അഞ്ച് പേരുടെ ജീവനെടുത്ത ക്രിസ്തുമസ് മാര്‍ക്കറ്റ് ആക്രമണത്തില്‍ ജര്‍മന്‍ ജനതയുടെ രോഷം തെരുവില്‍; കുടിയേറ്റ പോളിസിയില്‍ മാറ്റം വേണെന്ന മറുവിളി ശക്തം; ഇസ്ലാമിക വിരുദ്ധനായ സൗദി വംശജന്റെ മനോനില വിട്ട ആക്രമണം കുടിയേറ്റക്കാര്‍ക്ക് വന്‍ പാരയാകും

Update: 2024-12-22 12:00 GMT

ബെര്‍ലിന്‍: ഒന്‍പത് വയസുള്ള കുട്ടി അടക്കം അഞ്ച് പേരുടെ ജീവനെടുത്ത ക്രിസ്മസ് മാര്‍ക്കറ്റിലെ അക്രമണത്തില്‍ ജര്‍മന്‍ ജനതയുടെ രോഷം തെരുവില്‍. ആക്രമണത്തെ തുടര്‍ന്ന് ഫാര്‍ റൈറ്റ് സമരക്കാരാണ് തെരുവിലിറങ്ങി പ്രതിഷേധം നടത്തുന്നത്. കുടിയേറ്റ നയം മാറ്റണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 1000 ത്തില്‍ അധികം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇസ്‌ളാമിക വിരൃദ്ധനായ സൗദി വംശജന്റെ മനോനില വിട്ട ആക്രമണം കുടിയേറ്റക്കാര്‍ക്ക് വന്‍ പാരയാകും.

2015ല്‍ അന്നത്തെ ചാന്‍സലര്‍ ആങ്കെല മെര്‍ക്കല്‍ നടപ്പാക്കിയ 'ഓപ്പണ്‍ ഡോര്‍ നയം', 10 ലക്ഷം കുടിയേറ്റക്കാര്‍ക്ക് ജര്‍മനിയില്‍ അഭയം ലഭിക്കാന്‍ വഴിയൊരുക്കിയതായിരുന്നു. ഈ നയത്തിനെതിരായ വിമര്‍ശനങ്ങള്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഉയരുന്നുണ്ടെങ്കിലും, ഈ ആക്രമണം കുടിയേറ്റ നയത്തെ കേന്ദ്രവിഷയമാക്കി വീണ്ടും ചര്‍ച്ചയിലാക്കി.

ഈ സംഭവത്തെ തുടര്‍ന്ന് രാഷ്ട്രീയ പ്രത്യാഘാതവും ശക്തമാകുകയാണ്. ഫാര്‍ റൈറ്റ് പാര്‍ട്ടികളായ എഎഫ്ഡിയും കൂടാതെ ഇടതുപക്ഷത്തെ ബിഎസ്ഡബ്‌ള്യു പാര്‍ട്ടിയും ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ക്ക് ചാന്‍സലര്‍ ഓലഫ് ഷോള്‍സിന്റെ ഭരണകൂടത്തെ വിമര്‍ശിച്ചു. സുരക്ഷാ സംവിധാനങ്ങളുടെ പുനര്‍ നിര്‍മ്മാണം അടിയന്തരമായി നടത്തണമെന്നും ബുണ്ടസ്റ്റാഗില്‍ പ്രത്യേക സമ്മേളനം നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുടിയേറ്റക്കാരെ ഈ ഒരു ഒറ്റ കേസിന്റെ അടിസ്ഥാനത്തില്‍ നിരാകരിക്കുന്നത് തെറ്റാണെന്ന അഭിപ്രായവും ശക്തമാണ്.

ചാന്‌സലര്‍ ഷോള്‍സിന്റെ നേതൃത്വത്തില്‍ മാഗ്ഡെബര്‍ഗ് കത്തീഡ്രലില്‍ പ്രാര്‍ത്ഥനാ സമ്മേളനം നടന്നു. 'വൈരത്തിനുമപ്പുറം നമ്മുടെ കൂട്ടായ്മ ശക്തമാക്കണം,' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നിരുന്നാലും, ആക്രമണത്തിന്റെ വിശദാംശങ്ങള്‍, ഓര്‍ക്കണ്ട സുരക്ഷാ വീഴ്ചകളും, ജര്‍മനിയിലെ കുടിയേറ്റ നയം പുനപരിശോധിക്കേണ്ട ആവശ്യം കൂടി ശക്തമായി മുന്നോട്ടുവന്നിട്ടുണ്ട്.

ഡിസംബര്‍ 20 ന്, മാഗ്ഡെബര്‍ഗിലെ തിരക്കേറിയ ഒരു ക്രിസ്ത്മസ് വിപണിയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയായിരുന്നു ആക്രമണം. ഇതില്‍ ചുരുങ്ങിയത് 250 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുമുണ്ട്. ആക്രമണം നടത്തിയ സൗദി പൗരനായ ഡോക്ടര്‍ അറസ്റ്റിലായിട്ടുണ്ട്.

അന്‍പതുകാരനായ ഡോക്ടറെ ചോദ്യം ചെയ്തുവരികയാണെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. തലേബ് എ എന്നാണ് ഇയാളുടെ പേരെന്ന് പല ജര്‍മ്മന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടുന്നതിനാലാണ് ഇയാളുടെ പേരിന്റെ അവസാന ഭാഗം പുറത്തു വിടാത്തത്. മനശ്ശാസ്ത്രത്തിലും ഫിസിയോതെറാപിയിലും സ്‌പെഷലൈസ് ചെയ്ത വ്യക്തിയാണ് ഇയാള്‍ എന്നും പ്രാദേശിക മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.

സൗദി അറേബ്യയില്‍ നിന്നും ഒരു അഭയാര്‍ത്ഥിയായി 2006 ല്‍ ജര്‍മ്മനിയിലെത്തിയ ഇയാള്‍, അന്നു മുതല്‍ മാഗ്ഡെബര്‍ഗില്‍ നിന്നും 25 മൈല്‍ തെക്ക് മാറിയുള്ള ബേണ്‍ബര്‍ഗില്‍ താമസിച്ച് മെഡിസിന്‍ പ്രാക്റ്റീസ് ചെയ്ത് വരിക്യായിരുന്നു. 2013 ല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുമെന്ന് ഭീഷണി മുഴക്കി പൊതു സമാധാനം തകര്‍ത്തതിന് ഇയാള്‍ വിചാരണ ചെയ്യപ്പെട്ടിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാല്‍ അഭയത്തിനായി അപേക്ഷിക്കുകയും നാല് മാസം കഴിഞ്ഞപ്പോള്‍ അഭയാര്‍ത്ഥി പദവി ലഭിക്കുകയും ചെയ്തു.

സൗദി അറേബ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികളോടുള്ള ജര്‍മ്മനിയുടെ സമീപനത്തിലുള്ള അതൃപ്തിയാകാം കാരണമെന്ന് അധികൃതര്‍ പറയുമ്പോഴും, ആക്രമണത്തിനുള്ള യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ല. ഒരു മുന്‍ മുസ്ലീം എന്നവകാശപ്പെടുന്ന ഇയാള്‍, സ്ഥിരമായി ഇസ്ലാമിക വിരുദ്ധ ട്വീറ്റുകള്‍ ഫോര്‍ഡേഡ് ചെയ്യാറുണ്ട്. മതത്തെ നിശിതമായി വിമര്‍ശിച്ചും മതം വിടുന്ന വിശ്വാസികളെ അഭിനന്ദിച്ചും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ ഇടാറുണ്ട്. യൂറോപ്പിലെ ഇസ്ലാമികവത്കരണം തടയുന്നതില്‍ പരാജയപ്പെടുന്നു എന്ന് ഇയാള്‍ ജര്‍മ്മന്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കാറുമുണ്ട്.

ജര്‍മ്മന്‍ അധികൃതരുമായി തന്റെ സഹപ്രവര്‍ത്തകര്‍ നിരന്തര സമ്പര്‍ക്കം പൂലര്‍ത്തുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ അറിയിച്ചു. ഏതായാലും ഈ ആക്രമണം ജര്‍മ്മനിയെ ആകെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പല പട്ടണങ്ങളിലും ഈ വാരാന്ത്യത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ക്രിസ്ത്മസ് വിപണികള്‍ റദ്ദാക്കിയിട്ടുമുണ്ട്.

Tags:    

Similar News