റഷ്യയെയും പുടിനെയും പേടിച്ച് പ്രതിരോധ ബജറ്റ് ഉയര്‍ത്താന്‍ ഫ്രാന്‍സും; പ്രതിരോധ ചെലവ് അടുത്ത വര്‍ഷം 3.5 ബില്യണ്‍ പൗണ്ടായി വര്‍ദ്ധിപ്പിക്കമെന്ന് മാക്രോണ്‍; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ സ്വാതന്ത്ര്യം വലിയ ഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നതെന്നും ഫ്രഞ്ച് പ്രസിഡന്റ്
റഷ്യയെയും പുടിനെയും പേടിച്ച് പ്രതിരോധ ബജറ്റ് ഉയര്‍ത്താന്‍ ഫ്രാന്‍സും
പാരീസ്: പ്രതിരോധ ചെലവില്‍ വലിയ വര്‍ദ്ധനവ് വരുത്തുന്നതിനുള്ള പദ്ധതികളുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പദ്ധതിയുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ സ്വാതന്ത്ര്യം ഇതുവരെ നേരിടാത്ത വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി. വളരെ സങ്കീര്‍ണമായ ഒരു ഭൗമയുദ്ധത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നതെന്നും അദ്ദേഹം പാരീസില്‍ സായുധ സേനയെ അഭിസംബോധന ചെയ്ത് കൊണ്ട് ചൂണ്ടിക്കാട്ടി.
ഫ്രാന്‍സിന്റെ പ്രതിരോധ ചെലവ് അടുത്ത വര്‍ഷം 3.5 ബില്യണ്‍ പൗണ്ടായി വര്‍ദ്ധിപ്പിക്കുമെന്നും തുടര്‍ന്ന് 2027ല്‍ മൂന്ന് ബില്യണ്‍ പൗണ്ട് കൂടി വര്‍ദ്ധിപ്പിക്കുമെന്നും മാക്രോണ്‍ വ്യക്തമാക്കി. റഷ്യയെ പരോക്ഷമായി പരാമര്‍ശിച്ച് കൊണ്ട്
അദ്ദേഹം സാമ്രാജ്യത്വ നയങ്ങളേയും മറ്റ് രാജ്യങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ നടത്തുന്ന നീക്കങ്ങളേയും അപലപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി റഷ്യ യുക്രൈനില്‍ നടത്തുന്ന യുദ്ധത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
2027 ആകുമ്പോഴേക്കും ഫ്രാന്‍സിന്റെ സൈനിക ബജറ്റ് ഇരട്ടിയാക്കുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചു. നേരത്തേ പദ്ധതിയിട്ടിരുന്നതിനേക്കാള്‍ മൂന്ന് വര്‍ഷം മുമ്പാണ് ഇക്കാര്യം പൂര്‍ത്തിയാകുന്നത് എന്നാണ് മാക്രോണ്‍ അവകാശപ്പെടുന്നത്. 2017 ല്‍ ഫ്രാന്‍സിന്റെ പ്രതിരോധ ബജറ്റ് 32 ബില്യണ്‍ യൂറോയായിരുന്നു. നിലവിലെ പദ്ധതികള്‍ പ്രകാരം രണ്ട് വര്‍ഷത്തിനുള്ളില്‍ 64 ബില്യണ്‍ യൂറോയായി ഇത് ഉയരും.
എന്നാല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഇനിയും ഇതിന് അംഗീകാരം നല്‍കേണ്ടതുണ്ട്. ഇറാനില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധവും ഉക്രെയ്നിനുള്ള അമേരിക്കന്‍ പിന്തുണയിലെ ഉയര്‍ച്ച താഴ്ചകളും അദ്ദേഹം പരാമര്‍ശിച്ചു. കഴിഞ്ഞ മാസം, നാറ്റോ സഖ്യ കക്ഷികള്‍ പ്രതിരോധത്തിനായി അവരുടെ ജി.ഡി.പി യുടെ 5% ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നു. നേരത്തേ ഇത് രണ്ട് ശതമാനമായിരുന്നു.
ഫ്രഞ്ച് സൈനിക മേധാവി തിയറി ബര്‍ഖാര്‍ഡ് കഴിഞ്ഞ ദിവസം റഷ്യ ഫ്രാന്‍സിനെ യൂറോപ്പിലെ അവരുടെപ്രധാന എതിരാളിയായി കാണുന്നതായി പറഞ്ഞിരുന്നു. ഫ്രാന്‍സിന്റെ പ്രതിരോധ ബജറ്റില്‍ വ്യാഴാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പുടിന് മുന്നില്‍ ദുര്‍ബലനാകരുതെന്ന് കഴി്ഞ്ഞ ദിവസം മാക്രോണ്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.