപ് തുടങ്ങിവെച്ച തീരുവ യുദ്ധം ലോകത്തെ പ്രതിസന്ധിയിലാക്കുന്നു; സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് അമേരിക്ക 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അതേവഴിയിയില്‍ യൂറോപ്പ്യന്‍ യൂണിയനും; തീരുവ 2800 കോടി ഡോളറിന്റെ യുഎസ് ഉല്‍പന്നങ്ങള്‍ക്ക്; പകരത്തിന് പകരം ലൈനില്‍ നീങ്ങുമ്പോള്‍ ആഗോള വ്യാപാരമേഖലയില്‍ യുദ്ധസാഹചര്യം

ട്രംപ് തുടങ്ങിവെച്ച തീരുവ യുദ്ധം ലോകത്തെ പ്രതിസന്ധിയിലാക്കുന്നു

Update: 2025-03-13 01:06 GMT

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച തീരുവ പ്രഖ്യാപനം ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കും. ഈ നിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്. അമേരിക്കയുടെ തീരുവ പോളിസിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കാനാണ് മറ്റു ലോകരാജ്യങ്ങളുടെയും തീരുമാനം. ഇതോടെ ആഗോള വ്യാപാരമേഖലയില്‍ യുദ്ധസാഹചര്യമാണ് നിലനില്‍ക്കുന്നത്.

സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ അമേരിക്കയുടെ മേല്‍ യൂറോപ്യന്‍ യൂണിയന്‍ പകരം തീരുവ (കൗണ്ടര്‍ താരിഫ്) ഏര്‍പ്പെടുത്തി. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 26 ബില്യന്‍ യൂറോ (2800 കോടി ഡോളര്‍) മൂല്യം വരുന്ന ഉല്‍പന്നങ്ങള്‍ക്കു പകരം തീരുവ ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയന്‍ പറഞ്ഞു.

നിലവില്‍ ഇത്രയും തുകയ്ക്കുള്ള ഉല്‍പന്നങ്ങളാണ് പ്രതിവര്‍ഷം യൂറോപ്യന്‍ യൂണിയന്‍ യുഎസിലേക്കു കയറ്റുമതി ചെയ്യുന്നത്. വിവിധ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനുമുള്ള പ്രത്യേക തീരുവ ഏപ്രില്‍ 2 മുതലാണു യുഎസ് നടപ്പാക്കുക. എന്നാല്‍, ഏപ്രില്‍ ഒന്നിനു തന്നെ യുഎസിനുള്ള തീരുവയിളവ് പിന്‍വലിക്കുമെന്നു യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

അതേസമയം, തീരുവ വര്‍ധന വ്യവസായ മുരടിപ്പുണ്ടാകുമെന്ന മുന്നറിയിപ്പുമായി വന്‍ കോര്‍പറേറ്റുകള്‍ രംഗത്തെത്തി. ഈ വര്‍ഷം തന്നെ അമേരിക്ക സാമ്പത്തികമാന്ദ്യത്തിലേക്കു പോകാനുള്ള സാധ്യത 40 ശതമാനത്തോളം ഉണ്ടെന്നാണ് ജെപി മോര്‍ഗന്‍ മുന്നറിയിപ്പു നല്‍കുന്നത്. ട്രംപിന്റെ നികുതി ഭീഷണ ഇന്ത്യക്കെതിരെയും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയും അമേരിക്കയിലേക്ക് അലുമിനിയവും സ്റ്റീലും കയറ്റി അയയ്ക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്റെ തീരുവ വര്‍ധന തീരുമാനം ഇന്ത്യെയും ബാധിക്കും. ഉയര്‍ന്ന തീരുവ 43,500 കോടി രൂപയുടെ എന്‍ജിനീയറിങ് ഉല്‍പന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കുമെന്ന് എന്‍ജിനീയറിങ് എക്‌സ്‌പോര്‍ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഇഇപിസി) ചൂണ്ടിക്കാട്ടുന്നു.

അതിനിടെ തീരുവ യുദ്ധം മുറുകവേ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ വീണ്ടും യുഎസ് സന്ദര്‍ശിച്ചേക്കും. ഏതാനും ദിവസം മുന്‍പാണ് ആദ്യ റൗണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കി മന്ത്രി തിരിച്ചെത്തിയത്. യുഎസിന്റെ വ്യാപാരയുദ്ധം മൂലമുള്ള പ്രത്യാഘാതം ലഘൂകരിക്കുന്നതിന്റെ ഭാഗമാണു രണ്ടാം സന്ദര്‍ശനമെന്നാണു സൂചന. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന തീരുവ കുറയ്ക്കാന്‍ ഇന്ത്യ തയാറായിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.

എന്നാല്‍, അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യ ഉയര്‍ന്ന തീരുവയാണ് ഈടാക്കുന്നതെന്നും ഇത് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചിട്ടുണ്ടെന്നുമാണ് ട്രംപ് നേരത്തെ പറഞ്ഞത്. ഭൂരിഭാഗം ലോകരാജ്യങ്ങളും അമേരിക്കയില്‍നിന്ന് അന്യായമായ തീരുവയാണ് ഈടാക്കുന്നതെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. ഏപ്രില്‍ രണ്ടാം തീയതി മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് പകരത്തിന് പകരം തീരുവ ഈടാക്കുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്.

ഇന്ത്യ നമ്മളില്‍നിന്ന് വന്‍തോതിലാണ് തീരുവ ഈടക്കുന്നത്. വളരെ ഭീമമായത്. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കഴിഞ്ഞ ദിവസവും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യം ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ തീരുവ കുറയ്ക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രംപിന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍, ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യ യാതൊരു ഉറപ്പും ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്ററി പാനലിനെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രംപ് ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സെപ്റ്റംബര്‍ മാസം വരെ സമയം ചോദിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന ഉഭയകക്ഷി വ്യാപാര കരാര്‍ ഒരുക്കുന്നതിനുള്ള നീക്കത്തിലാണ് ഇന്ത്യയും അമേരിക്കയുമെന്നാണ് ഇന്ത്യയുടെ വാണിജ്യ സെക്രട്ടറിയായ സുനില്‍ ബര്‍ത്ത്വാള്‍ അഭിപ്രായപ്പെട്ടത്. തീരുവ സംബന്ധിച്ച ധാരണയ്ക്ക് പുറമെ, ദീര്‍ഘകാലത്തേക്കുള്ള വ്യാപാരബന്ധമാണ് ഈ കരാറിലൂടെ രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങള്‍ അമേരിക്കയോട് അന്യായമായി തീരുവ ഈടാക്കുന്നുവെന്ന് യു.എസ്. കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത സംസാരിക്കവെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകളായി മറ്റ് രാജ്യങ്ങള്‍ നമുക്കെതിരേ തീരുവ ചുമത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്കെതിരേ നമ്മളും പകരത്തിന് പകരം എന്ന നിലയില്‍ തീരുവ ചുമത്താന്‍ തുടങ്ങുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ചില രാജ്യങ്ങള്‍ യു.എസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവരെല്ലാം കൂടുതല്‍ തീരുവയാണ് ചുമത്തുന്നത്. ഇന്ത്യ 100% ആണ് തീരുവ ചുമത്തുന്നത്. ഇത് അനീതിയാണ്. അംഗീകരിക്കാനാവില്ല. ഇനി യു.എസും തീരുവ ചുമത്തും. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങും. ഏപ്രില്‍ ഒന്നിന് തുടങ്ങണമെന്നായിരുന്നു ആഗ്രഹമെന്നും അന്ന് വിഡ്ഢി ദിനമായതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നുവെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags:    

Similar News