യഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടണം; ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന മര്‍വാന്‍ ബര്‍ഗൂതിയെയും, അഹ്‌മദ് സാദത്തിനെയും മോചിപ്പിക്കണം; ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരം ആവശ്യപ്പെട്ട ഫലസ്തീന്‍ തടവുകാരുടെ പട്ടിക കൈമാറി ഹമാസ്; ഗസ്സ സമാധാന ചര്‍ച്ചയില്‍ ഹമാസിനടക്കം പ്രതീക്ഷകള്‍; ഉന്നത യുഎസ് പ്രതിനിധികളും ഈജിപ്റ്റ് ചര്‍ച്ചയില്‍
ഗസ്സ സമാധാന ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍
ഷാം എല്‍ ഷെയ്ഖ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ഇസ്രായേല്‍-ഹമാസ് ചര്‍ച്ചകള്‍ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍, ഉന്നത അമേരിക്കന്‍ പ്രതിനിധികളും മേഖലയിലെ പ്രമുഖരും പങ്കുചേര്‍ന്നു.
യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകനും മുന്‍ പശ്ചിമേഷ്യ ഉപദേഷ്ടാവുമായ ജാരെഡ് കുഷ്‌നറും ഷാം എല്‍ ഷെയ്ഖില്‍ എത്തിച്ചേര്‍ന്നു. ഖത്തര്‍ പ്രധാനമന്ത്രിയും തുര്‍ക്കി രഹസ്യാന്വേഷണ മേധാവിയും ഇവര്‍ക്കൊപ്പം ചര്‍ച്ചകളില്‍ പങ്കാളികളായി.
ചര്‍ച്ചകളോട് തങ്ങള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും, ബന്ദികള്‍ക്ക് പകരമായി വിട്ടയയ്‌ക്കേണ്ട ഫലസ്തീന്‍ തടവുകാരുടെ പട്ടിക കൈമാറിയെന്നും മുതിര്‍ന്ന ഹമാസ് നേതാവ് താഹെര്‍ അല്‍ -നുനു ബിബിസിയോട് പറഞ്ഞു. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കം ചെയ്യാനാണ് മധ്യസ്ഥര്‍ പരിശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലി മാധ്യമങ്ങള്‍ ജാഗ്രതയോടെയുളള ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചപ്പോള്‍, 'നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ്' ട്രംപും പ്രകടിപ്പിച്ചത്. ചര്‍ച്ചകളുടെ ആദ്യ രണ്ട് ദിവസങ്ങളില്‍, രണ്ട് വര്‍ഷമായി തുടരുന്ന ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, ഇസ്രയേല്‍ സേനയുടെ പിന്മാറ്റം, ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഫലസ്തീന്‍ തടവുകാരെ വിട്ടയക്കല്‍ എന്നിവയാണ് ചര്‍ച്ച ചെയ്തത്.
ബധനാഴ്ച രാവിലെയാണ് വിറ്റ്‌കോഫും കുഷ്‌നറും ഷാം എല്‍ ഷെയ്ഖില്‍ എത്തിയത്. അവരുടെ വരവ് 'വളരെ പ്രോത്സാഹജനകമാണെന്നും, യുദ്ധം അവസാനിപ്പിക്കാന്‍ ശക്തമായ സന്ദേശവുമായാണ് എത്തിയതെന്നും' ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി വിശേഷിപ്പിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തന്ത്രപ്രധാന കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി റോണ്‍ ഡെര്‍മര്‍ ഉച്ചയോടെ ഇസ്രായേലി പ്രതിനിധികളെ നയിക്കാന്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഹമാസിന്റെ ആവശ്യങ്ങള്‍
ഗസ്സയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ഹമാസ് തങ്ങളുടെ നിര്‍ണ്ണായക ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചു. കൊല്ലപ്പെട്ട ഹമാസ് നേതാക്കളായ യഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്നതും, പ്രമുഖ ഫലസ്തീനിയന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതിയെയും, അഹ്‌മദ് സാദത്തിനെയും മോചിപ്പിക്കണമെന്നതും ഇതില്‍ പ്രധാനമാണ്.
ഫലസ്തീന്‍ അതോറിറ്റി അദ്ധ്യക്ഷന്‍ മഹ്‌മൂദ് അബ്ബാസിന്റെ പിന്‍ഗാമിയായി കണക്കാക്കുന്ന നേതാവാണ് മര്‍വാന്‍ ബര്‍ഗൂതി. 2004 ല്‍ അഞ്ച് ഇസ്രയേലികള്‍ കൊല്ലപ്പെട്ട ആക്രമണങ്ങളുമായി ബന്ധപ്പെട്ട ആസൂത്രണത്തിന്റെ പേരില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന ആളാണ് മര്‍വാന്‍ ബര്‍ഗൂതി.
പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പാലസ്റ്റീന്‍ നേതാവായ സാദത്ത് 2008 മുതല്‍ 30 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട് ജയിലിലാണ്. 2001 ല്‍ ഒരു ഇസ്രയേലി മന്ത്രിയുടെ കൊലപാതകത്തില്‍ അടക്കം നിരവധി ആക്രമണങ്ങളില്‍ ഉള്‍പ്പെട്ട നേതാവാണ്. ഇവരടക്കമടമുള്ള ഫലസ്തീന്‍ തടവുകാര്‍ക്ക് പകരം 48 ബന്ദികളെയാണ് ഹമാസ് വിട്ടയയ്‌ക്കേണ്ടത്. ഇവരില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവെച്ച 20 ഇന ഗാസ സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് നിലവിലെ ചര്‍ച്ചകള്‍ നടക്കുന്നത്. ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കുക, പലായനം ചെയ്ത ഫലസ്തീനികളെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുക, ബന്ദി കൈമാറ്റം, ഗസ്സയിലേക്ക് ഭക്ഷണത്തിനും മാനുഷിക സഹായത്തിനും നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം, സമ്പൂര്‍ണ്ണ പുനര്‍നിര്‍മ്മാണ പ്രക്രിയ എന്നിവയാണ് ഹമാസ് ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റു പ്രധാന കാര്യങ്ങള്‍.
ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുലത്തിയുടെ അഭിപ്രായത്തില്‍, ഗസ്സ യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടലില്‍ ചര്‍ച്ചകള്‍ ശുഭമായി അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, സ്ഥിരമായ വെടിനിര്‍ത്തലിനും വ്യവസ്ഥകള്‍ പാലിക്കുമെന്നും ഇസ്രായേല്‍ രേഖാമൂലം സമ്മതം അറിയിക്കണമെന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പേരുകളുടെ പട്ടിക കൈമാറിയതായും ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.